കല കുവൈറ്റ് വാർഷികം ‘തരംഗം 2018’ മെയിൽ ; മുഖ്യാഥിതി മന്ത്രി സി രവീന്ദ്രനാഥ്

കുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്‍ട്ട് ലവേഴ് സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന 40ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷത്തെ മെഗാ സാംസ്കാരിക സദസ്സ്, 'തരംഗം2018' മെയ് 11 ന് ഖാല്‍ദിയ കുവൈറ്റ് യൂണിവേഴ്സിറ്റി തീയറ്ററില്‍ വെച്ച് നടക്കും. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം 'തരംഗം2018' നെ ശ്രദ്ധേയമാക്കും.
കഴിഞ്ഞ 27 വര്‍ഷമായി കല കുവൈറ്റ് നടത്തിവരുന്ന ഏറ്റവും വലിയ സാംസ്കാരിക ദൗത്യമായ മാതൃഭാഷ പഠന പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഇതേ വേദിയില്‍ നിര്‍വ്വഹിക്കപ്പെടും. കുവൈറ്റ് മലയാളികള്‍ക്കിടയില്‍ കാര്‍ഷിക അഭിരുചി വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ കല കുവൈറ്റ് നടത്തിവരുന്ന 'എന്‍റെ കൃഷി' മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും, മെയ് 5ന് നടക്കുന്ന ബാലകലാമേളയിലെ കലാപ്രതിഭ, കലാതിലകം എന്നിവ നേടുന്നവർക്കുള്ള സ്വർണ്ണ മെഡലുകളും മെഗാ പരിപാടിയിൽ വെച്ച് വിതരണം ചെയ്യും.
ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ പ്രശസ്ത ഗായിക സിത്താര കൃഷ്ണകുമാര്‍, പ്രശസ്ത ഗായകരായ പ്രദീപ് സോമസുന്ദരന്‍, വിജേഷ് ഗോപാല്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും മെഗാപരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളത്തിന്‍റെ സാംസ്കാരിക തനിമയും ബഹുസ്വരതയും വിളിച്ചോതുന്ന നിരവധി പരിപാടികള്‍ 'തരംഗം2018' ന്‍റെ ഭാഗമായി അണിയിച്ചൊരുക്കുന്നുണ്ട്. കുവൈറ്റിലേയും കേരളത്തിലേയും കലാകാരന്മാര്‍ മെഗാപരിപാടിയുടെ ഭാഗമാകും.
40ാം വർഷം 40 വ്യത്യസ്ത പരിപാടികളാണ് കല കുവൈറ്റ് ഈ വർഷം ലക്ഷ്യം വെക്കുന്നത്. ഇതിന്റെ സുഗമമായ നടത്തിപ്പിനായ് ടി.വി.ഹിക് മത് ചെയർമാനും, ജെ.സജി ജനറൽ കൺവീനറുമായുള്ള 250 പേരടങ്ങുന്ന 40ാം വാർഷിക സ്വാഗതസംഘം രൂപീകരിച്ചതായി കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ, ജന: സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അറിയിച്ചു.









0 comments