ലോകപട്ടം അരികെ ; പതിനൊന്നാം ഗെയിമിൽ ഗുകേഷ് ഡിങ്ങിനെ വീഴ്‌ത്തി

സിംഗപ്പുർ
വിശ്വനാഥൻ ആനന്ദിന്റെ പിൻഗാമിയായി പതിനെട്ടുകാരൻ ഡി ഗുകേഷ് ലോകചാമ്പ്യനായി അവതരിക്കുമോയെന്നറിയാൻ മൂന്ന് കളികൾ മാത്രം ബാക്കി. ലോക ചെസ് ചാമ്പ്യൻഷിപ്പിലെ പതിനൊന്നാം ഗെയിമിൽ നേടിയ വിജയം നിർണയായകമാണ്. എതിരാളിയായ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറെനെ സമയസമ്മർദത്തിൽ പെടുത്തിയാണ് 29 നീക്കത്തിൽ കീഴടക്കിയത്. ഇതോടെ ഗുകേഷ് 6–-5ന് മുന്നിലെത്തി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനാകാൻ ഒന്നര പോയിന്റുമാത്രം മതി. ശേഷിക്കുന്ന മൂന്ന് കളിയും സമനിലയായാലും ഗുകേഷ് ചാമ്പ്യനാകും. ആദ്യം ഏഴര പോയിന്റ് കിട്ടുന്ന ആളാണ് വിജയി. തുടർച്ചയായി ഏഴ് സമനിലയ്‌ക്കുശേഷമാണ് വിജയം. ആദ്യമായാണ് ഗുകേഷ് മുന്നിലെത്തുന്നത്. ആദ്യകളി ഡിങ് ജയിച്ചപ്പോൾ മൂന്നാമത്തേത് ജയിച്ച് ഗുകേഷ് ഒപ്പമെത്തുകയായിരുന്നു. പിന്നീടെല്ലാം സമനിലയായി. പന്ത്രണ്ടാം ഗെയിം ഇന്ന് നടക്കും.
പതിനൊന്നാം ഗെയിമിൽ വെളുത്ത കരുക്കളുമായാണ് ഗുകേഷ് തുടങ്ങിയത്. റെട്ടി ഓപ്പണിങ്ങിൽ ചൈനീസ് ഗ്രാൻഡ്‌മാസ്‌റ്ററെ ഞെട്ടിച്ചു. ആലോചന മുറുകിയതോടെ ഡിങ്ങിന്റെ നീക്കങ്ങളുടെ വേഗം കുറഞ്ഞു. രണ്ടാംനീക്കത്തിന് 22 മിനിറ്റും നാലാംനീക്കത്തിന് 38 മിനിറ്റുമെടുത്തു. സമയസമ്മർദം വരിഞ്ഞുമുറുക്കിയതോടെ നീക്കങ്ങൾ പിഴച്ചു. ഒടുവിൽ 28–-ാംനീക്കത്തിലെ പിഴവാണ് തിരിച്ചടിയായത്.
ഇന്നത്തെ കളി ഡിങ്ങിനെ സംബന്ധിച്ച് നിർണായകമാണ്. ഇനിയൊരു തോൽവി കാര്യങ്ങൾ കവിട്ടുപോകാൻ ഇടയാക്കും. വെള്ളക്കരുക്കളുമായാണ് ഇന്നത്തെ കളി. കഴിഞ്ഞതവണ റഷ്യക്കാരൻ ഇയാൻ നിപോംനിഷിക്കെതിരെ മൂന്നുതവണ പിന്നിട്ടുനിന്നശേഷമാണ് കയറിവന്നത്.










0 comments