സൗഹൃദ ഫുട്‌ബോൾ: ഇന്ത്യ‐0 ചൈന‐0 ; പൊരുതി, ഇന്ത്യ വഴങ്ങിയില്ല

ബീജിങ‌്
ചൈനയുടെ ആക്രമണകളിയെ പ്രതിരോധം കൊണ്ട‌് ഇന്ത്യ നിശബ‌്ദമാക്കി. ചൈനീസ‌് മണ്ണിൽ ആദ്യമായി പന്ത‌് തട്ടിയ ഇന്ത്യ പൊരുതിനേടിയ സമനിലയോടെ കളംവിട്ടു (0–0). ഗോൾ കീപ്പർ ഗുർപ്രീത‌് സിങ‌് സന്ധുവിന്റെയും ക്യാപ‌്റ്റൻ സന്ദേശ‌് ജിങ്കന്റെയും കിടയറ്റ പ്രകടനങ്ങളാണ‌് ഇന്ത്യക്ക‌് മികച്ച ഫലം നൽകിയത‌്.
സുഷൗവിലെ ഒളിമ്പിക‌്സ‌് സ‌്പോർട‌്സ‌് സെന്റർ സ‌്റ്റേഡിയത്തിൽ ആദ്യനിമിഷംമുതൽ ഇന്ത്യ പൊരുതി. ഇറ്റലിക്ക‌് ലോകകപ്പ‌് നേടിക്കൊടുത്ത പരിശീലകനായ മാഴ‌്സെലൊ ലിപ്പിക്ക‌് കീഴിൽ ഇറങ്ങിയ ചൈനീസ‌് നിരയെ നിർഭാഗ്യവും തടഞ്ഞു. രണ്ട‌് തവണ
റാങ്കിങ‌് പട്ടികയിൽ 21 പടി മുന്നിൽ നിൽക്കുന്ന ചൈനയോട‌് പ്രതിരോധമാണ‌് മികച്ച ആയുധമെന്ന‌് തിരിച്ചറിഞ്ഞാണ‌് ഇന്ത്യ കളത്തിൽ ഇറങ്ങിയത‌്. പ്രതിരോധത്തിൽ അനസ‌് എടത്തോടികയെ ആദ്യ പതിനൊന്നിൽ കോച്ച‌് സ‌്റ്റീവൻ കോൺസ‌്റ്റന്റൈൻ ഉൾപ്പെടുത്തിയില്ല. സുഭാശിഷ‌് ബോസ‌് പ്രതിരോധത്തിൽ ജിങ്കനൊപ്പം നിലകൊണ്ടു. നാല‌് പേർ പ്രതിരോധത്തിൽ അണിനിരന്നു. മധ്യനിരയിലെ അനിരുദ്ധ‌് ഥാപ്പയും പ്രണോയ‌് ഹാൾദറും പ്രതിരോധത്തെ സഹായിച്ചു. മുന്നേറ്റത്തിൽ സുനിൽ ചേത്രി–ജെജെ ലാൽപെഖുല സഖ്യമായിരുന്നു.
ചൈനീസ‌് കോച്ച‌് മാഴ‌്സെലൊ ലിപ്പി ആക്രമണശൈലിയൊരുക്കി. യു ദബാവോ–ഗായോ ലിൻ സഖ്യം മുന്നേറ്റനിരയെ നയിച്ചു. തുടക്കംമുതൽ ചൈനയ‌്ക്കായിരുന്നു കളിയുടെ നിയന്ത്രണം. ഇന്ത്യൻ പ്രതിരോധത്തിൽ ജിങ്കനൊഴിെകെ മറ്റാർക്കും ചൈനീസ‌് മുന്നേറ്റത്തെ കൃത്യമായി തടായാനായില്ല. ആദ്യഘട്ടത്തിൽതന്നെ വു ലെയുടെ അപകടകരമായ ക്രോസ‌് ജിങ്കൻ ഗോൾമുഖത്ത‌് തടഞ്ഞു. പിന്നാലെ ഇന്ത്യ പ്രത്യാക്രമണം നടത്തി. പക്ഷേ, ലക്ഷ്യബോധമുണ്ടായില്ല.
ചൈന, ഗാവോ ലിനിന്റെ നേതൃത്വത്തിൽ ആക്രമണം ശക്തമാക്കിക്കൊണ്ടിരുന്നു. ലിനിന്റെ തകർപ്പൻ ഷോട്ട‌് ഗുർപ്രീത‌് കാലുകൊണ്ട‌് തടഞ്ഞു. ഇടവേളയ‌്ക്കുശേഷം വു ഷിയുടെ അടി ക്രോസ‌് ബാറിൽ തട്ടിത്തെറിച്ചു. ഗാവോ ലിൻ, വു ലെയ‌് എന്നിവരുടെ ഷോട്ടുകളും ക്രോസ‌് ബാർ തടഞ്ഞു. അവസാനനിമിഷങ്ങളൽ ചൈനയുടെ നിരവധി ശ്രമങ്ങളെ ഗുർപ്രീത‌് നിർവീര്യമാക്കി.
ഇടവേളയ‌്ക്കുശേഷം അനസും പ്രതിരോധത്തിലേക്ക‌് എത്തിയതോടെ ഇന്ത്യയുടെ ചെറുത്തുനിൽപ്പിന്റെ കരുത്തുകൂടി. അവസാന നിമിഷം നിഖിൽ പൂജാരിയുടെ ക്രോസ‌് പിടിച്ചെടുത്ത‌് ഫാറൂഖ‌് ചൗധരി തൊടുത്ത അടി ചൈനയുടെ ഗോളി യാൻ ജൻലിങ‌് തടഞ്ഞു.









0 comments