ജൂലായ് 27 മുതല്‍ അബുദാബിയില്‍ ചലച്ചിത്രമേള; ഗിരീഷ് കാസറവള്ളി പങ്കെടുക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2018, 02:14 PM | 0 min read



അബുദാബി > അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂലായ് 27 മുതല്‍ 29 വരെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയില്‍ വിഖ്യാത ചലച്ചിത്രകാരന്‍ ഗിരീഷ് കാസറവള്ളിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സമാന്തര ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പാത വെട്ടിത്തെളിച്ചവരില്‍ മുന്‍നിരക്കാരനായ ഗിരീഷ് കാസറവള്ളി മാതൃഭാഷയായ കന്നടയിലാണ് തന്റെ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്.

 വിവിധ അന്തര്‍ദേശീയ മേളകളില്‍ പ്രദര്‍ശപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സുവര്‍ണ്ണ കമലം നാലു തവണ ലഭിച്ചിട്ടുണ്ട്. സ്വതന്ത്ര സംവിധായകനായുള്ള 'ഗതശ്രദ്ധ', 'തബരാന കഥ', 'തായി സാഹിബ', 'ദ്വീപ' എന്നിവയാണ് ആ ചിത്രങ്ങള്‍. ശക്തമായ ഉള്ളടക്കം, ലളിതവും മനോഹരവുമായ ആഖ്യാനം, സത്യസന്ധമായ ആവിഷ്‌ക്കാരം എന്നിവയ്‌ക്കൊപ്പം തന്നെ ജനമനസ്സുകളെ കീഴടക്കാന്‍ കഴിയുന്ന സാംസ്‌ക്കാരിക ചേരുവകളും അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകതകളാണ്.

ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഗോള്‍ഡ് മെഡലിസ്റ്റായ (സുവര്‍ണ്ണ പതക്കം) ഇദ്ദേഹത്തിന് ഭാരതത്തിലെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രി 2010 ല്‍ ലഭിക്കുകയുണ്ടായി.
ദേശിയ അവാര്‍ഡ് നേടിയ 'ദ്വീപ'യുടെ പ്രദര്‍ശനത്തോട് കൂടി ആരംഭിക്കുന്ന മേളയില്‍ ഉദ്ഘാടന  സിനിമയോടൊപ്പം സംവിധായകന്‍ ഗിരീഷ് കാസറവള്ളി തന്റെ സിനിമായാത്രകളെക്കുറിച്ച് നടത്തുന്ന മാസ്റ്റര്‍ ക്ലാസ് ഉണ്ടായിരിക്കും.

14 ദേശിയ പുരസ്‌ക്കാരങ്ങളും പത്മശ്രീയും നേടിയിട്ടുള്ള അദ്ദേഹത്തിന്റെ 'റൈഡിങ് എ സ്റ്റാല്ലിയണ്‍ ഓഫ് എ ഡ്രീം', ഹസീന എന്നീ ചിത്രങ്ങളായിരിക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കുക.ചലച്ചിത്രമേളയിലെ ഓരോ പ്രദര്‍ശനത്തിനു ശേഷവും പ്രേക്ഷകരുമായി ചലച്ചിത്രകാരന്‍ സംവദിക്കുന്നതായിരിക്കും.

ഉദ്ഘാടനദിവസം ഗിരീഷ് കാസറവള്ളിയെ അബുദാബി കന്നട സംഘം പ്രസ്തുത വേദിയില്‍ വെച്ച് ആദരിക്കും.യു.എ.ഇ യുടെ രാഷ്ട്രപിതാവിനുള്ള ആദരമായി ഉല്ലാസ് ആര്‍. കോയ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച 'ഇസ്തിമാരിയ'  എന്ന ഹ്രസ്വചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവും 'സായിദ് വര്‍ഷാ'ചരണത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും.

'അവിരാമം', 'തുടര്‍ച്ച' എന്നര്‍ത്ഥം വരുന്ന 'ഇസ്തിമാരിയ' യില്‍ യു.എ.ഇ യിലെ പ്രമുഖ വ്യവസായിയും അതിലുപരി മനുഷ്യ സ്‌നേഹിയുമായ പത്മശ്രി ഡോക്ടര്‍ ബി. ആര്‍. ഷെട്ടി തന്റെ ചെറുമകള്‍ക്ക് ആദരണീയനായ രാഷ്ട്രപിതാവില്‍ നിന്നും പകര്‍ന്നു കിട്ടിയ മൂല്യങ്ങളെക്കുറിച്ച് മനസ്സിലാക്കികൊടുക്കുന്ന മുതിര്‍ന്ന അറബ് പൗരന്റെ വേഷം ചെയ്യുന്നു.മേളയിലേക്കുള്ള പ്രദര്‍ശനം തികച്ചും സൗജന്യമായിരിക്കും.
 



deshabhimani section

Related News

View More
0 comments
Sort by

Home