ഗുകേഷിന്‌ 
ചൈനീസ്‌ പൂട്ട്‌ , 72 നീക്കത്തിൽ സമനില

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 10:55 PM | 0 min read


സിംഗപ്പുർ
തോൽവി മുന്നിൽക്കണ്ട ലോകചാമ്പ്യന്‌ വിജയത്തിന്റെ മധുരമുള്ള സമനില. ലോക ചെസ്‌ ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഗ്രാൻഡ്‌മാസ്‌റ്റർ ഡിങ് ലിറെൻ ഇന്ത്യയുടെ യുവതാരം ഡി ഗുകേഷിനെ സമനിലയിൽ തളച്ചു. 72 നീക്കത്തിനൊടുവിലാണ്‌ ഏഴാം ഗെയിം സമനിലയിൽ അവസാനിച്ചത്‌. മൂന്നുതവണ മുൻതൂക്കം കിട്ടിയിട്ടും ഡിങ്ങിന്റെ പരിചയസമ്പത്തും പ്രതിരോധപ്പൂട്ടും മറികടക്കാൻ ഗുകേഷിന്റെ ചടുലനീക്കങ്ങൾക്കായില്ല. തുടർച്ചയായി നാലാം സമനിലയാണ്‌. ആദ്യകളി ഡിങ് ജയിച്ചപ്പോൾ മൂന്നാമത്തേത്‌ നേടി ഗുകേഷ്‌ തിരിച്ചുവന്നു. തുടർന്നെല്ലാം സമനിലയായി.

ഏഴാംഗെയിം ചാമ്പ്യൻഷിപ്പിലെ ഏറ്റവും ദൈർഘ്യമേറിയതായിരുന്നു. അഞ്ചുമണിക്കൂറും 20 മിനിറ്റും നീണ്ട ആവേശപ്പോരിലാണ്‌ വിജയിയെ തീരുമാനിക്കാനാകാതെ പോയത്‌. ഇരുവർക്കും മൂന്നര പോയിന്റ്‌വീതമായി. എട്ടാം ഗെയിം ഇന്നു നടക്കും. 14 ഗെയിമുള്ള ചാമ്പ്യൻഷിപ്പിൽ ആദ്യം ഏഴര പോയിന്റ്‌ കിട്ടിയാൽ ലോകചാമ്പ്യനായി.
ഒരുദിവസത്തെ വിശ്രമം നൽകിയ ഉന്മേഷത്തിലാണ്‌ പതിനെട്ടുകാരൻ ഗുകേഷ്‌ തുടങ്ങിയത്‌. വെള്ളക്കരുക്കളുമായി അതിവേഗ നീക്കങ്ങളായിരുന്നു. പതിവിൽനിന്നു വ്യത്യസ്‌തമായി ഡിങ്‌ ആലോചനയിലാണ്ടു. ഏഴാം നീക്കത്തിനുമാത്രം 28 മിനിറ്റെടുത്തു. സ്വാഭാവികമായി സമയസമ്മർദത്തിൽപ്പെട്ടു. 40 നീക്കം കഴിഞ്ഞതോടെ ഗുകേഷിന്‌ വിജയസാധ്യത തെളിഞ്ഞു. എന്നാൽ, സാധ്യത യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല. ചെറിയ പിഴവിന്‌ വിജയം ബലി കൊടുക്കേണ്ടിവന്നു. ഡിങ്‌ സമനിലയുമായി രക്ഷപ്പെട്ടു. പ്രതിരോധക്കോട്ട കെട്ടുന്നതിൽ  ചൈനീസ്‌ താരത്തിനുള്ള മികവിന്‌ മറ്റൊരുദാഹരണമായി ഈ മത്സരം.

അവസരം നഷ്ടമായതിൽ നിരാശയുണ്ടെന്ന്‌ ഗുകേഷ്‌ പറഞ്ഞു. എതിരാളിക്കും അവസരങ്ങൾ കിട്ടി. അതിനാൽ സമനിലയിലും സന്തോഷം. ഇനിയുള്ള ഓരോ കളിയും നിർണായകമാണെന്ന്‌ ഗുകേഷ്‌ വ്യക്തമാക്കി. നന്നായി കളിക്കാനായില്ലെന്ന്‌ ഡിങ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home