സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ; ടീമിൽ മാറ്റമില്ല ,
11ന്‌ പുറപ്പെടും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 10:58 PM | 0 min read


യോഗ്യതാ റൗണ്ട്‌ കളിച്ച അതേ ടീമുമായി കേരളം ഹൈദരാബാദിലേക്ക്‌ വണ്ടികയറും. കോഴിക്കോട്ട്‌ പ്രാഥമിക ഘട്ടത്തിൽ പന്തുതട്ടിയ 22 അംഗ ടീം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ  ഫൈനൽ റൗണ്ടിലും തുടരും. 11നാണ്‌ എട്ടാം കിരീടം ലക്ഷ്യമിട്ട്‌ ടീം പുറപ്പെടുന്നത്‌. 15ന്‌ രാവിലെ ഒമ്പതിന്‌ നിലവിലെ റണ്ണറപ്പുകളായ ഗോവയുമായാണ്‌ ആദ്യ കളി. 17ന്‌ രാത്രി ഏഴരയ്‌ക്ക്‌ മേഘാലയുമായും 19ന്‌ രാവിലെ ഒമ്പതിന്‌ ഒഡിഷയുമായും 22ന്‌ രാത്രി ഏഴരയ്‌ക്ക്‌ തമിഴ്‌നാടുമായും 24ന്‌ പകൽ രണ്ടരയ്‌ക്ക്‌ തമിഴ്‌നാടുമായുമാണ്‌ ഗ്രൂപ്പ്‌ ബിയിലെ മറ്റ്‌ മത്സരങ്ങൾ. ആദ്യ നാല്‌ സ്ഥാനക്കാർക്ക്‌ ക്വാർട്ടർ ടിക്കറ്റുണ്ട്‌. 31നാണ്‌ ഫൈനൽ.

കാസർകോട്‌ നടന്ന ആദ്യഘട്ട ക്യാമ്പിനുശേഷം നിലവിൽ മംഗലാപുരത്തെ യെന്നപ്പോയ സർവകലാശാലയിലാണ്‌ കേരളത്തിന്റെ തയ്യാറെടുപ്പ്‌. പരിശീലകൻ ബിബി തോമസ്‌, സഹപരിശീലകൻ ഹാരി ബെന്നി, ഗോൾകീപ്പിങ്‌ കോച്ച്‌ എം വി നെൽസൺ എന്നിവരാണ്‌ നേതൃത്വം നൽകുന്നത്‌. ക്യാപ്റ്റൻ ജി സഞ്‌ജു ഉൾപ്പെടെ മുഴുവൻ താരങ്ങളും ക്യാമ്പിലുണ്ട്‌. പരിക്കിന്റെ ആശങ്കയില്ല. ദിവസേന രണ്ടുനേരമാണ്‌ പരിശീലനം. ഇതിനുപുറമെ ജിമ്മിലും നീന്തൽക്കുളത്തിലും പ്രത്യേകം വ്യായമങ്ങളുമുണ്ട്‌. ശനിവരെ മംഗലാപുരത്ത്‌ തുടരുന്ന ടീം ഞായറാഴ്‌ച കൊച്ചിയിൽ എത്തും. അന്നും ചൊവ്വയും എംജി സർവകലാശാല ടീമുമായി പരിശീലനമത്സരം കളിക്കും. 11ന്‌ രാത്രി എറണാകുളത്തുനിന്ന്‌ ട്രെയിനിൽ ഹൈദരാബാദിലേക്ക്‌ യാത്രയാകും.

കോഴിക്കോട്ട്‌ യോഗ്യതാ റൗണ്ടിൽ തകർപ്പൻ പ്രകടനമായിരുന്നു. റെയിൽവേസ്‌, ലക്ഷദ്വീപ്‌, പുതുച്ചേരി ടീമുകളെ തോൽപ്പിച്ചു. മൂന്നുകളിയിൽ 18 ഗോളടിച്ചു. ഒന്നും വഴങ്ങിയില്ല. യോഗ്യതാറൗണ്ടിലെ  35 ടീമുകളിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമെന്ന പെരുമയുമായാണ്‌ കേരളം പോകുന്നത്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home