ലോക കിരീടത്തിന്‌ കരുനീക്കം ; ലോക ചെസ്‌ കിരീടത്തിനായി ഇന്ത്യയുടെ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 10:02 PM | 0 min read


സിംഗപ്പുർ
ലോക ചെസ്‌ ചാമ്പ്യൻഷിപ്പിന്‌ സിംഗപ്പുരിലെ വേൾഡ്‌ സെന്റോസ റിസോർട്ടിൽ 25ന്‌ തുടക്കം. ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷും ചൈനയുടെ ഡിങ് ലിറെനുമാണ്‌ ഏറ്റുമുട്ടുന്നത്‌. ലിറെൻ നിലവിലെ ചാമ്പ്യനാണ്‌. ചെന്നൈയിൽനിന്നുള്ള ഡി ഗുകേഷ്‌ കാൻഡിഡേറ്റ്‌സ്‌ ടൂർണമെന്റ്‌ കളിച്ചാണ്‌ ലോക ചാമ്പ്യനെ നേരിടാൻ അർഹത നേടിയത്‌. 18–-ാമത്തെ ചാമ്പ്യനാകാൻ പതിനെട്ടുകാരനായ ഗുകേഷിനാകുമോയെന്നാണ്‌ ചെസ്‌ ലോകം ഉറ്റുനോക്കുന്നത്‌. ചാമ്പ്യൻഷിപ് ഉദ്‌ഘാടനം 23ന്‌ നടക്കും. ആദ്യറൗണ്ട്‌ തിങ്കളാഴ്‌ച പകൽ 2.30ന്‌ തുടങ്ങും

റഷ്യയുടെ ഇയാൻ നിപോംനിഷിയെ തോൽപ്പിച്ചാണ്‌ ലിറെൻ കഴിഞ്ഞവർഷം ലോക കിരീടം നേടിയത്‌. 34 വയസ്സുള്ള ചൈനീസ്‌ ഗ്രാൻഡ്‌മാസ്റ്റർക്ക്‌ അതിനുശേഷം ഫോം നിലനിർത്താനായിട്ടില്ല. ഗുകേഷാകട്ടെ ചരിത്രനേട്ടത്തിനരികെ എത്തിയ ആവേശത്തിലാണ്‌. ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻപട്ടമാണ്‌ കാത്തിരിക്കുന്നത്‌. ഏഷ്യക്കാർ തമ്മിൽ ലോക കിരീടത്തിന്‌ ഏറ്റുമുട്ടുന്നതും ആദ്യമാണ്‌. ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ്‌ അഞ്ചുതവണ ലോക ചാമ്പ്യനായിട്ടുണ്ട്‌. തുടർന്ന്‌ പത്തുവർഷം (2013–-23) നോർവേക്കാരായ മാഗ്നസ്‌ കാൾസനായിരുന്നു ചാമ്പ്യൻ.

ഇനി ലോക ചാമ്പ്യൻഷിപ്പിനില്ലെന്ന്‌ കാൾസൻ പ്രഖ്യാപിക്കുകയായിരുന്നു. അങ്ങനെയാണ്‌ കഴിഞ്ഞവർഷം ലിറെനും നിപോംനിഷിയും ഏറ്റുമുട്ടിയത്‌. ലോകജേതാവിനെ നിശ്ചയിക്കാൻ ക്ലാസിക്കൽ രീതിയിൽ 14 റൗണ്ട്‌ മത്സരമാണ്‌. ആദ്യം ഏഴര പോയിന്റ്‌ കിട്ടുന്ന കളിക്കാരൻ ചാമ്പ്യനാകും. 25ന്‌ തുടങ്ങുന്ന മത്സരത്തിൽ ഓരോ മൂന്നു റൗണ്ട്‌ കഴിഞ്ഞാലും വിശ്രമദിവസമുണ്ട്‌. അതുപ്രകാരം ഡിസംബർ 12ന്‌ 14–-ാംറൗണ്ട്‌ മത്സരം നടക്കും. അപ്പോഴും പോയിന്റ്‌ തുല്യമെങ്കിൽ ഡിസംബർ 13ന്‌ ടൈബ്രേക്കിൽ വിജയിയെ നിശ്ചയിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home