കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടിംഗ് ഇനിമുതല്‍ നോര്‍ക്ക വഴി, റിക്രൂട്ട്മെന്റ് സുതാര്യവും സുരക്ഷിതവുമാകുമെന്നു പ്രതീക്ഷ

കുവൈറ്റ് സിറ്റി> ഏറെക്കാലത്തെ കാത്തിരിപ്പിനും നിരവധി ചര്‍ച്ചകള്‍ക്കും ശേഷം കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്മെന്റ്റ് കേരളത്തില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്കവഴിയാകും. ഇത് സംബന്ധിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി നോർക്ക സി.ഈ.ഓ ഹരികൃഷ്‌ണൻ നമ്പൂതിരി, റിക്രൂട്ടിങ് മാനേജർ അജിത് കൊളാശേരി എന്നിവര്‍ കുവൈറ്റില്‍ ദേശാഭിമാനിയോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കുവൈറ്റിലെത്തിയ നോര്‍ക്കാ റൂട്സ് പ്രതിനിധികള്‍ കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ ഔദ്യോഗിക റിക്രൂട്ടിങ് ചുമതലയുള്ള അല്‍ദുര കമ്പനി പ്രതിനിധികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കി. ഇത് പ്രകാരം കേരളത്തിൽ നിന്നുള്ള പരിശീലനം പൂർത്തിയാക്കിയ ഗാർഹിക തൊഴിലാളികളുടെ ആദ്യബാച് വിസ നടപടികൾ പൂർത്തിയാക്കി ഉടനെ കുവൈറ്റിൽ എത്തുമെന്നും ഇവർ അറീയിച്ചു. ആദ്യ ബാച്ചിനുള്ള ട്രെയിനിങ് നാട്ടിൽ നേരത്തെ നടത്തിയിരുന്നു. 500 പേരെയാണ് അൽദുരാ കമ്പനി ആദ്യ ഘട്ടത്തിൽ ആവശ്യപ്പെട്ടത്. ആദ്യ ബാച്ചില്‍ എത്തിച്ചേരുന്ന തൊഴിലാളികൾക്ക് കിട്ടുന്ന പരിരക്ഷയും മറ്റു സൌകര്യവും മനസ്സിലാക്കി അടുത്ത ഘട്ട റിക്രൂട്മെന്റ് നടപടികളും തുടങ്ങുമെന്നും ഇവർ കൂട്ടിച്ചേർത്തു.
നഴ്‌സിംഗ് റിക്രൂട്മെന്റ് സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായും വിവിധ സ്വകാര്യ ആശുപത്രികളുമായും സംഘം ചർച്ചകൾ നടത്തുന്നുണ്ട്. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഉൾപ്പെടെയുള്ള ഉദ്ദ്യോഗസ്ഥന്മാരുമായും നോർക്ക പ്രതിനിധികൾ ചർച്ചകൾ നടത്തുകയുണ്ടായി.
ഇന്ത്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെയും നഴ്സുമാരെയും റിക്രൂട്ട് ചെയ്യുന്നതിന് നോർക്ക ഉൾപ്പെടെയുള്ള ആറ് സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികൾക്കാണ് കുവൈറ്റിൽ നിന്നും അനുമതി ലഭിച്ചത്. എന്നാല്‍ നോര്‍ക്കയാണ് പ്രധാനമായും താത്പര്യമെടുത്ത് നിയമന കാര്യത്തില്‍ കാര്യക്ഷമമായി ഇടപെട്ടതും മുന്നോട്ട് പോയതും എന്നുള്ളത് ശ്രദ്ധേയമാണ്.









0 comments