സംസ്ഥാന സ്‌കൂൾ കായികോത്സവം : തുടക്കം എറണാകുളത്തിനൊപ്പം

തിരുവനന്തപുരം
കുട്ടികൾ തുടങ്ങി; നേട്ടങ്ങൾ എത്തിപ്പിടിക്കാൻ ഒന്നും തടസ്സമല്ലെന്ന വിളംബരവുമായി. സംസ്ഥാന സ‌്കൂൾ കായികോത്സവകിരീടം കൈവിടില്ലെന്ന പ്രഖ്യാപനത്തോടെ ആദ്യദിനംതന്നെ എറണാകുളം കുതിപ്പ‌് തുടങ്ങി. മൂന്നു പ്രായവിഭാഗങ്ങളിലും ഒരുപോലെ മികവു കാട്ടിയ അവർ 88 പോയിന്റ‌് സ്വന്തമാക്കി. 46 പോയിന്റുമായി പാലക്കാട‌് രണ്ടാമതാണ‌്. 35 പോയിന്റുള്ള കോഴിക്കോട‌് തൊട്ടുപിന്നിൽ.
സ‌്കൂളുകളിൽ എറണാകുളത്തിന്റെ കോതമംഗലം മാർ ബേസിലാണ‌് മുന്നിൽ (25). സെന്റ‌് ജോർജ‌് എച്ച‌്എസ‌്എസ‌് (23) തൊട്ടുപിന്നിൽ. കഴിഞ്ഞതവണത്തെ രണ്ടാംസ്ഥാനക്കാരായ കോഴിക്കോട്ടെ പുല്ലൂരാമ്പാറ സെന്റ‌് ജോസഫ‌്സ‌് എച്ച‌് എസ‌് (20) മൂന്നാമതാണ‌്. സ‌്പോർട‌്സ‌് ഹോസ‌്റ്റൽ വിഭാഗത്തിൽ 16 പോയിന്റുമായി തിരുവനന്തപുരം സായ‌് മുന്നിൽ. എംഎ കോളേജ‌് സ‌്പോർട‌്സ‌് ഹോസ‌്റ്റൽ (11), കോഴിക്കോട‌് സായ‌് (8) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
രണ്ട‌് റെക്കോഡാണ‌് ആദ്യനാൾ പിറന്നത‌്. ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ടിൽ പാലക്കാട‌് കല്ലടി സ‌്കൂളിന്റെ സി എ മുഹമ്മദ‌് ബാസിമും ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ എറണാകുളം തേവര സേക്രഡ് ഹാർട്ട‌് സ‌്കൂളിന്റെ എ എസ‌് സാന്ദ്രയുമാണ‌് റെക്കോഡിട്ടത‌്. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ പുല്ലൂരാമ്പാറയുടെ അപർണ റോയ‌് തുടർച്ചയായ ആറാംതവണ ഒന്നാംസ്ഥാനം നേടി.
മാർ ബേസിലിന്റെയും സെന്റ‌് ജോർജിന്റെയും കരുത്തിലാണ‌് ഇത്തവണയും എറണാകുളത്തിന്റെ കുതിപ്പ‌്. ജില്ലയുടെ താരങ്ങൾ പത്തിനങ്ങളിൽ ഒന്നാമതെത്തി. കോതമംഗലം സെന്റ‌് ജോർജിനായി ട്രാക്കിലിറങ്ങിയ മണിപ്പുരുകാരായ കുട്ടികൾ മിന്നിത്തിളങ്ങി. എട്ടു മണിപ്പുരുകാരാണ‌് ടീമിലുള്ളത‌്. വെള്ളിയാഴ‌്ച പങ്കെടുത്ത മൂന്നിനങ്ങളിലായി രണ്ടുവീതം സ്വർണവും വെള്ളിയും ഒരു വെങ്കലവും നേടി. സബ‌് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലാണ‌് ഇവരുടെ നേട്ടം.
സീനിയർ പെൺകുട്ടികളുടെ ലോങ‌്ജമ്പിൽ മലപ്പുറം ഐഡിയൽ ഇഎച്ച‌്എസ‌്എസിലെ പി എസ‌് പ്രഭാവതി അട്ടിമറിജയം സ്വന്തമാക്കി. കഴിഞ്ഞവർഷത്തെ ഒന്നാംസ്ഥാനക്കാരി ആൻസി സോജൻ മൂന്നാംസ്ഥാനത്തേക്ക‌് പിന്തള്ളപ്പെട്ടു. സാന്ദ്ര ബാബുവാണ‌് രണ്ടാമത‌്.
മത്സരങ്ങൾക്ക‌് കൃത്യസമയം പാലിക്കാൻ സാധിച്ചു. ആദ്യനാൾ പരാതികളില്ലാതെ മികച്ച രീതിയിൽ പൂർത്തിയായി.
മീറ്റിലെ വേഗക്കാരെ തേടുന്ന 100 മീറ്റർ മത്സരങ്ങളുടെയും 4–100 മീറ്റർ റിലേകളുടെയും ഫൈനൽ ശനിയാഴ‌്ച നടക്കും.









0 comments