'ഓർമ' കേരളോത്സവം 2024 ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 03:55 PM | 0 min read

കൊച്ചി > ‘ഓർമ' ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് - കേരളോത്സവ'ത്തിന്റെ സംഘാടന, പരിശീലന പ്രവർത്തനങ്ങൾ പ്രവാസമണ്ണിലും മലയാളി സമൂഹത്തിന്റെ സംഘബോധത്തിന്റെ സവിശേഷമായ ഉദാഹരണമാവുകയാണ്. കേരളോത്സവത്തിന് ഇത്തവണ വേദിയാകുന്ന ദുബായ് അമിറ്റി സ്‌കൂൾ ഗ്രൗണ്ടിൽ പൂരനഗരിയുടെ നിലമൊരുക്കൽ തുടങ്ങി പൂരനഗരിയിലേക്കാവശ്യമായ വിവിധ സ്റ്റാളുകളുടെയും മറ്റും നിർമാണമടക്കം എല്ലാ പ്രവർത്തനങ്ങളും ഓർമ കുടുംബാംഗങ്ങൾ ഒന്നിച്ചു ചേർന്ന് ഒരുമയുടെ കരുത്തിൽ പൂർത്തിയാക്കി വരികയാണ്. ഓർമയുടെ അഞ്ചു മേഖലകളിലായി അംഗത്വമുള്ള ആയിരക്കണക്കിന് പ്രവർത്തകർ ഒരുമാസക്കാലത്തോളം ദിവസവും ജോലികഴിഞ്ഞെത്തിയ ശേഷം ഏറെ വൈകും വരെയും നടത്തുന്ന അത്യധ്വാനമാണ് കേരളോത്സവ പരിപാടികളെ വിജയകരമായി അരങ്ങിലെത്തിക്കുന്നത്.   

പത്തോളം ഗജവീരന്മാർ അണി നിരക്കുന്ന വർണ ശഭളമായ കുടുമാറ്റം, മെഗാതിരുവാതിരയ്ക്കായുള്ള പരിശീലനം, ഒപ്പന, കോൽക്കളി, ചെണ്ടമേളം, തെരുവുനാടകം തുടങ്ങി വിവിധ കലാപരിപാടികൾക്കായുള്ള തയ്യാറെടുപ്പ്, വിവിധ സ്റ്റാളുകളുടെ നിർമാണം, എന്നിങ്ങനെ ഒരേസമയം വിവിധയിടങ്ങളിലായി നിരവധി പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. എല്ലാവർക്കുമുള്ള ഭക്ഷണവും ഒരുമിച്ച് തയ്യാറാക്കി പങ്കിട്ടു കഴിച്ച് കേരളത്തിന്റെ ഗ്രാമീണ ഉത്സവാന്തരീക്ഷത്തിലാണ് ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നത്.    

UAE ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 1, 2 തീയ്യതികളിൽ നടക്കുന്ന ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് -കേരളോത്സവത്തിന്റെ രണ്ടു ദിവസവും വൈകിട്ട് 4 മണി മുതൽ അരങ്ങേറുന്ന ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാന ടൂറിസം പൊതുമരാമത്പ്ര മന്ത്രി മുഹമ്മദ്‌ റിയാസ്  ഇൻഡോ അറബ് കൾച്ചറൽൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും പ്രശസ്ത നർത്തകിയും ചലച്ചിത്ര താരവുമായ മേതിൽ ദേവിക, സംഗീത നാടക അക്കാദമി ചെയർമാനും പ്രശസ്ത മേള കലാകാരനുമായ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, പ്രൊജക്ടസ് മലബാറികസ് ബാൻഡുമായി പ്രശസ്ത ഗായിക സിതാരയും സംഘവും, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ വിജയി അരവിന്ദ് നായർ, യുവഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ, എന്നിങ്ങനെ കേരളത്തിലെ കലാ സാംസ്കാരിക രംഗത്തെ പ്രശസ്ത വ്യക്തികൾ ഈ രണ്ടു ദിവസങ്ങളിലായി കേരളോത്സവ വേദികളിൽ എത്തിച്ചേരും. ദുബായ് മലയാളികളുടെ ഏറ്റവും വലിയ നാട്ടുത്സവമായി ഒരുങ്ങുന്ന ഓർമ കേരളോത്സവ നഗരിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടക സമിതി ഭാരവാഹികളായ ഒ വി മുസ്തഫ, എൻ കെ കുഞ്ഞഹമ്മദ്, അനീഷ് മണ്ണാർക്കാട്, പ്രദീപ് തോപ്പിൽ, ഷിഹാബ് പെരിങ്ങോട് എന്നിവർ വ്യക്തമാക്കി.

 



deshabhimani section

Related News

View More
0 comments
Sort by

Home