അർജന്റീന ടീമിൽ കലാപം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 24, 2018, 05:21 PM | 0 min read

മോസ്‌കോ

ആദ്യ രണ്ടു കളികളിലെ ദയനീയ പ്രകടനത്തോടെ ആദ്യ റൗണ്ടിൽത്തന്നെ പുറത്താകുകയെന്ന ദുരന്തത്തിന്റെ തൊട്ടരികിലുള്ള അർജന്റീന ടീമിൽ കലാപം കത്തിക്കയറുന്നു. പരിശീലകൻ ഹോർജെ സാമ്പവോളിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കളിക്കാർ അർജന്റീന ഫുട്‌ബോൾ അസോസിയേഷനെ സമീപിച്ചു. പരിശീലകനിൽ വിശ്വാസം നഷ്ടപ്പെട്ടതായി കഴിഞ്ഞദിവസം  ഹോട്ടലിൽ ചേർന്ന ടീം കളിക്കാരുടെ യോഗം അഭിപ്രായപ്പെട്ടു. അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചുവർഷങ്ങളായി അർജന്റീന ഫുട്‌ബോളിനെ പിടികൂടിയിരിക്കുന്ന ദുർഗതിയുടെ ചെറുസൂചന മാത്രമാണിത്.
ലോകകപ്പിൽനിന്ന് നേരത്തെ പുറത്തായാൽ പ്രതിസന്ധിയുടെ അഗാധഗർത്തത്തിലേക്കാകും അർജന്റീന ഫുട്‌ബോൾ വീഴുക.

സാമ്പവോളിയുടെ തലയെടുക്കാൻ ഉറപ്പിച്ചാണ് ടീമിലെ 23 കളിക്കാരും വെള്ളിയാഴ്ച രാത്രി യോഗം ചേർന്നത്. ടീമിലെ മുതിർന്നതാരം ഹാവിയർ മഷ്‌രാനോതന്നെ ഈനീക്കത്തിനു ചുക്കാൻ പിടിക്കുന്നു. നൈജീരിയക്കെതിരായ അവസാന മത്സരത്തിൽനിന്നു സാമ്പവോളിയെ മാറ്റി നിർത്തണമെന്ന് കളിക്കാർ ആവശ്യപ്പെട്ടു. 1986 ലോകകപ്പ് ഫൈനലിൽ ജർമനിയെ വീഴ്ത്തിയ ഗോളിനുടമയായ യോർഗെ ബുറുച്ചാഗെയെ പകരക്കാരനാക്കണമെന്ന നിർദേശവും മുന്നോട്ടുവച്ചു. നിലവിൽ അർജന്റീന ഫുട്‌ബോൾ ടീം ജനറൽ മാനേജരാണ് ബുറുച്ചാഗ. കാര്യങ്ങൾ വിശദീകരിക്കാൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയുമായി കൂടിക്കാഴ്ചയ്ക്ക് കളിക്കാർ അനുമതി തേടിയിട്ടുമുണ്ട്.

ക്രൊയേഷ്യക്കെതിരെ തോൽവി വഴങ്ങിയതിനു പിന്നാലെ സാമ്പവോളി നടത്തിയ പ്രതികരണം കളിക്കാരെ ചൊടിപ്പിച്ചു. സാമ്പവോളിയുടെ മണ്ടൻ തന്ത്രങ്ങൾ തോൽവിക്ക് കാരണമായെന്നും അവർ കുറ്റപ്പെടുത്തുന്നു. നായകൻ ലയണൽ മെസിയുമായി ഇണങ്ങിച്ചേരാൻ ടീമിലെ മറ്റു കളിക്കാർക്ക് സാധിച്ചില്ലെന്ന് സാമ്പവോളി പറഞ്ഞിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ 'അയാൾ ഇഷ്ടമുള്ളത് പറയട്ടെ' എന്നായിരുന്നു ടീമിലെ പ്രമുഖനായ സെർജിയോ അഗ്വേറയുടെ ദേഷ്യത്തോടെയുള്ള പ്രതികരണം. മുൻകാല താരങ്ങളും കളിവിദഗ്ധരും സാമ്പവോളിക്കെതിരെ രംഗത്തുവന്നു.

ഫുട്‌ബോൾ അസോസിയേഷൻ ലോകകപ്പ് തീരുംവരെ സാമ്പവോളിക്കൊപ്പമാണെന്നാണ് സൂചന. അതിനുശേഷം സ്ഥാനം തെറിക്കുമെന്ന് ഉറപ്പ്. 2017 ജൂണിൽ അഞ്ചുവർഷത്തേക്കാണ് സാമ്പവോളി ദേശീയ ടീമിനായി കരാറിലെത്തിയത്. 137 കോടി രൂപയുടെ കരാർ ഇപ്പോൾ റദ്ദാക്കിയാൽ വൻ നഷ്ടപരിഹാരം നൽകേണ്ടിവരും. സാമ്പത്തികപ്രതിസന്ധിയിൽ ഉഴലുന്ന അസോസിയേഷന് ഇത് താങ്ങാനാകില്ല.

ക്രൊയേഷ്യക്കെതിരായ തോൽവിക്കുശേഷം ഡ്രസ്സിങ്ങ്‌റൂമിൽവച്ച് മഷ്‌രാനോ ആദ്യ ഗോൾ വഴങ്ങാനിടയാക്കിയ ഗോളി വില്ലെ കബെല്ലറോയെ ചീത്തവിളിച്ചിരുന്നു. ഇതിന്റെ പേരിൽ ക്രിസ്റ്റിയൻ പാവോൺ മഷ്‌രാനോയുമായി കോർക്കുകയുംചെയ്തു. അതും ടീമിന് ചീത്തപ്പേരായി.
രണ്ടുവർഷംമുമ്പ് കോപ അമേരിക്ക കപ്പ് ഫൈനലിൽ ചിലിയോട് തോറ്റതിനു പിന്നാലെ ലയണൽ മെസിയും ചില സീനിയർ താരങ്ങളും രാജി പ്രഖ്യാപിച്ചതോടെ അർജന്റീന ഫുട്‌ബോളിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്നു വ്യക്തമായിരുന്നു. അർജന്റീന ഫുട്‌ബോൾ അസോസിയേഷനെ 'ദുരന്തം' എന്നാണ് മെസി ഇൻസ്റ്റഗ്രാമിൽ വിശേഷിപ്പിച്ചത്.

രണ്ടുവർഷംമുമ്പ് അസോസിയേഷൻ പൂർണമായും കടത്തിൽ മുങ്ങി. കളിക്കാർക്ക് ശമ്പളം നൽകാൻ കാശുണ്ടായിരുന്നില്ല. അണ്ടർ 20 തലത്തിൽ അടക്കമുള്ള ദേശീയ ജൂനിയർ ടീമുകൾക്ക് പല ടുർണമെന്റുകളിലും പങ്കെടുക്കാൻപോലും സാധിച്ചില്ല. ഇത് ഫുട്‌ബോൾ വളർച്ചയുടെ കൂമ്പടച്ചു.
അമിത രാഷ്ട്രീയ ഇടപെടലും കൊടിയ അഴിമതിയുമാണ് അർജന്റീന ഫുട്‌ബോളിന്റെ ശവക്കുഴി തോണ്ടുന്നത്. ലോകനിലവാരമുള്ള താരങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്ന രാജ്യം ഇന്ന് ഇക്കാര്യത്തിൽ പാപ്പരായിക്കൊണ്ടിരിക്കുകയാണ്. മെസിക്കും സംഘത്തിനും പിൻഗാമികളില്ലാതായാൽ ഒട്ടും അത്ഭുതംവേണ്ട. ബൊക്ക ജൂനിയേഴ്‌സും റിവർപ്ലേറ്റും അടക്കമുള്ള അർജന്റീനയിലെ വമ്പൻ ക്ലബ്ബുകൾ വാർത്തകളിൽനിന്ന് മറയുന്നത് അർജന്റീനിയൻ ഫുട്‌ബോളിന്റെ പതനത്തിന്റെ സൂചകമാണ്.
 



deshabhimani section

Related News

View More
0 comments
Sort by

Home