സമ്മേളനനഗരി ഒരുങ്ങി; സമീക്ഷ യുകെ ദേശീയ സമ്മേളനം നാളെ ബിർമിങ്ഹാമിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 04:15 PM | 0 min read

ലണ്ടൻ > യുകെയിലെ ഇടത് പുരോഗമന സംഘടനയായ സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനം ശനിയാഴ്ച. ബിർമിങ്ഹാമിലെ നേം പാരിഷ് സെന്‍ററിലെ സിതാറാം യെച്ചൂരി നഗറാണ് സമ്മേളനവേദി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമീക്ഷയുടെ 33 യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. തദേശസ്വയം ഭരണ മന്ത്രി എം ബി രാജേഷ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

ജൂലൈ അവസാന വാരം തുടങ്ങിയ യൂണിറ്റ്-ഏരിയാ സമ്മേളനങ്ങള്‍ പൂർത്തിയാക്കിയാണ് സമീക്ഷ ദേശീയ സമ്മേളനത്തിലേക്ക് കടക്കുന്നത്. അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികള്‍ക്ക് ദേശീയ സമ്മേളനം രൂപം നല്‍കും. നയപരിപാടികള്‍ ആവിഷ്കരിക്കും. പുതിയ നാഷണല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുക്കും. ദേശീയ സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബിർമിങ്ഹാം യൂണിറ്റ് കമ്മിറ്റി അറിയിച്ചു.

ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. സ്റ്റോക്ക്പോർട്ടില്‍ നിന്നുള്ള കൃഷ്ണദാസ് രാമാനുജം ഒന്നാംസ്ഥാനവും നോർത്താംപ്റ്റണില്‍ നിന്നുള്ള അജയ് ദാസ് രണ്ടാംസ്ഥാനവും നേടി. ദിപിൻ മോഹനാണ് ലോഗോ മത്സരത്തിലെ വിജയി. ദേശീയ സമ്മേളനത്തിന്‍റെ ഔദ്യോഗിക ലോഗോ ആയി ഇത് തെരഞ്ഞെടുത്തു. മത്സരവിജയകള്‍ക്കുള്ള സമ്മാനം പൊതുസമ്മേളനത്തില്‍ വിതരണം ചെയ്യും



deshabhimani section

Related News

View More
0 comments
Sort by

Home