അന്താരാഷ്ട്ര എയര്‍ഷോ കാണാനെത്തിയത് അരലക്ഷത്തിലധികം പേര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 05:54 PM | 0 min read

മനാമ > മൂന്ന് ദിവസങ്ങളിലായി നടന്ന ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍ഷോ കാണാന്‍ എത്തിയത് 57,000-ലധികം സന്ദര്‍ശകര്‍. സമാപനദിവമായ വെള്ളിയാഴ്ച ഷോകാണാന്‍ സാഖിര്‍ എയര്‍ബേസിലേക്കും പരിസരത്തേക്കും വന്‍ ജനസഞ്ചയമാണ് എത്തിയത്. രാജ്യം 75 വര്‍ഷത്തെ വ്യോമയാനം ആഘോഷിക്കുന്ന വേളയില്‍ നടന്ന എയര്‍ഷോ വന്‍ വിജയമായതായി ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹ്‌മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത എയര്‍ഷോ 2026 നവംബര്‍ 18 മുതല്‍ 20 വരെയാണ്‌.

വ്യോമയാന വ്യവസായത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് എയര്‍ഷോക്ക് വെള്ളിയാഴ്ച കൊടിയിറങ്ങിയത്. ആഗോള എയ്‌റോസ്‌പേസ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 177 സ്ഥാപനങ്ങള്‍, എയര്‍ഫോഴ്‌സ്, എയറോബാറ്റിക് ഡിസ്‌പ്ലേ ടീമുകള്‍ എന്നിവയും പങ്കെടുത്തു. ഈ വര്‍ഷത്തെ എയര്‍ഷോയില്‍ വിവിധ തരത്തിലുള്ള 125 എയര്‍ ക്രാഫ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചു. വിമാനങ്ങളുടെ എണ്ണത്തില്‍ 2022ലെ എയര്‍ഷോയേക്കാള്‍ 25 ശതമാനം വര്‍ധനയുണ്ടായതായി മന്ത്രി പറഞ്ഞു. 78 കമ്പനികള്‍ എക്‌സിബിഷനില്‍ പങ്കെടുത്തു. അതില്‍ 80 ശതമാനവും വിദേശ സ്ഥാപനങ്ങളായിരുന്നു. 59 രാജ്യങ്ങളില്‍ നിന്ന് സിവിലിയന്‍, സൈനിക പ്രതിനിധികള്‍ ഉള്‍പ്പെടെ 226 വിദഗ്ധര്‍ പങ്കെടുത്തു. അടുത്ത എയര്‍ഷോ കൂടുതല്‍ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചാന്ദ്ര ദൗത്യത്തിലെ ബഹ്‌റൈന്‍ പങ്കാളിത്തം ഉള്‍പ്പെടെ സുപ്രധാനമായ പല പ്രഖ്യാപനങ്ങള്‍ക്കും എയര്‍ഷോ വേദിയായി. ഇതോടൊപ്പം നിരവധി കരാറുകളും ധാരണപത്രങ്ങളും ഒപ്പിട്ടു. ആഭ്യന്തര മന്ത്രാലയം എയര്‍ബസ് ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള കരാറിലും ഒപ്പിട്ടു.

ആഗോള വ്യോമയാനം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, സുസ്ഥിരത എന്നിവയില്‍ സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടന്നു. ലോകമെമ്പാടുമുള്ള വ്യോമയാന രംഗത്തെ വിദഗ്ധര്‍ പരിപാടികളില്‍ പങ്കെടുക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്തു. പുതിയ സാങ്കേതിക വിദ്യകളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ രാജ്യം പ്രതിജ്ഞബദ്ധമാണ്. വ്യോമയാന മേഖലയിലേതടക്കം നൂതന പ്രവണതകളെ താല്‍പര്യത്തോടെ രാജ്യം പിന്തുടരുമെന്നും മന്ത്രി പറഞ്ഞു.

പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തില്‍ ചില മാറ്റങ്ങളും ഇത്തവണ കൊണ്ടുവന്നതായി അന്താരാഷ്ട്ര എയര്‍ഷോ ഡയരക്ടര്‍ ജനറല്‍ യൂസിഫ് മഹമൂദ് അറിയിച്ചു. എയറോബാറ്റിക് ടീമുകള്‍ വ്യോമാഭ്യാസ പ്രദര്‍ശനത്തല്‍ അന്തരീക്ഷത്തില്‍ പുക ഉണ്ടാക്കാന്‍ ഉപയോഗിച്ചത് ജെറ്റ് ഇന്ധനത്തിനുപകരം വെളിച്ചെണ്ണയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

സമാപന ദിവസമായ വെള്ളിയാഴ്ച രാവിലെയോടെ തന്നെ എയര്‍ബേസിലെ ഷോ വേദിയിലേക്കുള്ള ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിരുന്നു. നേരത്തെ ടിക്കറ്റ് എടുത്തവരെ സാഖിറിലെ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്ക്യൂട്ടില്‍ നിന്നും ഷട്ടില്‍ ബസ്‌വഴിയാണ് എയര്‍ബേസിലേക്കും തിരിച്ചും കൊണ്ടുപോയത്. ഇതുകൂടാതെ, ആയിരകണക്കിന് പേര്‍ എയര്‍ബേസ് പരിസരത്തെ മലനിരകളിലും റോഡരികിലും വിജനമായ പ്രദേശങ്ങളിലുമിരുന്നാണ് ഇന്ത്യയുടെ സാരംഗ് ഹെലികോപ്റ്റര്‍ ടീം, സൗദി ഹ്വാക്‌സ്, ബ്രിട്ടന്റെ ഗ്ലോബല്‍ സ്റ്റര്‍സ് എന്നീ എയറോബാറ്റിക് ടീമുകളുടെയും എഫ്16,  എഫ് -5, ഹ്വാക്‌ 3, ടൈഫൂണ്‍, ജെഎഫ് -17 തണ്ടര്‍ എന്നിവയുടെയും മാസ്മരിക വ്യോമ പ്രദര്‍ശനങ്ങള്‍ ആസ്വദിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home