കിംഗ് ഫഹദ് കോസ്‌വേ വഴി യാത്രചെയ്തത് 3 കോടിയോളം പേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 08:44 PM | 0 min read

മനാമ> സൗദിക്കും ബഹ്‌റൈനും ഇടയിലെ കിംഗ് ഫഹദ് കോസ്‌വേ ഈ വർഷം ഇതുവരെ ഉപയോഗപ്പെടുത്തിയത് ഏതാണ്ട് മൂന്നുകോടിയോളം യാത്രക്കാർ. ഡിസംബർ വരെ 1.3 കോടി വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോയതായും കിംഗ് ഫഹദ് കോസ്‌വേ ജനറൽ ഓർഗനൈസേഷൻ സിഇഒ യൂസഫ് അൽ അബ്ദാൻ പറഞ്ഞു. തിരക്കേറിയ സമയങ്ങളിലെ ശരാശരി ക്രോസിംഗ് സമയം 21 മിനിറ്റായി കുറഞ്ഞു. പാലത്തിലെ നടപടിക്രമ മേഖലകൾ വിപുലീകരിച്ചതിന്റെ ഫലമായാണ് ഇതെന്നും അദ്ദേഹം പ്രാദേശിക വാർത്താ പോർട്ടലായ അഖ്ബാർ 24-നോട് അദ്ദേഹം പറഞ്ഞു.

യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനായി അവതരിപ്പിച്ച ഇജെഎസ്ആർ ആപ്പ് വഴി പ്രീ പേയ്‌മെന്റ് ഫീ സംവിധാനത്തിന്റെ ഉപയോഗം 55 ശതമാനമായി ഉയർന്നു. ഇത് ടോൾ ഗേറ്റ് കടക്കാനുള്ള സമയം 15 സെക്കൻഡിൽ നിന്ന് മൂന്ന് സെക്കൻഡ്‌വരെയായി കുറച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020 മുതൽ പാലത്തിൽ കാർ യാത്രക്കാർക്കും ട്രക്കുകൾക്കും മോട്ടോർസൈക്കിളുകൾക്കുമായി ഇ-പേയ്‌മെന്റ് സംവിധാനം നിലവിലുണ്ട്. കോസ്‌വേയിൽ സ്ഥാപിച്ച ഗേറ്റുകൾ, ജീവനക്കാരുമായി ഇടപെടാതെ യാന്ത്രികമായി ട്രാൻസിറ്റ് നടപടിക്രമങ്ങൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

1986 നവംബർ 26ന് ഉദ്ഘാടനം ചെയ്ത കിംഗ് ഫഹദ് കോസ്‌വേ സൗദിയെയും ബഹ്‌റൈനെയും കരമാർഗം ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണ്. 25 കിലോമീറ്റർ നീളം വരുന്ന ഈ കോസ്‌വേ ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്.  സൗദിക്കുപുറമേ മറ്റു ജിസിസി രാജ്യങ്ങളിലുള്ളവരും ബഹ്‌റൈൻ സന്ദർശിക്കാൻ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്നത് കോസ്‌വേയാണ്. വേനൽ അവധിക്കാലത്തും പെരുന്നാൾ അവധി ദിവസങ്ങളിലും സാധാരണയായി വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറ. സൗദിയിൽ നിന്നും മറ്റ് അയൽ രാജ്യങ്ങളിൽ നിന്നും അവധി ദിനങ്ങളിലും വൻതോതിൽ സഞ്ചാരികൾ കോസ്‌വേവഴി ബഹ്‌റൈനിലേക്ക് എത്തുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ വൻതോതിൽ ചരക്ക് ഒഴുകുന്നതും കോസ്‌വേ വഴിയാണ്.

മൂന്നര പതിറ്റാണ്ട് പിന്നിട്ട ഈ കടൽപ്പാലം ചരിത്രത്തിലെ അതിമനോഹര നിർമ്മിതിയുടെയും എൻജിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും മികച്ച ഉദാഹരണമാണ്. രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ഗതാഗതം സുഗമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കോസ്‌വേ നിർമ്മിച്ചത്. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ കോബാറിൽ നിന്ന് തുടങ്ങി ബഹ്‌റൈനിലെ അൽ ജസ്‌റ വരെ നീളുന്ന ഈ കടൽപ്പാലംഅഞ്ച് പാലങ്ങൾ ഉണ്ട്. ദ്വീപുകളും കുത്രിമ ദ്വീപും ബന്ധിപ്പിക്കുന്ന പാലങ്ങളും ബാക്കി ഭാഗം കോസ്‌വേയും ചേർന്നതാണ് കിംഗ് ഫഹദ് കോസ്‌വേ. 300 കോടി സൗദി റിയാൽ ചെലവിലാണ് പാലം നിർമ്മിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home