ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് : കുവൈറ്റും ഇന്ത്യയും ധാരണ പത്രത്തില്‍ ഒപ്പിട്ടു

കുവൈറ്റ് സിറ്റി> ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ചും ഇരു രാജ്യങ്ങളിലെയും ഡിപ്ലോമറ്റിക്ക് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വിസകളില്ലാതെ ഇരു രാജ്യങ്ങളും സന്ദര്‍ശിക്കാനും അനുവാദം നല്‍കുന്ന രണ്ടു വ്യത്യസ ധാരണ പത്രങ്ങളില്‍ കുവൈറ്റും ഇന്ത്യയും ഒപ്പുവെച്ചു. കുവൈറ്റില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും കുവൈറ്റ് വിദേശകാര്യ മന്ത്രി സാബാ ഖാലിദ് അൽ ഹമദ് അൽ സബാഹുമാണ് ധാരണ പത്രങ്ങളില്‍ ഒപ്പുവെച്ചത്.
ധാരണ പ്രകാരം ഇനി ഇന്ത്യയില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖാന്തിരമായിരിക്കും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്ചെയ്യുക. തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും കരാര്‍ പ്രകാരം ഉറപ്പ് വരുത്തുമെന്നും ധാരണാ പത്രത്തിലുണ്ട്.
ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച വിസാ സംബന്ധിച്ച ഉടമ്പടി പ്രകാരം, നയതന്ത്രപരമോ അല്ലെങ്കിൽ പ്രത്യേക പാസ്പോർട്ടുകളോ ഉള്ള പൗരന്മാര്‍ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രയില്‍ പ്രീഎൻട്രി വിസയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നു കരാര്‍ പറയുന്നുണ്ട്.
സുഷമ സ്വരാജ് കുവൈറ്റ് അമീറിനെയും പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചു
കുവൈറ്റില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാ അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. ബയാന്‍ പാലസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലുള്ള നീണ്ടകാലത്തെ സൌഹൃദത്തെക്കുറിച്ചും കുവൈറ്റിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് ജബീർ അൽ മുബാറക് അൽ സബാഹുമായും മന്ത്രി ചര്‍ച്ച നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തീകരിച്ച് മന്ത്രി ഇന്ന് ഇന്ത്യയിലേക്ക് മടങ്ങി.









0 comments