യുഎഇയുടെ സ്‌നേഹവായ്പ് നൂറ് കോടിയേക്കാള്‍ വലുത്; നവകേരള നിര്‍മിതിയിലും പ്രവാസികള്‍ സജീവ പങ്കാളിത്തം വഹിക്കണം: മുഖ്യമന്ത്രി

അബുദാബി > യുഎഇയുടെ സ്‌നേഹവായ്‌പ് 100 കോടി ഡോളര്‍ നല്‍കുന്നതിനേക്കാള്‍ വലുതാണെന്ന് മുഖ്യമന്ത്രി പിണാറായി വിജയന്‍.യുഎഇ ഭരണാധികാരികള്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുന്ന പ്രവാസികള്‍ നവകേരള നിര്‍മിതിയിലും സജീവ പങ്കാളിത്തം വഹിക്കണമെന്ന് മുഖ്യമന്ത്രി പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു. പ്രളയ ദുരന്തത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പിന്തുണ തേടി യുഎഇ സന്ദര്‍ശിച്ച മുഖ്യമന്ത്രി അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ പൊതുസമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
ഏറ്റവും പുതിയ കണക്കനുസരിച്ച് അര ലക്ഷം കോടിയിലേറെ രൂപയുണ്ടെങ്കിലേ പുതിയ കേരളം പടുത്തുയര്‍ത്താനാകൂ. പഴയ കേരളം പുന:സൃഷ്ടിക്കാനല്ല, നവകേരള നിര്‍മിതിക്കാണ് നാം ഊന്നല്‍ നല്‍കുന്നതെന്നും അതിനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതികളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
വീടുകളോ സ്‌കൂളോ ആശുപത്രിയോ റോഡുകളോ നിര്‍മിച്ച് നല്‍കാനുള്ള പദ്ധതി പ്രവാസികള്‍ക്ക് ഒറ്റക്കും കൂട്ടായും ഏറ്റെടുക്കാം. സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ പദ്ധതികളില്‍ മുതല്‍ മുടക്കാം. അതിനു സാധിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സജ്ജമക്കുന്ന പ്രത്യേക പോര്‍ട്ടലിലൂടെ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും സാമ്പത്തിക സഹായം നല്‍കി പങ്കുചേരാം.
കേരളത്തിനകത്തും പുറത്തുനിന്നുമായി 1,800 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇതിനോടകം എത്തിയത്. ലോക ബാങ്കിന്റെ കണക്കനുസരിച്ച് 25,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ നവകേരള പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു. ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയില്‍ നല്ല പ്രതികരണമാണ് ജീവനക്കാരുടെ ഇടയില്‍ നിന്നും ലഭിച്ചത്. നിര്‍ഭാഗ്യകരമായി അതിനെതിരെ പ്രചരണമുണ്ടായി എങ്കിലും അഭ്യര്‍ത്ഥനയ്ക്കാണ് മുന്‍ തൂക്കം.ലഭിച്ചത്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി. ഏകജാലകമെന്ന് മുമ്പ് പറയുന്നതുപോലെയല്ല ഇപ്പോള്‍. ക്രൗഡ് ഫണ്ടിങ്ങിലൂടെ കേരളത്തെ സഹായിക്കാനാകുമെന്നും ചെറുതോ വലുതോ എന്ന് നോക്കാതെ അവരവരാല്‍ കഴിയുന്ന സഹായം പ്രവാസികളില്‍ നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഐഎസ്‌സി ചെയര്‍മാന്‍ ഡോ. എം എ യൂസുഫലി, വൈസ് ചെയര്‍മാന്‍ ബി ആര്‍ ഷെട്ടി, പ്രസിഡന്റ് രമേശ് പണിക്കര്‍, ലോക കേരള സഭ അംഗം കെ ബി മുരളി, എം എ അഷറഫലി, കെ മുരളീധരന്‍, അദീബ് അഹമദ്, സണ്ണിവര്‍ക്കി, സുധീര്‍കുമാര്‍ ഷെട്ടി എന്നിവര്‍ സംബന്ധിച്ചു.









0 comments