റയലിന്‌ ജയം; അതല്‌റ്റികോ കുതിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 01:23 AM | 0 min read

മാഡ്രിഡ്‌ > ഗെറ്റഫെയെ എതിരില്ലാത്ത രണ്ടുഗോളിന്‌ വീഴ്‌ത്തി സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ റയൽ മാഡ്രിഡ്‌ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. മുപ്പതാം മിനിറ്റിൽ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച്‌ ജൂഡ്‌ ബെല്ലിങ്ഹാം ലീഡ്‌ നൽകി. മുപ്പത്തെട്ടാം മിനിറ്റിൽ കിലിയൻ എംബാപ്പെ പട്ടിക തികച്ചു.  പട്ടികയിൽ ഒന്നാമതുള്ള ബാഴ്‌സലോണയുമായി ഒരുപോയിന്റിന്‌ മാത്രം പിന്നിലാണ്‌ റയൽ. ബാഴ്‌സ 15 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഒന്ന്‌ കുറവാണ്‌ റയലിന്‌.

ലീഗിൽ തുടർച്ചയായ നാലാംജയത്തോടെ അത്‌ലറ്റികോ മാഡ്രിഡ്‌ കുതിപ്പു തുടർന്നു. വല്ലാഡോളിഡിനെ അഞ്ച്‌ ഗോളിന്‌ നിലംപരിശാക്കിയ അത്‌ലറ്റികോ ഒന്നാമതുള്ള ബാഴ്‌സലോണയുമായുള്ള അന്തരം രണ്ട്‌ പോയിന്റാക്കി കുറച്ചു. ക്ലമന്റ്‌ ലാങ്‌ലെ, ജൂലിയൻ അൽവാരസ്‌, റോഡ്രിഗോ ഡി പോൾ, ഒൺടോയ്‌ൻ ഗ്രീസ്‌മാൻ, അലെക്‌സാണ്ടർ സൊർലോത്‌ എന്നിവർ അത്‌ലറ്റികോയ്‌ക്കായി ലക്ഷ്യംകണ്ടു. സീസണിൽ ഒരു തോൽവിമാത്രമാണ്‌ ദ്യേഗോ സിമിയോണിയുടെ സംഘം വഴങ്ങിയത്‌. ഒന്നാമതുള്ള ബാഴ്‌സലോണയ്‌ക്ക്‌ അവസാന മൂന്നുകളിയിൽ ജയിക്കാനായില്ല. ഇതിൽ രണ്ടിൽ തോറ്റു. ഒരു സമനില.



deshabhimani section

Related News

View More
0 comments
Sort by

Home