ദുബായിൽ പുതുതായി നിരവധി ഹരിത ചാർജർ പോയിന്‍റുകളൊരുക്കി ദേവ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 07:37 PM | 0 min read

ദുബായ് > ദുബായ്  എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളിലായി 740 ലേറെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ഹരിത ചാർജർ പോയിന്‍റുകൾ  ഒരുക്കിയിരിക്കുകയാണ് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ). എമിറേറ്റിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ വർധിച്ച സാഹചര്യത്തിലാണിത്.

2024 ഒക്ടോബറിൽ ദുബായിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 34,970 കവിഞ്ഞതായാണ് കണക്കുകൾ. ഇ വി ഹരിത  ചാർജർ നെറ്റ്‌വർക്കിൽ അൾട്രാ ഫാസ്റ്റ്, ഫാസ്റ്റ്, പബ്ലിക്, വാൾ-ബോക്സ് ചാർജറുകൾ ഉൾപ്പെടുന്നു. 2014 മുതൽ 2024 സെപ്തംബർ അവസാനം വരെ മൊത്തം 16,828 ഉപഭോക്താക്കൾക്ക് ഈ സംരംഭത്തിന്‍റെ സേവനങ്ങളിൽ നിന്ന് പ്രയോജനം ലഭിച്ചതായി ദേവ പറഞ്ഞു. അതോറിറ്റി ഇലക്ട്രിക് വാഹനങ്ങൾക്ക് ഏകദേശം 31,674 മെഗാവാട്ട് മണിക്കൂർ വൈദ്യുതി നൽകുന്നു.

ദേവയുടെ വെബ്‌സൈറ്റ്, സ്‌മാർട്ട് ആപ്പ്, മറ്റ് 14 ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഉപഭോക്താക്കൾക്ക് സൗകര്യപൂർവ്വം ഈ ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താനാകും.  2050ഓടെ 50 ശതമാനം കാറുകളും ഇലക്‌ട്രിക് വാഹനങ്ങളാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നതെന്ന് ദേവയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.

സുസ്ഥിരത മുന്നോട്ട് കൊണ്ടുപോകുന്നതിനും മൊബിലിറ്റി മേഖലയിലെ കാർബൺ പുറന്തള്ളൽ  കുറയ്ക്കുന്നതിനും ദുബായിലെ ഹരിത  മൊബിലിറ്റി ഇൻഫ്രാസ്ട്രക്ചറിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായിലെ ഇവി ചാർജിങ് സ്റ്റേഷനുകൾക്കായി ടെസ്‌ലയ്ക്കും യുഎഇവിക്കും ആദ്യത്തെ രണ്ട് ഇൻഡിപെൻഡന്‍റ് ചാർജ് പോയിന്‍റ് ഓപ്പറേറ്റർ (സിപിഒ) ലൈസൻസുകൾ ദേവ നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home