ക്രിക്കറ്റിലെ ശാസ്‌ത്രജ്ഞൻ ; ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ്‌ സ്‌പിന്നർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 10:45 PM | 0 min read

രാജ്യാന്തര വിക്കറ്റുകൾ
537 ടെസ്‌റ്റ്‌ വിക്കറ്റുകൾ
156 ഏകദിന വിക്കറ്റുകൾ
72 ട്വന്റി20 വിക്കറ്റുകൾ


ബ്രിസ്‌ബെയ്‌ൻ
ഗാബയിൽ മഴ കനത്ത്‌ തുടങ്ങുന്ന സമയം. കളിക്കാർ ഓരോരുത്തരായി കളം വിടാനുള്ള ഒരുക്കത്തിലാണ്‌. ക്യാമറകൾ നേരെ ഇന്ത്യൻ ഡ്രസിങ്‌ റൂമിനുനേരെ തിരിഞ്ഞു. വിരാട്‌ കോഹ്‌ലിയും ആർ അശ്വിനും സംസാരിച്ചുകൊണ്ടിരിക്കുന്ന ദൃശ്യം. സംസാരത്തിനിടയിൽ കോഹ്‌ലി അശ്വിനെ പുണർന്നു. സംസാരം തുടരുന്നതിനിടയിൽ അശ്വിൻ കണ്ണൊന്നു തുടച്ചു. കോഹ്‌ലി കൈകൾ അശ്വിന്റെ തോളിലേക്കിട്ടു. മഴ തകർത്തുപെയ്യാൻ തുടങ്ങി. അശ്വിൻ പടിയിറങ്ങുകയാണ്‌.

ഇനിയൊരിക്കലും ഡ്രസിങ്‌ റൂമിൽ അയാളുടെ ‘കുട്ടി സ്‌റ്റോറികൾ ’ ഇല്ല. അതേസമയം, ചെന്നൈയിലെ ചെപ്പോക്ക്‌ സ്‌റ്റേഡിയത്തിലും മഴ പെയ്ത്‌ തുടങ്ങുകയായിരുന്നു.
അപ്രതീക്ഷിതമായിരുന്നു പ്രഖ്യാപനം. 106 ടെസ്‌റ്റിൽ 537 വിക്കറ്റുമായാണ്‌ ‘ക്രിക്കറ്റ്‌ സയന്റിസ്‌റ്റി’ന്റെ   മടക്കം. അനിൽ കുംബ്ലെ കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ്‌ വേട്ടക്കാരൻ. അഞ്ച്‌ വിക്കറ്റ്‌ നേട്ടം 37 തവണ കുറിച്ചിട്ടുണ്ട്‌. ആറ്‌ സെഞ്ചുറികളും 14 അർധസെഞ്ചുറികളും ഉൾപ്പെടെ 3503 റൺ. 2011ൽ ഏകദിന ലോകകപ്പ്‌ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ഏകദിനത്തിൽ 156 വിക്കറ്റും ട്വന്റി20യിൽ 72 വിക്കറ്റും നേടി.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ്‌ സ്‌പിന്നറായാണ്‌ അശ്വിനെ വിലയിരുത്തുന്നത്‌. കളിയെക്കുറിച്ച്‌ അസാമാന്യ ധാരണയായിരുന്നു തമിഴ്‌നാട്ടുകാരന്‌. ഇത്രയും ബുദ്ധിപരമായി പന്തെറിയുന്ന മറ്റൊരു ബൗളറില്ല. എതിരാളിയുടെ നീക്കങ്ങളെ കണക്കുകൂട്ടി പന്തേറിൽ പലവിധ വ്യത്യാസങ്ങളും വരുത്തും. ആക്ഷനും വേഗവും ഗതിയും ഞൊടിയിടയിൽ മാറും. ഇടംകൈ ബാറ്റർമാർ പ്രത്യേകിച്ചും ഈ വൈവിധ്യങ്ങളെ ഭയന്നു.

 

ചെന്നൈ നഗരത്തിനടുത്ത്‌ മാംബലത്തെ തെരുവുകളിൽനിന്നാണ്‌ തുടക്കം. ടെന്നീസ്‌ പന്തുമായി  ക്രിക്കറ്റ്‌ കളിച്ച ബാലൻ പിന്നെ ഇന്ത്യൻ ടെസ്‌റ്റ്‌ ക്രിക്കറ്റിന്റെ പടവുകളിലേക്ക്‌ ഉറച്ച കാൽവയ്‌പോടെ നടന്നുനീങ്ങുന്ന കാഴ്‌ചയായിരുന്നു. ഇന്ത്യൻ പിച്ചുകളിൽ അശ്വിനെ വെല്ലാൻ ഒരു ബാറ്ററുമുണ്ടായില്ല. കാരംപന്തുകളും ആം പന്തുകളുമായിരുന്നു ആയുധങ്ങൾ. ഓഫ്‌ ബ്രേക്കുകളിൽ അസാമാന്യമായ നിയന്ത്രണവുമുണ്ടായിരുന്നു. ബാറ്ററായി തുടങ്ങിയ  ചെറുപ്പക്കാരൻ പിന്നെ പന്ത്‌ കൊണ്ട്‌ ഇന്ദ്രജാലം കാട്ടി. കുംബ്ലെയും ഹർഭജൻ സിങ്ങും കളംവിട്ടതിനുശേഷമുള്ള വിടവിലേക്കാണ്‌ കടന്നെത്തിയത്‌. 2011ൽ വെസ്‌റ്റിൻഡീസിനെതിരായ അരങ്ങേറ്റം ഒമ്പത്‌ വിക്കറ്റ്‌ വീഴ്‌ത്തികൊണ്ടായിരുന്നു. ആദ്യ 16 ടെസ്‌റ്റിൽ ഒമ്പത്‌ അഞ്ച്‌ വിക്കറ്റ്‌ നേട്ടം. 2016‐17ൽ ന്യൂസിലൻഡുമായുള്ള മൂന്ന്‌ മത്സര പരമ്പരയിൽ 27 വിക്കറ്റാണ്‌ വീഴ്‌ത്തിയത്‌. വേഗത്തിൽ 300 വിക്കറ്റ്‌ നേടി റെക്കോഡിട്ടു.

2015ലെ ചെന്നൈ പ്രളയത്തിൽ കുടുംബാംഗങ്ങൾ എവിടെയാണെന്നറിയാത്ത ഘട്ടത്തിലാണ്‌ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ നിർണായക അർധസെഞ്ചുറി കുറിക്കുന്നത്‌. 2021ലെ സിഡ്‌നി ടെസ്‌റ്റിൽ ഓസീസ്‌ പേസാക്രമണത്തെ ഹനുമ വിഹാരിക്കൊപ്പം ചേർന്ന്‌ ചെറുത്തുനിന്നതാണ്‌ മറ്റൊരു ഓർമ. ശരീരം മുഴുവൻ അന്ന്‌ പന്ത്‌ കൊണ്ട്‌ നീലിച്ചിരുന്നു.

സമയമായെന്ന ഉറപ്പിലാണ്‌ മടക്കം. രണ്ട്‌ പരമ്പരയ്‌ക്ക്‌ മുമ്പ്‌ ബംഗ്ലാദേശിനെതിരെ മാൻ ഓഫ്‌ ദി സീരീസായിരുന്നു. എന്നാൽ ന്യൂസിലൻഡുമായുള്ള പരമ്പരയിൽ മൂന്ന്‌ കളിയിൽ ഒമ്പത്‌ വിക്കറ്റ്‌ മാത്രമാണ്‌ കിട്ടിയത്‌. ഓസീസിനെതിനെതിരെ അഡ്‌ലെയ്‌ഡിൽ കിട്ടിയത്‌ ഒരു വിക്കറ്റും. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുമെന്ന് അശ്വിൻ വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ ചെന്നെെ സൂപ്പർ കിങ്സിലാണ്.


 

ബാറ്റിലും തിളങ്ങി
പന്തിൽ മാത്രമല്ല ആർ അശ്വിന്‌ സാമർഥ്യം. ബാറ്റിങ്ങിലും കരുത്ത്‌ തെളിയിച്ചാണ്‌ മടക്കം. ദീർഘകാലം ടെസ്റ്റ്‌ ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്ത്‌ തുടർന്നത്‌ അതിന്‌ അടിവരയിടുന്നു. ഇപ്പോഴും മൂന്നാംറാങ്കിലുണ്ട്‌. ഇന്ത്യ പ്രതിസന്ധിയിലാകുമ്പോഴെല്ലാം ബാറ്റുകൊണ്ട്‌ അവതരിച്ചിട്ടുണ്ട്‌. 106 ടെസ്റ്റിൽ ആറ്‌ സെഞ്ചുറിയും അർധസെഞ്ചുറിയും ഉൾപ്പെടെ 3503 റണ്ണടിച്ചിട്ടുണ്ട്‌. ഏകദിനത്തിൽ ഒരു ഫിഫ്‌റ്റിയുമുണ്ട്‌. ഏറ്റവും ഒടുവിൽ സെപ്‌തംബറിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റിലാണ്‌ മൂന്നക്കം കണ്ടത്‌. അന്ന്‌ സ്വന്തംമണ്ണായ ചെന്നൈയിലായിരുന്നു പ്രകടനം.

 



deshabhimani section

Related News

View More
0 comments
Sort by

Home