നേഴ്‌‌‌സുമാരെ സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും: മന്ത്രി ടി പി രാമകൃഷ്‌ണന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 26, 2018, 07:15 AM | 0 min read

കുവൈറ്റ് സിറ്റി > കുവൈറ്റിലേക്ക് നേഴ്‌സുമാരെ സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്‌ണന്‍. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവും, മന്ത്രിക്ക് സ്വീകരണവും പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേഴ്‌‌‌സിംഗ് റിക്രൂട്ട്‌മെന്റുമായ് സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായ് നടത്തിയ ചര്‍ച്ച വിജയമാണു.

അനുകൂലമായ സമീപനമാണു കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റേയും, എംബസിയുടേയും സഹായത്തോടെ ഇടനിലക്കാരില്ലാതെ നേഴ്‌സുമാരെ സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമഗ്ര മേഖലയിലേയും വികസനമാണു സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം നടപ്പാക്കുന്ന വികസന നയമാണു സര്‍ക്കാരിന്റേത്. പ്രവാസികള്‍ക്ക് മുന്‍പെങ്ങുമില്ലാത്ത പരിഗണന ഈ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും, വികസിത രാജ്യങ്ങളെ കിടപിടിക്കുന്ന രീതിയില്‍ നിപ്പ വൈറസിനെ പിടിച്ചു കെട്ടാന്‍ നമുക്ക് കഴിഞ്ഞത് സര്‍ക്കാരിന്റേയും, ജനങ്ങളുടെയും നല്ല ഇടപെടല്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അബ്ബാസിയ നോട്ടിംഗ്ഹാം സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ കല കുവൈറ്റ് ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി മുസ്ഫര്‍ സ്വാഗതം പറഞ്ഞു. കല കുവൈറ്റ് പ്രസിഡന്റ് ആര്‍.നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാര്‍, ലോക കേരള സഭ അംഗം സാം പൈനുമൂട്, കല കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രസീത് കരുണാകരന്‍, മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ജെ.സജി, വനിതാ വേദി ജനറല്‍ സെക്രട്ടറി ഷെറിന്‍ ഷാജു എന്നിവര്‍ സംബന്ധിച്ചു. കല കുവൈറ്റ് ട്രഷറര്‍ രമേശ് കണ്ണപുരം നന്ദി രേഖപ്പെടുത്തി.

 



deshabhimani section

Related News

View More
0 comments
Sort by

Home