ലിനിക്ക് ആദരാഞ്ജലികളോടെ ബഹ്‌റിൻ പ്രവാസികൾ

മനാമ> രോഗീപരിചരണത്തിനിടെ നിപാ വൈറസ് ബാധിച്ച് അകാലത്തില്‍ പൊലിഞ്ഞ നഴ്‌സ് ലിനിയുടെ വേര്‍പാടില്‍ വേദനയോടെ ബഹ്‌റൈന്‍ പ്രവാസി മലയാളികള്‍. ലിനിയുടെ ഭര്‍ത്താവ് വടകര സ്വദേശിയായ സജീഷ് ബഹ്‌റൈന്‍ പ്രവാസിയാണ്. ലിനിയേയും കുഞ്ഞുങ്ങളേയും ബഹ്‌റൈനിലേക്കു വരാന്‍ സജീഷ് ശ്രമിക്കുന്നതിനിടെയാണ് ഈ വിയോഗം.
ബഹ്‌റൈനിലെ അവാന്‍ മീഡിയയില്‍ അക്കൗണ്ടന്റാണ് സജീഷ്. 17നാണ് കടുത്ത പനി ബാധിച്ച് നഴ്‌സ് ലിനിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചത്. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച സജീഷ് നാട്ടിലേക്ക് പോയിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്ന പ്രിയതമയെ അവസാനമായി ഒരു നോക്കു കാണാനെ സജീഷിന് സാധിച്ചുള്ളു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലിനി തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ വെന്റിലേറ്ററിലേക്ക് ആര്‍ക്കും പ്രവേശനം നല്‍കിയിരുന്നില്ല.
നാട്ടിലെ നഴ്‌സിംഗ് ജോലി പൂര്‍ത്തിയാക്കി രണ്ടുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനിലെത്തി ഭര്‍ത്താവിനൊപ്പം കഴിയാനും ജോലി തുടരാമുള്ള ആഗ്രഹത്തിലായിരുന്നു ലിനി.
വടകര പൂത്തൂര്‍ സ്വദേശിയായ സജീഷ് 2012 ലാണ് ലിനിയെ വിവാഹം കഴിച്ചത്. വിധുല്‍(5) , സിദ്ധാര്‍ഥ്(2) എന്നിവര്‍ മക്കള്‍. പിഞ്ചോമനകളെ ഗള്‍ഫില്‍ കൊണ്ടുപോകണമെന്ന് എഴുതിയ ലിനിയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ നൊമ്പരമായി. ജോലിക്കിടെ ജീവത്യാഗം ചെയ്യേണ്ടിവന്ന ലിനിക്ക് ബഹ്‌റൈന്‍ മലയാളി പ്രവാസികളും നഴ്‌സിംഗ് ജീവനക്കാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.









0 comments