രഞ്ജിയില്‍ കേരളത്തിന് ചരിത്രവിജയം; ബംഗാളിനെ എറിഞ്ഞിട്ടു

കൊൽക്കത്ത > രഞ‌്ജി ട്രോഫി ക്രിക്കറ്റിൽ അത്ഭുതപ്രകടനം തുടരുന്ന കേരളം മുൻ ചാമ്പ്യന്മാരായ ബംഗാളിനെയും തകർത്തു. കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ പേസിനെ തുണയ‌്ക്കുന്ന പിച്ചിൽ ഒമ്പത‌് വിക്കറ്റിനായിരുന്നു കേരളത്തിന്റെ ഉശിരൻ ജയം. തുടർച്ചയായ രണ്ടാംജയത്തോടെ ഗ്രൂപ്പ‌് ബിയിൽ 13 പോയിന്റുമായി കേരളം ഒന്നാമതെത്തി.
മൂന്നുദിനംകൊണ്ടാണ‌് കേരളം ബംഗാളിനെ വീഴ‌്ത്തിയത‌്. 41 റണ്ണായിരുന്നു കേരളത്തിന്റെ വിജയലക്ഷ്യം. ജലജ‌് സക‌്സേനയുടെ (26) വിക്കറ്റ‌് നഷ്ടത്തിൽ കേരളം ഈ സ‌്കോർ എളുപ്പത്തിൽ മറികടന്നു. 16 റണ്ണോടെ ബി എ അരുൺ കാർത്തിക്കും രണ്ടു റണ്ണുമായി രോഹൻ പ്രേമും പുറത്താകാതെ നിന്നു. ബംഗാളിന്റെ രണ്ടാം ഇന്നിങ‌്സ‌് 184നാണ‌് അവസാനിച്ചത‌്. ഒന്നാം ഇന്നിങ‌്സിൽ സെഞ്ചുറി നേടിയ ജലജാണ‌് കളിയിലെ മികച്ച താരം. സ‌്കോർ: ബംഗാൾ 147, 184; കേരളം 291, 1–-44.
തിരുവനന്തപുരത്ത‌് ആന്ധ്രയെ കീഴടക്കിയ ആത്മവിശ്വാസത്തിലാണ‌് കേരളം കൊൽക്കത്തയിലെത്തിയത‌്. രഞ‌്ജിട്രോഫി ചരിത്രത്തിൽ ബംഗാളിനെതിരെയുള്ള കേരളത്തിന്റെ ആദ്യമത്സരമായിരുന്നു ഇത‌്. എതിർതട്ടകത്തിലും കേരളം തകർപ്പൻ പ്രകടനം പുറത്തെടുത്തു. പേസർമാരുടെ ബൗളിങ‌് മികവിനുമുന്നിൽ കരുത്തുറ്റ ബംഗാൾ ബാറ്റിങ‌് നിര തകർന്നടിഞ്ഞു. രണ്ട‌് ഇന്നിങ‌്സിലും 200 റൺ കടക്കാൻ ബംഗാളിന‌് കഴിഞ്ഞില്ല. ലീഡ‌് വഴങ്ങി മൂന്നാംദിനം 1–-5 റണ്ണെന്ന നിലയിൽ കളിയാരംഭിച്ച ബംഗാളിനെ കേരളത്തിന്റെ പേസർമാർ വിറപ്പിച്ചു. അഞ്ച‌് വിക്കറ്റ‌് വീഴ‌്ത്തിയ സന്ദീപ‌് വാര്യരുടെ പ്രകടനമായിരുന്നു ശ്രദ്ധേയം. രണ്ട‌് ഇന്നിങ‌്സിലുമായി സന്ദീപ‌് ഏഴ‌് വിക്കറ്റ‌് വീഴ‌്ത്തി. ബേസിൽ തമ്പി മൂന്നെണ്ണം സ്വന്തമാക്കി. ഒന്നാം ഇന്നിങ‌്സിൽ നാല‌് വിക്കറ്റായിരുന്നു ബേസിലിന‌്.
ബംഗാൾനിരയിൽ 75 പന്തിൽ 62 റണ്ണെടുത്ത ക്യാപ‌്റ്റൻ മനോജ‌് തിവാരിമാത്രമേ പൊരുതിയുള്ളൂ. ബംഗാളിനെ ഭേദപ്പെട്ട നിലയിലെത്തിക്കാനുള്ള തിവാരിയുടെ ശ്രമം സന്ദീപ‌് അവസാനിപ്പിച്ചു. തിവാരിയുടെ കുറ്റി പിഴുതു സന്ദീപ‌്. മുൻനിരയിലെ ആദ്യ നാല‌് വിക്കറ്റും ഈ പേസർക്കായിരുന്നു. അവസാന ബാറ്റ‌്സ‌്മാൻ ഇഷാൻ പോറെലിനെ സൽമാൻ നിസാറിന്റെ കൈകളിലെത്തിച്ച‌് മത്സരത്തിൽ അഞ്ച‌് വിക്കറ്റും സന്ദീപ‌് തികച്ചു.
ചെറിയ ലക്ഷ്യത്തിലേക്ക‌് കേരളം പതർച്ചയില്ലാതെ തുടങ്ങി. ഇന്ത്യൻ താരം മുഹമ്മദ‌് ഷമിയും മുൻ ഇന്ത്യൻ പേസർ അശോക‌് ദിൻഡയും ഓപ്പണർമാർക്ക‌് വെല്ലുവിളിയുണ്ടാക്കിയില്ല. ജലജ‌് വേഗത്തിൽ റണ്ണടിച്ചു. 21 പന്തിൽ 26 റണ്ണെടുത്ത ഇൗ വലംകൈയന്റെ ഇന്നിങ‌്സിൽ അഞ്ചു ബൗണ്ടറികൾ ഉൾപ്പെട്ടു. വേഗത്തിൽ കളി അവസാനിപ്പിക്കാനുള്ള ശ്രമത്തിനിടെ ജലജ‌് മുകേഷ‌് കുമാറിന്റെ പന്തിൽ പുറത്തായി. ഒന്നാം ഇന്നിങ‌്സിൽ ജലജ‌് നേടിയ 143 റണ്ണാണ‌് കേരളത്തിന‌് വൻ ലീഡൊരുക്കിയത‌്. ആന്ധ്രയ‌്ക്കെതിരായ മത്സരത്തിലും ഈ മധ്യപ്രദേശുകാരനായിരുന്നു വിജയശിൽപ്പി. അടുത്ത മത്സരത്തിൽ മധ്യപ്രദേശാണ‌് കേരളത്തിന്റെ എതിരാളികൾ. തിരുവനന്തപുരത്ത‌് 28നാണ‌് മത്സരം.









0 comments