പ്രവാസി ക്ഷേമനിധി നിയമം ഭേദഗതി ചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 18, 2018, 06:27 PM | 0 min read


തിരുവനന്തപുരം
കേരള പ്രവാസി ക്ഷേമബോർഡിൽ  60 വയസ്സ് കഴിഞ്ഞവർക്ക് അംഗത്വം നൽകി പെൻഷൻ അനുവദിക്കണമെന്ന വ്യവസ്ഥയും ഉൾക്കൊള്ളിച്ച‌് നിയമഭേദഗതി വരുത്തുന്നത‌്  പരിഗണനയിലാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിൽ അംഗത്വത്തിനുള്ള പ്രായപരിധി 60 വയസ്സാണെന്നും കെ വി അബ്ദുൾഖാദറിന്റെ ഉപക്ഷേപത്തിന‌് മുഖ്യമന്ത്രി മറുപടി നൽകി.

ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിൽ ഉയർന്നുവന്ന നിർദേശപ്രകാരം തിരികെ എത്തുന്ന പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതികൾ കൂടുതൽ ഫലപ്രദമാക്കാൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായി സ്റ്റാൻഡിങ‌് കമ്മിറ്റിക്ക‌് രൂപംനൽകിയിട്ടുണ്ട്. ചെറുകിട നിക്ഷേപം സമാഹരിച്ച് പ്രവാസികൾ മടങ്ങിയെത്തുമ്പോൾ തൊഴിൽസാധ്യത ഉറപ്പുവരുത്താൻ സംരംഭങ്ങൾ തുടങ്ങുന്നതിനായുള്ള ചർച്ച പുരോഗമിക്കുന്നു.

തിരികെ എത്തിയ പ്രവാസികൾക്ക് സർക്കാർ നടപടിക്രമങ്ങൾ പാലിച്ച് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നോർക്ക ഡിപ്പാർട‌്മെന്റ് പ്രോജക്ട്‌സ് ഫോർ റിട്ടേൺ ഇമിഗ്രന്റ്‌സ് എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനി, ട്രസ്റ്റ്, സൊസൈറ്റി തുടങ്ങിയവയെയും ഈ പദ്ധതിയുടെ ആനുകൂല്യത്തിന് പരിഗണിക്കും.
പരമാവധി 20 ലക്ഷം രൂപ അടങ്കൽ മൂലധന ചെലവുവരുന്ന പദ്ധതികൾക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും ആദ്യ നാലുവർഷം മൂന്ന‌് ശതമാനം പലിശ സബ്‌സിഡിയും നൽകി ബാങ്ക് വായ്പ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ബാങ്കുകൾക്കുപുറമെ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ, കേരള സംസ്ഥാന പ്രവാസിക്ഷേമ വികസന കോ﹣ ഓപ്പറേറ്റീവ് സൊസൈറ്റി, കേരള സംസ്ഥാന പട്ടികജാതി﹣ വർഗ വികസന കോർപറേഷൻ എന്നിവരുമായി ഈ പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home