51 ഇന്ത്യക്കാർ വധശിക്ഷ വിധിക്കപ്പെട്ട് വിദേശത്ത്; ഏറ്റവും കൂടുതൽ യുഎഇയിൽ

death sentence
വെബ് ഡെസ്ക്

Published on Mar 07, 2025, 11:33 AM | 1 min read

മനാമ: വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 51 ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ഇതിൽ 42 പേരും ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിലാണ്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത് യുഎഇയിലാണ്, 26 പേർ.


ഫെബ്രുവരി 13ന് കേന്ദ്ര വിദേശ മന്ത്രി കീർത്തി വർധൻ സിംഗ് പാർലമെന്റിൽ നൽകിയ മറുപടി പ്രകാരം സൗദിയിൽ 12 ഇന്ത്യക്കാരും കുവൈത്തിൽ മൂന്നുപേരും ഖത്തറിൽ ഒരാളും വധശിക്ഷക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. വിചാരണ തടവുകാർ ഉൽപ്പെടെ 10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിലുണ്ട്. സൗദിയിലും (2,633), യുഎഇയിലും (2,518) ആണ് കൂടുതൽ ഇന്ത്യൻ തടവുകാർ ഉള്ളത്.


കഴിഞ്ഞ ഫെബ്രുവരി 28ന് കണ്ണൂർ സ്വദേശികളായ തയ്യിൽ സ്വദേശി പെരുംതട്ട വളപ്പിൽ മുരീളധരൻ (43), തലശ്ശേരി നെട്ടൂർ സ്വദേശി മുഹമ്മദ് റിനാഷ്(29), ഫെബ്രുവരി 15ന് യുപി സ്വദേശിനി ഷഹ്‌സാദി ഖാൻ (33) എന്നിവരുടെ വധ ശിക്ഷ നടപ്പാക്കിയിരുന്നു. ഇന്ത്യക്കാരാനായ മൊയ്തീൻ കൊല്ലപ്പെട്ട കേസിലാണ് മുരളീധരൻ ശിക്ഷിക്കപ്പെട്ടത്. മൊയ്തീനെ മരുഭൂമിയിൽ കുഴിച്ചിടുകയായിരുന്നു. ഇയാളെ കാണാനില്ലെന്ന് കാണിച്ച് കുടുംബ നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് മുരളീധരൻ പിടിയിലായത്.


യുഎഇ പൗരൻ കൊല്ലപ്പെട്ട കേസിലാണ് റിനീഷിനെ ശിക്ഷിച്ചത്. അൽ ഐനിൽ ട്രാവൽ ഏജൻസി ജോലിക്കിടെ പരിചയപ്പെട്ട സ്വദേശി സിയാദ് അൽ മൻസൂരിയുടെ വീട്ടിൽ വെച്ചുണ്ടായ വാക്ക് തർക്കത്തിൽ മൻസൂരിയെ കൊലപ്പെടുത്തി എന്നാണ് കേസ്. നാലു മാസം പ്രായമായ കുഞ്ഞ് മരിച്ച കേസിലാണ് ഷഹ്‌സാദി ഖാനെ വധ ശിക്ഷക്ക് വിധേയമാക്കിയത്.


യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയ, ദിയാധനം സ്വീകരിച്ച് കുടുംബം മാപ്പ് നൽകിയിട്ടും വധക്കേസിൽ തീരുമാനമാകാതെ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീം എന്നിവരുടെ മോചനത്തിന് ശ്രമം നടക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home