ജർമനി, മണിമുഴങ്ങുന്നു

മധ്യനിരയാണ് ജർമൻ ടീമിന്റെ ഹൃദയം. മെക്സികോയുമായുള്ള കളിയിൽ ആ ഹൃദയം നിലച്ചു. ജർമനി തോറ്റു. ജോക്വിം ലോയ്ക്ക് ഇനി അതിൽ ചോരയോട്ടമുണ്ടാക്കണം. അല്ലെങ്കിൽ ജർമനിയുടെ സർവാധിപത്യത്തിന് റഷ്യൻമണ്ണിൽ അവസാനമുണ്ടാകും. അപകടമണി മുഴങ്ങി. ടീമിൽ മുറുമുറുപ്പ് കേട്ടുതുടങ്ങി.
ജർമനിയെ ഇത്രയും പരിഭ്രാന്തരായി കണ്ടിട്ടില്ല. മെക്സികോയുമായുള്ള കളിയുടെ അവസാനനിമിഷങ്ങളിൽ ഗോൾകീപ്പർ മാനുവൽ നോയെവരെ മെക്സികോ ബോക്സിലെത്തി.
ഒരുവർഷം മുമ്പ്, കോൺഫെഡറേഷൻസ് കപ്പിൽ മെക്സികോയെ ജർമനി 3‐1ന് തോൽപ്പിച്ചിട്ടുണ്ട്. ജർമൻ ടീമിൽ വലിയ മാറ്റങ്ങളുണ്ടായില്ല. മെക്സികോ ടീമിലും. അവരുടെ സമീപനത്തിൽ മാറ്റമുണ്ടായി. ഭയരഹിതമായ കളി. ലോകചാമ്പ്യൻമാരെ വിറപ്പിച്ച കളി അങ്ങനെയുണ്ടായി. ജർമനി വിരണ്ടു. വേഗം നഷ്ടപ്പെട്ടു, താളമില്ല, ഒത്തിണക്കമില്ല. മധ്യനിരയും പ്രതിരോധവും രണ്ട് ദേശങ്ങളിലെന്നപോലെ വേർപെട്ടു. പ്രതിരോധം അമ്പരിപ്പിക്കുന്ന രീതിയിൽ തുറന്നുകിടന്നു.
രണ്ടാംപകുതിയിൽ ആക്രമണത്തിൽ സ്ഥിരത കാട്ടിയെങ്കിലും മെക്സികോയുടെ പ്രത്യാക്രമണത്തെ ചെറുക്കാനുള്ള മറുതന്ത്രങ്ങളുണ്ടായില്ല. എത്രയോ തവണ ജർമൻ മധ്യനിരയെ ഭേദിച്ച് മെക്സിക്കൻ മുന്നേറ്റം ഗോൾമേഖലയിൽ ഇരമ്പിയെത്തി. ഭാഗ്യംകൊണ്ടു മാത്രം ജർമനി കൂടുതൽ വഴങ്ങിയില്ല. ആദ്യപകുതിയിൽ അഞ്ചു തവണയാണ് മെക്സികോ ജർമൻപ്രതിരോധത്തെ കീറിമുറിച്ചത്. മൂന്ന് കൃത്യമായ അവസരങ്ങൾ. പക്ഷേ, ഫിനിഷിങ്ങിലും ആ മികവുണ്ടായിരുന്നെങ്കിൽ ഗോളെണ്ണം കൂടിയേനെ.
മധ്യനിരയിൽ ബാസ്റ്റിൻ ഷ്വെയ്ൻസ്റ്റൈഗറിനെപ്പോലെ, മിഷയേൽ ബലാക്കിനെപ്പോലെ ഒരു മിഡ്ഫീൽഡ് ജനറൽ ജർമൻ നിരയിലുണ്ടായില്ല. ഒരു ചിന്തകനുണ്ടായില്ല ജർമനിക്ക്. ടോണി ക്രൂസും സാമി ഖെദീരയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. അമിതഭാരംകൊണ്ട് പ്രതിരോധം തളർന്നു. അനായാസം മെക്സികോ ഈ നിരയെ ഭേദിച്ചു. 'ഞങ്ങൾ ഒറ്റപ്പെട്ടുപോയി' എന്ന് മത്സരശേഷം ബോട്ടെങ് പറഞ്ഞു. പ്രതിരോധവും മധ്യനിരയും തമ്മിലുള്ള ഒത്തിണക്കമില്ലായ്മ ബോട്ടെങ്ങിന്റെ വാക്കുകളിൽ വ്യക്തം.
മെക്സികോയുടെ പ്രതിരോധതന്ത്രം കൃത്യമായിരുന്നു. വമ്പൻ ക്രൂസിനെ അവർ പൂട്ടി. കാർലോസ് വേലയ്ക്കായിരുന്നു ആ ചുമതല. മധ്യനിരയിൽനിന്നുള്ള പന്തൊഴുക്ക് നിലച്ചു. പ്രതിരോധക്കാനും കഴിഞ്ഞില്ല ക്രൂസിന്. ഇതോടെ ഹാവിയർ ഹെർണാണ്ടസ് മുന്നോട്ടുകയറി. ഒരു ഫ്രീകിക്ക് മാത്രമാണ് ക്രൂസിൽനിന്നുണ്ടായത്. മധ്യനിരയിൽ മെസൂട്ട് ഒസീലിനും ജൂലിയൻ ഡ്രാക്സലറിനും വേഗം നഷ്ടപ്പെട്ടു. വേഗത്തിൽ കുതിക്കുന്ന ലിറോയ് സാനെയുടെ അസാന്നിധ്യം ലോ അറിഞ്ഞു.
കളിയുടെ 60‐ാം മിനിറ്റിൽ ഖെദീരയെ പിൻവലിച്ച് മാർകോസ് റ്യൂസിനെ ഇറക്കിയതോടെയാണ് ജർമനിക്ക് അൽപ്പമെങ്കിലും താളംകിട്ടിയത്. റ്യൂസ് എത്തിയപ്പോൾ ഒസീൽ പിന്നോക്കം ഇറങ്ങി. ഇതോടെ ജർമൻ മധ്യനിര സന്തുലിതമായി. അപ്പോഴും പ്രതിരോധം ഒഴിഞ്ഞുകിടന്നു.
വലതുബാക്ക് ജോഷ്വ കിമ്മിച്ചിന് പ്രതിരോധത്തെക്കാൾ മുഖ്യം ആക്രമണമായിരുന്നു. പലപ്പോഴും തോമസ് മുള്ളറെവരെ മറികടന്ന് കിമ്മിച്ച് മെക്സികോ മേഖലയിൽ എത്തി. ഈ വിടവിൽ ലൊസാനോ കയറി. അതിവേഗത്തിൽതന്നെ. ഗോൾ വന്ന വഴിയും ഇതായിരുന്നു. കിമ്മിച്ച് ഒഴിച്ചിട്ട ഇടം സംരക്ഷിക്കാൻ ഒസീൽ ആഞ്ഞുശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇടതുഭാഗത്ത് പ്ലാറ്റെൻഹാർട്ടിന് മത്സരത്തിൽ സാന്നിധ്യംപോലുമായില്ല. ഒരു ചലനവുമുണ്ടാക്കാനായില്ല ഈ യുവതാരത്തിന്. ഇതോടെ ഹുമ്മെൽസിനും ബോട്ടെങ്ങിനും ജോലി കൂടി. ഇരുഭാഗത്തേക്കും നീങ്ങി. മധ്യഭാഗത്ത് കിട്ടിയ ആ വിടവിലൂടെ ഹാവിയർ ഹെർണാണ്ടസ് മുന്നേറി. ബോട്ടെങ്ങും ഹുമ്മെൽസും പരസ്പരം നോക്കിനിന്നു.
ലോയുടെ തീരുമാനങ്ങൾ ചോദ്യംചെയ്യപ്പെട്ടുതുടങ്ങി. സാനെയെ ഒഴിവാക്കിയതിന്. മാർക് ആന്ദ്രേ ടെർ സ്റ്റെയ്ഗനെ ബെഞ്ചിലിരുത്തി ഏറെക്കാലമായി കളിക്കാത്ത മാനുവൽ നോയയെ ഇറക്കിയതിന്. ഖെദീരയെ കളിപ്പിച്ചതിന്, ഗുൺഡോവനെ കളിപ്പിക്കാത്തതിന്... ചോദ്യങ്ങൾ നീളും. ലോയ്ക്ക് അതറിയാം.









0 comments