മറക്കാത്ത കിക്കിൽ മരിക്കാത്ത ഗോൾ

മോസ്കോ
ടോണി ക്രൂസിനെപ്പോലൊരു നായകനെ ജർമനി കാത്തിരിക്കുകയായിരുന്നു. ഫിലിപ്പ് ലാമും ബാസ്റ്റിൻ ഷ്വെയ്ൻസ്റ്റൈഗറും കളിനിർത്തിയശേഷം ജർമനി ഇതുപോലൊരു സൈന്യാധിപനെ തിരഞ്ഞു. ബയേൺ മ്യൂണിക്കിലും റയൽ മാഡ്രിഡിലുമായി നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ പങ്കാളിയായ ക്രൂസ് ജർമൻ കുപ്പായത്തിൽ പോരെന്ന വിമർശമുണ്ടായി. സ്വീഡനുമായുള്ള കളിയിൽ ക്രൂസ് മറുപടി കൊടുത്തു. ഇന്ന് ക്ലബ്ബിലും ദേശീയ കുപ്പായത്തിലും ഒരുപോലെ തിളങ്ങുന്ന അപൂർവം കളിക്കാരനാണ് ക്രൂസ്.
സ്വീഡനുമായുള്ള കളിയുടെ ആദ്യപകുതി അവസാനിക്കുമ്പോൾ പുറത്താകൽ ഭീഷണിയിലായിരുന്നു ജർമനി. ക്രൂസാണ് രക്ഷിച്ചത്. ഈ ഇരുപത്തെട്ടുകാരന്റെ ഫ്രീകിക്ക് ജർമനിക്ക് ജീവവായു നൽകി. പത്ത് പേരായി ചുരുങ്ങിയിട്ടും ജർമനി തളരാരെ പോരടിച്ച് ക്രൂസിന്റെ മികവിലാണ്. ആദ്യപകുതിയിൽ സ്വീഡന്റെ ഗോളിന് കാരണമായത് ക്രൂസിന്റെ ലക്ഷ്യം തെറ്റിയ പാസാണ്. സ്വീഡനോട് ജർമനി തോറ്റിരുന്നെങ്കിൽ 1938നുശേഷമുള്ള ആദ്യമായി ആദ്യ റൗണ്ടിൽ പുറത്താകുമെന്ന അപമാനമാണ് കാത്തിരുന്നത്. ആദ്യ കളിയിൽ മെക്സിക്കോയോട് തോറ്റപ്പോൾ ജർമനിയുടെ കളി രീതി വിമർശിക്കപ്പെട്ടിരുന്നു.
സ്വീഡനെതിരെ ഇറങ്ങുമ്പോൾ മധ്യനിരയിൽ സാമി ഖെദീരയും മെസൂട്ട് ഒസീലും കളത്തിലുണ്ടായില്ല. പ്രതിരോധത്തിൽ മാറ്റ് ഹുമ്മെൽസും. ക്രൂസിനായിരുന്നു ചുമതല.
ജെറോം ബൊട്ടെങ് രണ്ട് മഞ്ഞക്കാർഡ് കണ്ട് പുറത്തായി. തോമസ് മുള്ളർ മങ്ങി. ഈ ഘട്ടത്തിലാണ് മാർകോ റ്യൂസിനെ കൂട്ടുപിടിച്ച് ക്രൂസ് ജർമനിയെ നയിച്ചത്.
അവസാന ഘട്ടത്തിൽ സ്വീഡൻ ഗോൾമുഖത്തേക്കുള്ള ഓരോ അർഥപൂർണമായ നീക്കങ്ങൾക്കുപിന്നിലും ഈ റയൽ മാഡ്രിഡ് താരമായിരുന്നു. ബോക്സിലേക്കുള്ള ക്രോസുകൾ സ്വീഡനെ ചിതറിത്തെറിപ്പിച്ചു. ഇതിന്റെ ഫലമായാണ് റ്യൂസിന്റെ ഗോൾ പിറന്നത്. ഒടുവിൽ വിജയമുറപ്പിച്ച ഫ്രീകിക്കും.
ഇപ്പോൾ ക്രൂസിലാണ് ജർമനിയുടെ പ്രതീക്ഷ. അവസാന മത്സരത്തിൽ ദക്ഷിണ കൊറിയയെ തോൽപ്പിച്ചാൽ ജർമനിക്ക് രണ്ടാംറൗണ്ടിലെത്താം.









0 comments