നെറ്റ് സീറോ സെന്റർ സ്ഥാപിക്കാൻ ഒമാൻ ഊർജ മന്ത്രാലയം

മസ്‌ക്കത്ത് > 'ഒമാൻ നെറ്റ് സീറോ സെന്റർ' സ്ഥാപിക്കുമെന്ന് ഊർജ-ധാതു മന്ത്രാലയം പ്രഖ്യാപിച്ചു. സുൽത്താൻ ഹൈതം ബിൻ താരിക്കിൻറെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഇതുമായി ബന്ധപ്പെട്ട നടപടികളെന്ന് ഊർജ, ധാതു വകുപ്പ് മന്ത്രി സലിം നാസർ അൽ ഔഫി പറഞ്ഞു. 2050-ഓടെ രാജ്യത്തുടനീളം കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.
ഒമാൻറെ 'നെറ്റ് സീറോ' പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുക, അനുബന്ധ പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുക, സർക്കാർ-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് അവരുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പിന്തുണ നൽകുക, പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തി 'കാർബൺ രഹിത ഭാവി' എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുക തുടങ്ങിയവയായിരിക്കും പുതുതായി സ്ഥാപിക്കപ്പെടുന്ന കേന്ദ്രത്തിൻറെ പ്രാഥമിക ചുമതലകളെന്ന് അദ്ദേഹം പറഞ്ഞു.
സമഗ്രമായ മേൽനോട്ടം ഉറപ്പാക്കാൻ ഊർജ-ധാതു വകുപ്പ് മന്ത്രി അധ്യക്ഷനായ ഒരു ഉന്നതാധികാര കമ്മിറ്റി രൂപീകരിച്ചു. വിദേശ, ധനകാര്യ, സാമ്പത്തിക മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും പരിസ്ഥിതി അതോറിറ്റിയുടെയും ഒമാൻ ഇൻവെസ്റ്റ്‌മെൻറ് അതോറിറ്റിയുടെയും പ്രതിനിധികളും ഇതിൽ ഉൾപ്പെടുന്നു. പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനും നെറ്റ്-സീറോ പ്രോജക്റ്റുകൾക്ക് അംഗീകാരം നൽകുന്നതിനും കേന്ദ്രത്തിൻറെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സമിതിക്ക് ഉത്തരവാദിത്തമുള്ളതായി മന്ത്രാലയം അറിയിച്ചു.
ഊർജ്ജോപഭോഗ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ പദ്ധതി, നെറ്റ് സീറോ സെൻറർ വികസിപ്പിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലെ ഊർജ്ജ ഉപഭോഗം വിലയിരുത്തുകയും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് ആവശ്യമായ ക്രമീകരണങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും. അന്താരാഷ്‌ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മികച്ച രീതികളും പ്രയോഗങ്ങളും സ്വീകരിക്കുന്നതിനും പ്രാദേശിക വൈദഗ്ധ്യം വളർത്തിയെടുക്കുന്നതിനുള്ള ഗവേഷണത്തിനും കേന്ദ്രം സൗകര്യമൊരുക്കുമെന്നും ഉത്തരവിൽ പരാമർശിക്കുന്നു.
കാർബൺ, ഹൈഡ്രജൻ, ലോ കാർബൺ ഉൽപ്പന്നങ്ങളുടെ സർട്ടിഫിക്കേഷൻ നടപടികൾക്കും കേന്ദ്രം മേൽനോട്ടം വഹിക്കും. സാക്ഷ്യപ്പെടുത്തലിനായി സമർപ്പിക്കപ്പെട്ട അപേക്ഷകൾ അവലോകനം ചെയ്യുകയും, അന്താരാഷ്ട്ര കാർബൺ ക്രെഡിറ്റ് നിബന്ധനകൾ പാലിച്ചുകൊണ്ട് അവയ്ക്ക് അനുമതി നൽകുകയും ചെയ്യും.
ഒമാനിലെ വിവിധ കേന്ദ്രങ്ങൾക്ക് എപ്പോഴും ലഭ്യമാകുന്ന തരത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ വിവരങ്ങൾ ശേഖരിക്കുകയും, സമഗ്രമായ ഒരു ദത്തശേഖരം രൂപപ്പെടുത്തിയെടുക്കാനും നെറ്റ് സീറോ കേന്ദ്രത്തിന് പദ്ധതിയുണ്ടെന്നും, രാജ്യത്തിൻറെ നെറ്റ്-സീറോ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സാമൂഹിക പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള പൊതു ബോധവൽക്കരണ ക്യാമ്പയിനുകൾക്ക് കേന്ദ്രം ചുക്കാൻ പിടിക്കുമെന്ന് മന്ത്രാലയം സൂചന നൽകി.









0 comments