വീണ്ടും അടിതെറ്റി ; ഐഎസ്‌എലിൽ ബ്ലാസ്‌റ്റേഴ്‌സ് ഗോവയോട് തോറ്റു (1‐3)

കൊച്ചി
ആരാധകർ കെട്ടിപ്പൊക്കിയ ആകാശത്തോളം വരുന്ന പ്രതീക്ഷകൾ ഒരിക്കൽകൂടി വീണുടഞ്ഞു. ഇത്തവണ ബ്ലാസ‌്റ്റേഴ‌്സിന്റെ പതനം അതിദയനീയം. കൃത്യമായ പദ്ധതികളും ആവോളം ആത്മവിശ്വസവുമായി കളിക്കാനിറങ്ങിയ ഗോവയ‌്ക്കു മുന്നിൽ ബ്ലാസ‌്റ്റേഴ‌്സ‌് കൊമ്പുകുത്തി. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു സ്വന്തം മൈതാനത്ത‌് ബ്ലാസ‌്റ്റേഴ‌്സിന്റെ തുടർച്ചയായ രണ്ടാം തോൽവി. ഫെറാൻ കൊറോമിനസ‌് ഗോവയക്കായി ഇരട്ടഗോൾ നേടി. മൻവീർ സിങ്ങിന്റെ വകയായിരുന്നു മറ്റൊന്ന‌്. നിക്കൊള ക്രക‌്മ്റേവിച്ച‌് ആശ്വാസഗോൾ നേടി. ഇതോടെ ഏഴു കളിയിൽ അഞ്ചു ജയവുമായി 16 പോയിന്റുള്ള ഗോവ പട്ടികയിൽ ഒന്നാമത‌് തുടർന്നു. ഏഴു പോയിന്റുള്ള ബ്ലാസ‌്റ്റേഴ‌്സ‌് ഏഴാമത‌് തുടർന്നു.
ടുർണമെന്റിൽ ഇതുവരെയുള്ളതിൽ ഏറ്റവും മോശം പ്രകടനമായിരുന്നു അവധിനാൾ തിങ്ങിനിറഞ്ഞ ആരാധകർക്കുമുന്നിൽ ബ്ലാസ‌്റ്റേഴ‌്സ‌് കാഴ‌്ചവച്ചത‌്. ആട്ടിടയനില്ലാത്ത ആട്ടിൻപറ്റം പോലെ തോന്നിച്ചു ടീം. കൊമ്പില്ലാത്ത കൊമ്പന്മാർ എവിടെ കളിക്കണം എന്തു കളിക്കണം എന്നറിയാതെ ചിതറിത്തെറിച്ചുനിന്നു. കളിയുടെ സകലമേഖലയിലും ഈ ദൈന്യം ഒരുപോലെ പ്രകടമായത‌് ദുരന്തമായി. മധ്യനിരയിൽ കിസിറ്റോ കെസിറോൺ പന്തു കാലിലെടുക്കാനെങ്കിലും ആവേശം കാണിച്ചുവെന്നത‌് മാത്രമാണ‌് ആശ്വാസം. പന്തു കൈമാറാൻ ആളെ കാണാതെ കിസിറ്റേയും നട്ടംതിരിഞ്ഞു. മധ്യനിരയിൽ കളിക്കാൻ ആവശ്യത്തിന‌് കളിക്കാരെ നിയോഗിക്കാത്ത പ്രതീതി. വിങ്ങുകൾ ഉപയോഗിച്ചതേയില്ല. മുഹമ്മദ‌് റാക്കിപ്പും ലാൽറാവാട്ടത്തരയും കാലുകൾ ബന്ധിക്കപ്പെട്ടവരെപ്പോലെയായിരുന്നു. മധ്യനിരയിൽ ഹോലിചരൺ നർസാരിയും കെ പ്രശാന്തും കൂടുതൽ സമയവും കാഴ‌്ചക്കാരായി.
അഴിച്ചുപണിയുടെ ആശാനായി മാറിയ ഡേവിഡ‌് ജയിംസിന‌് ഇത്തവണ അമ്പേ പിഴച്ചു. ഗോവയെ പൊലെ മികച്ച ഫോമിൽ കളിക്കുന്ന ടീമിനെതിരെ അഞ്ചു മാറ്റവുമായാണ‌് ഞായറാഴ‌്ച പരിശീലകൻ ടീമിനെ ഇറക്കിയത‌്. മുഹമ്മദ‌് അനസ‌്, മുഹമ്മദ‌്തി റാക്കിപ്പ‌്, മറ്റേയ പോപലാട‌്നിക‌്, ഹാലിചരൺ നർസാരി, കിസിറ്റോ കെസിറോൺ എന്നിവർ ആദ്യ ഇലവനിൽ ഇറങ്ങി. അതിശക്തമായ മുന്നേറ്റനിരയുള്ള എതിരാളിക്കെതിരെ പ്രതിരോധത്തിനു നടുവിൽ മുഹമ്മദ‌് അനസിനെ പരീക്ഷിച്ചത‌് അതിശയിപ്പിച്ചു. ആറു മത്സരങ്ങൾ കളിച്ച‌് സന്ദേശ‌് ജിങ്കനുമായി ഇണങ്ങിയ ലാക്കിച്ച‌് പെസിച്ചിനെ മാറ്റിയത‌് മണ്ടത്തരമായി. ഇന്ത്യക്കായി കളിക്കുന്ന ജിങ്കനും അനസും അതിന്റെ ഗുണം കാണിച്ചില്ല. അതുകാരണം മധ്യനിരയിൽ കളിച്ച ക്രക‌്മറേവിച്ച‌് അധികസമയവും പ്രതിരോധത്തിനു നിൽക്കേണ്ടി വന്നു.
മുന്നേറ്റമായിരുന്നു അതിദയനീയം. ഗോവയുടെ പെനൽറ്റി ബോക‌്സിൽ കടന്ന‌് ഒരിക്കൽപ്പോലും ഒന്നു വെല്ലുവിളിക്കാനുള്ള ചങ്കൂറ്റം പോപ‌്‌ലാട‌്നിക്കും സ്ലാവിസ സ‌്റ്റോയ‌്നോവിച്ചും കാണിച്ചില്ല. ഗോളടിക്കാൻ മാത്രം വശമുള്ളവർക്ക‌് ബോക‌്സിനു പുറത്തു പന്തുതട്ടുന്നത‌് പറ്റുന്ന പണിയല്ലെന്നു ബോധ്യമായി. മധ്യനിരയിൽനിന്നു പന്തു കിട്ടാതായതോടെ ഇരുവരും മധ്യനിരയ‌്ക്കടുത്ത‌് അലഞ്ഞു തിരിഞ്ഞു.
മറുവശത്ത‌് ഗോവയുടെ ഗൃഹപാഠം കൃത്യമായിരുന്നു. ഓരോ താരങ്ങൾക്കും അവരുടെ റോളിനെക്കുറിച്ച‌് ധാരണ കൃത്യം. ആദ്യപകുതിയുടെ തുടക്കം, എതിർതട്ടകത്തിൽ അവർ പതുക്കെയാണ‌് തുടങ്ങിയത‌്. തുടക്കം മുതൽ പന്തിന്മേലുള്ള നിയന്ത്രണം അവർ പിടിച്ചെടുത്തു. 11–-ാം മിനിറ്റിൽ ലീഡെടുത്ത ഗോവ കളിയുടെ നിയന്ത്രണം പുർണമായും ഏറ്റെടുത്തു. കോർണറിൽനിന്നായിരുന്നു ഗോളിന്റെ തുടക്കം. കോർണർ കാലിൽ കിട്ടിയ അഹമ്മദ‌് ജഹൗ ബോക‌്സിലേക്ക‌് പാകത്തിന‌് ഉയർത്തി നൽകി. കൗശലക്കാരനായ കൊറോമിനസ‌് പന്ത‌് തലകൊണ്ട‌് ചെത്തിയിട്ടു. പിന്നീട‌് കളിയുടെ താളം ഗോവക്കാർ നിശ‌്ചയിച്ചു. സ‌്പെയിൻകാരൻ ഫെറാൻ കൊറോമിനസ‌് തന്നെയായിരുന്നു ടീമിലെ സൂപ്പർ താരം. കഴിഞ്ഞ കളിയിൽ ഡൽഹിക്കെതിരെ ഇരട്ടഗോൾ നേടിയ എഡ്വേർഡോ ബേദിയയും മോശമാക്കിയില്ല. മധ്യനിരയിൽ ഇന്ത്യക്കാരൻ ലെന്നി റോഡ്രിഗസ‌് മികച്ച പിന്തുണ നൽകി.
പ്രതിരോധത്തിലെ വിദേശ സാന്നിധ്യമായ ജഹൗവും മുഹമ്മദ‌് അലിയും പാറപോലെ ഉറച്ചുനിന്നത‌് മറ്റുള്ളവർക്ക‌് ആത്മവിശ്വാസം വേണ്ടുവോളം നൽകി. ആദ്യപകുതി അരമണിക്കൂർ പിന്നിട്ടതോടെ ഗോവ എതിരാളികളെ കളി പഠിപ്പിക്കുകയായിരുന്നു. കാണികൾ പോലും സ്വന്തം ടീമിനെ കുവിവിളിക്കാൻ തുടങ്ങി. ആദ്യപകുതിയുടെ അവസാനം കൊറോമിനസിന്റെ പ്രതിഭ വെളിവാക്കിയ ഒരു ഗോൾ കൂടി. ബോക‌്സിനു പുറത്തുനിന്ന‌് പ്രതിരോധക്കാരനെ കബളിപ്പിച്ച നിലം പറ്റെയുള്ള ഷോട്ട‌് വലയിൽ കയറിയ കാഴ‌്ച മനോഹരം. അവിടെ തീരുമാനിക്കപ്പെട്ടു ബ്ലാസ‌്റ്റേഴ‌്സിന്റെ വിധി.
രണ്ടാം പകുതിയിൽ കളിയുടെ ഗതിക്ക‌് ഒരു മാറ്റവും ഉണ്ടായില്ല. ഗോവക്കാർ അനായാസം പന്തുതട്ടി. ഗോവയെ പരീക്ഷിക്കുന്ന ഒരു നീക്കവും സാധിക്കാതെ ബ്ലാസ‌്റ്റേഴ‌്സ‌് കളിക്കാർ ഉഴറി നടന്നു. ഇതിനിടെ ഗൊവ മൂന്നാം ഗോൾ നേടി. ബ്രൻഡൻ ഫെർണാണ്ടസിന്റെ കൊർണറിനു തലവച്ച പകരക്കാരൻ മൻവീർ സിങ് നവീൻകുമാറിനെ അനായാസം കീഴടക്കി.
ഗോവക്കാർക്കു പിന്നാലെ ഓടിത്തളർന്ന പോലെയാണ‌് അവർ പിന്നീട‌് കളിച്ചത‌്. 89–-ാം മിനിറ്റിൽ ആരാധകർക്ക‌് ആശ്വസിക്കാൻ ഒരു ഗോൾ ബ്ലാസ‌്റ്റേഴ‌്സ‌് നേടി. ജിങ്കന്റെ നിലംപറ്റെയുള്ള അതിശക്തമായ ക്രോസിൽ ക്രക‌്മറേവിച്ച‌് കൃത്യമായി കാൽവച്ചു. ഗോവൻ വല കുലുങ്ങി.









0 comments