ഫൈനലിനരികെ ദക്ഷിണാഫ്രിക്ക ; ശ്രീലങ്കയെ തോൽപ്പിച്ച് പരമ്പര

പോർട്ട് എലിസബത്ത്
ശ്രീലങ്കയെ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ തകർത്ത് ദക്ഷിണാഫ്രിക്ക ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ് ഫൈനലിനരികെ. പരമ്പര 2–-0നാണ് ടെംബ ബവുമയും സംഘവും സ്വന്തമാക്കിയത്. രണ്ടാംടെസ്‌റ്റിൽ 109 റണ്ണിനായിരുന്നു ജയം.
തുടർച്ചയായ അഞ്ചാംജയത്തോടെയാണ് ദക്ഷിണാഫ്രിക്ക ലോക ടെസ്‌റ്റ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്. 63.33 ശതമാനത്തോടെയാണ് ഒന്നാംസ്ഥാനം. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ പാകിസ്ഥാനെതിരെയാണ്. ഒരുകളി ജയിച്ചാൽ ഫൈനലിലെത്താം. രണ്ട് ടെസ്‌റ്റും തോറ്റാലും സാധ്യത അവശേഷിക്കും. ഏറ്റവും കുറവ് മത്സരങ്ങൾ കളിച്ചതിന്റെ മുൻതൂക്കവുമുണ്ട്. 10 കളിയിൽ ആറ് ജയവും ഒരു സമനിലയും മൂന്ന് തോൽവിയും.
രണ്ടാമതുള്ള ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്‌റ്റിൽ ലങ്കയെ തോൽപ്പിക്കുംവരെ ഒന്നാംപടിയിലായിരുന്നു. നിലവിൽ രണ്ടാമതാണ്. 60.71 ശതമാനം. ശേഷിക്കുന്നത് ഇന്ത്യക്കെതിരെ മൂന്ന് ടെസ്‌റ്റും ലങ്കയോടുള്ള രണ്ടും. ഇന്ത്യയുമായി ശേഷിക്കുന്ന മൂന്ന് ടെസ്‌റ്റിൽ രണ്ടെണ്ണത്തിൽ ജയിച്ചാൽ ഓസീസിന് മുന്നേറാം. 2–-2 എന്ന നിലയിൽ അവസാനിക്കുകയാണെങ്കിൽ ലങ്കയോട് ഒരു ജയമെങ്കിലും വേണം. 2–-3ന് തോൽക്കുകയാണെങ്കിൽ ലങ്കയോടുള്ള രണ്ട് ടെസ്‌റ്റും ജയിക്കണം.
അവസാന അഞ്ച് ടെസ്‌റ്റിൽ വഴങ്ങിയ നാല് തോൽവിയാണ് ഇന്ത്യയുടെ സാധ്യതകളെ ബാധിച്ചത്. ന്യൂസിലൻഡുമായുള്ള മൂന്ന് ടെസ്‌റ്റ് പരമ്പരയിൽ സ്വന്തം തട്ടകത്തിൽ സമ്പൂർണ തോൽവി വഴങ്ങിയത് കനത്ത തിരിച്ചടിയായി. ഓസീസിനെതിരെ പെർത്തിൽ ജയിച്ച് പ്രതീക്ഷ നൽകിയെങ്കിലും അഡ്‌ലെയ്‌ഡിലെ തോൽവി വീണ്ടും മൂന്നാംസ്ഥാനത്തേക്കെത്തിച്ചു. മറ്റു ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ഫൈനലിൽ കടക്കണമെങ്കിൽ ഓസീസിനെതിരെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയെങ്കിലും വേണം. പരമ്പര 2–-1ന് ജയിച്ചിട്ടും കാര്യമുണ്ടാകില്ല. ലങ്കയെ 2–-0ന് തോൽപ്പിച്ചാൽ ഓസീസിന് മുന്നിലെത്താം.
നാലാമതുള്ള ലങ്കയുടെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു. രണ്ടാംടെസ്‌റ്റിൽ ജയിച്ചിരുന്നെങ്കിൽ അവർക്ക് പ്രതീക്ഷ നിലനിർത്താമായിരുന്നു. അഞ്ചാംദിനം അഞ്ചിന് 202 റണ്ണെന്ന നിലയിൽ കളി തുടങ്ങിയ ലങ്കയ്‌ക്ക് 36 റൺ കൂട്ടിച്ചേർക്കാനെ കഴിഞ്ഞുള്ളൂ. 238ന് കൂടാരം കയറി. 348 റണ്ണായിരുന്നു വിജയലക്ഷ്യം. ദക്ഷിണാഫ്രിക്കയ്‌ക്കായി സ്‌പിന്നർ കേശവ് മഹാരാജ് രണ്ട് വിക്കറ്റെടുത്തു. രണ്ട് ഇന്നിങ്‌സിലുമായി ഏഴ് വിക്കറ്റെടുത്ത മറ്റൊരു സ്‌പിന്നർ ഡെയ്‌ൻ പീറ്റേഴ്‌സനാണ് മാൻ ഓഫ് ദി മാച്ച്. പരമ്പരയിൽ 327 റണ്ണടിച്ച ദക്ഷിണാഫ്രിക്കൻ ക്യാപ്‌റ്റൻ ടെംബ ബവുമയാണ് മാൻ ഓഫ് ദി സിരീസ്.









0 comments