മഴക്കളിയിൽ കേരളം: ഗോവയെ 11 റണ്ണിന്‌ തോൽപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 01:04 AM | 0 min read

ഹൈദരാബാദ്‌ > സയ്യദ്‌ മുഷ്‌താഖ്‌ ട്രോഫിക്കായുള്ള ട്വന്റി20 ക്രിക്കറ്റിൽ കേരളത്തിന്‌ 11 റൺ ജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഗോവയെയാണ്‌ തോൽപ്പിച്ചത്‌. 13 ഓവറായി ചുരുക്കിയ മത്സരം പൂർത്തിയാക്കാനായില്ല. മഴനിയമമാണ്‌ വിജയികളെ നിർണയിച്ചത്‌. സ്‌കോർ: കേരളം 143/6 (13 ഓവർ), ഗോവ 69/2(7.5).

ആദ്യം ബാറ്റെടുത്ത കേരളത്തിനായി സൽമാൻ നിസാറും ക്യാപ്‌റ്റൻ സഞ്‌ജു സാംസണും തിളങ്ങി. കളിയിലെ താരമായ സൽമാൻ 20 പന്തിൽ 34 റണ്ണെടുത്തു. മൂന്ന്‌ ഫോറും ഒരു സിക്‌സറും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്‌. ഓപ്പണർ റോളിൽ അടിച്ചുതകർത്ത സഞ്‌ജു 15 പന്തിൽ നാല്‌ ഫോറും രണ്ട്‌ സിക്‌സറും അടക്കം 31 റണ്ണടിച്ചു. ഓപ്പണർ രോഹൻ കുന്നുമ്മൽ (19), മുഹമ്മദ്‌ അസ്‌ഹറുദീൻ (2), വിഷ്‌ണുവിനോദ്‌ (7), അബ്‌ദുൽ ബാസിത്‌ (23) എന്നിവരും പുറത്തായി. എൻ എം ഷറഫുദീനും (11) എൻ പി ബേസിലും (7) പുറത്താകാതെ നിന്നു.

തുടക്കം പതറിയ ഗോവ പൊരുതിത്തുടങ്ങിയപ്പോഴേക്കും മഴയെത്തി. അസാൻ തോട്ടയെ (5) ജലജ്‌ സക്‌സേനയും കശ്യപ്‌ ബാക്‌ലേയെ (5) ബേസിൽ തമ്പിയും പുറത്താക്കി. ജലജ്‌ രണ്ട്‌ ഓവറിൽ അഞ്ചു റൺ വഴങ്ങിയാണ്‌ വിക്കറ്റെടുത്തത്‌. എം ഡി നിധീഷിന്റെ ഓവറിൽ 25 റണ്ണടിച്ച്‌ ഓപ്പണർ ഇഷാൻ ഗഡേകർ (45) പൊരുതുമ്പോഴേക്കും മഴയായി. ഗ്രൂപ്പിൽ അഞ്ചു കളിയിൽ 16 പോയിന്റുള്ള കേരളം രണ്ടാംസ്ഥാനത്താണ്‌. ആന്ധ്ര നാലു കളിയിൽ 16 പോയിന്റുമായി ഒന്നാമതുണ്ട്‌. നാളെ ഇരുടീമുകളും ഏറ്റുമുട്ടും.



deshabhimani section

Related News

View More
0 comments
Sort by

Home