ബഹ്‌‌‌റൈനില്‍ നിന്നും കോഴിക്കോട്ടേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 16, 2018, 12:50 PM | 0 min read

മനാമ > ബഹ്‌‌റൈനില്‍ നിന്നും ഗള്‍ഫ് എയര്‍ കോഴിക്കോട്ടേക്കു നേരിട്ടുള്ള പ്രതിദിന സര്‍വീസ് തുടങ്ങി. ഇതോടെ കേരളത്തിലെ മൂന്നു വിമാനതാവളത്തിലേക്കും ഗള്‍ഫ് എയറിനു സര്‍വീസായി.
ആഴ്ചയില്‍ എല്ലാ ദിവസവുമാണ് കരിപ്പൂര്‍ സര്‍വീസ്. ബഹ്റൈനില്‍ നിന്നു രാത്രി 11.25ന് പുറപ്പെട്ടു പുലര്‍ച്ചെ 4.30നു വിമാനം കരിപ്പൂരിറങ്ങും. തിരിച്ചുള്ള വിമാനം പുലര്‍ച്ചെ 5.30ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 7.20ന് ബഹ്റൈന്‍ എത്തും.

ബഹ്റൈിനില്‍നിന്നും ഏറ്റവും കൂടുതല്‍ മലയാളി പ്രവാസികള്‍ യാത്ര ചെയ്യുന്നത് കരിപ്പൂര്‍ വിമാനതാവളത്തിലേക്കാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമായിരുന്നു നേരിട്ടുള്ള സര്‍വീസ് നടത്തിയിരുന്നത്. അതുപോലെ സൗദിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍ക്ക് പുതിയ ഗള്‍ഫ് എയര്‍ സര്‍വീസ് ആശ്വാസമാണ്. കണക്ഷന്‍ വിമാനം ഉള്ളതിനാല്‍ സൗദിയിലെ ജിദ്ദ, മദീന, റിയാദ്, അബഹ, അല്‍ഖസീം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു കരിപ്പൂര്‍ യാത്രക്കാരായ പ്രവാസികള്‍ക്കും, കരിപ്പൂരില്‍ നിന്നു തിരിച്ചും ഈ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഗള്‍ഫ് എയറിന്റെ ബഹ്റൈന്‍ സര്‍വീസ് പ്രയോജനം ചെയ്യും. ജിദ്ദയിലെ പ്രവാസികളില്‍ വലിയൊരു വിഭാഗം മലബാറില്‍ നിന്നുള്ള പ്രവാസികളാണ്. 

സൗദിയിലെ ഈ സെക്‌ടറുകളില്‍ നിന്നും 6 ‐ 8 മണിക്കൂര്‍ കൊണ്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്താം. ബഹ്റൈന്‍കരിപ്പൂര്‍ ഗള്‍ഫ് എയറ വിമാനത്തിനു കണക്ഷന്‍ നല്‍കുന്ന വിധമാണു പുതുതായി സൗദിയിലെ അബഹയിലേക്കും തബൂക്കിലേക്കും ജൂണ്‍ 15ന് ഗള്‍ഫ് എയര്‍ സര്‍വീസ് ആരംഭിച്ചത്.

ഗള്‍ഫ് എയര്‍ ജിദ്ദാ വിമാനം വൈകിട്ട് 5.30നു പുറപ്പെട്ടു 7.20നു ബഹ്റൈന്‍ എത്തും. 11.25നാണ് കോഴിക്കോട്ടേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വീസ്. തിരിച്ചുള്ള വിമാനം ബഹ്റൈനില്‍ നിന്നും രാവിലെ 10.15നു പുറപ്പെട്ട് ഉച്ചക്ക് 12.30നു ജിദ്ദയില്‍ എത്തും.

40 കിലോ ഫ്രീ ബാഗേജ് 10 കിലോ ഹാന്‍ഡ്ബാഗും അനുവദിക്കുന്നുണ്ട്. അവധിക്കാലത്ത് പുതിയ സര്‍വീസ് എത്തിയത് പ്രവാസികളുടെ യാത്ര സുഗമമാക്കും. ടിക്കറ്റ് നിരക്കിലും കുറവു വന്നിട്ടുണ്ട്. കോഴിക്കോട് സര്‍വീസോടെ ഗള്‍ഫയറിന്റെ ഇന്ത്യയിലേക്കുള്ള സര്‍വീസ് എട്ടായി ഉയര്‍ന്നു. നിലവില്‍ തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ, ഡല്‍ഹി, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവടങ്ങളിലേക്കും ഗള്‍ഫ് എയര്‍ സര്‍വീസുണ്ട്.

 



deshabhimani section

Related News

View More
0 comments
Sort by

Home