യുവനിരയിൽ സന്തോഷം ; 22 അംഗ ടീം , സൂപ്പർ ലീഗിൽനിന്ന്‌ ഒമ്പത്‌ താരങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 11:11 PM | 0 min read



കോഴിക്കോട്
പതിനഞ്ച്‌ പുതുമുഖങ്ങളെ ഉൾപ്പെടുത്തി സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ യോഗ്യതാ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. യുവനിരയ്‌ക്ക്‌ പ്രധാന്യം നൽകിയാണ്‌ 22 അംഗ ടീം. 22.5 ആണ്‌ ശരാശരി പ്രായം. അഞ്ചുവട്ടം ടൂർണമെന്റിൽ കേരള പ്രതിരോധം കാത്ത കേരള പൊലീസിന്റെ വിശ്വസ്തനായ ജി സഞ്‌ജുവാണ്‌ ക്യാപ്‌റ്റൻ. 2022ലെ ചാമ്പ്യൻ ടീമിലും അംഗമായിരുന്നു. 2018ലും 2022ലും കിരീടം ചൂടിയ സംഘത്തിലുണ്ടായിരുന്ന ഗോൾകീപ്പർ എസ്‌ ഹജ്‌മലാണ്‌ വൈസ്‌ക്യാപ്‌റ്റൻ. കഴിഞ്ഞ സീസണിൽ കളിച്ച അഞ്ചുപേരാണ്‌ ടീമിൽ. 20ന്‌ റെയിൽവേസിനെതിരെയാണ്‌ കേരളത്തിന്റെ ആദ്യ മത്സരം. കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരങ്ങൾ.

ആറ്‌ വർഷത്തിനുശേഷമാണ്‌ ഇത്രയും ചെറുപ്പമുള്ള ടീമിനെ കേരളം സന്തോഷ്‌ ട്രോഫിയിലേക്ക്‌ തെരഞ്ഞെടുക്കുന്നത്‌. സൂപ്പർ ലീഗ്‌ കളിച്ച ഒമ്പതുപേരുണ്ട്‌. കൊൽക്കത്തൻ ക്ലബ്‌ ഈസ്റ്റ്‌ ബംഗാളിന്റെ റിസർവ്‌ ടീമിലുള്ള അഞ്ച്‌ താരങ്ങളും ഇടംപിടിച്ചു. മുന്നേറ്റക്കാരൻ ഗനി അഹമ്മദ്‌ നിഗമാണ്‌ സൂപ്പർതാരം. ഐഎസ്‌എല്ലും ഐ ലീഗും കളിച്ച്‌ പരിചയമുണ്ട്‌ ഈ കോഴിക്കോടുകാരന്‌. കെ സൽമാൻ, നിജോ ഗിൽബർട്ട്‌, വി അർജുൻ എന്നിവരാണ്‌ പരിചയസമ്പന്നരായിട്ടുള്ളത്‌. ബിബി തോമസാണ് പരിശീലകൻ.

ഹാരി ബെന്നി (അസി. കോച്ച്), എം വി നെൽസൺ‌ (ഗോൾകീപ്പിങ് കോച്ച്), അഷ്റഫ് ഉപ്പള (മാനേജർ), ജോസ് ലാൽ (ടീം ഫിസിയോ) എന്നിവരും ടീമിന്റെ ഭാഗമാണ്‌.
കോഴിക്കോട് ഹോട്ടൽ ഗോകുലം ഗ്രാൻഡിൽ നടന്ന ചടങ്ങിൽ കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ ടീമിനെ പ്രഖ്യാപിച്ചു. ഹോണററി പ്രസിഡന്റ് ടോം ജോസ്, ടി പി ദാസൻ എന്നിവർ സംസാരിച്ചു.

മധുരപ്പതിനേഴ്
മലപ്പുറം അത്താണിക്കൽ എംഐസി സ്കൂളിൽ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ് ടീമിലെ ‘ബേബി’  മുഹമ്മദ് റിഷാദ് ഗഫൂർ. 17 വയസ്സാണ്. ‘സന്തോഷ് ട്രോഫി ടീമിൽ അംഗമായത് വലിയ അംഗീകാരമാണ്. ടീമിനായി കപ്പെടുക്കണമെന്നാണ് ആഗ്രഹം’– റിഷാദ് പറഞ്ഞു. സൂപ്പർ ലീഗ്‌ കേരളയിൽ കണ്ണൂർ വാരിയേഴ്‌സിനായി നടത്തിയ മിന്നുംപ്രകടനമാണ്‌ കേരള ടീമിൽ സ്ഥാനമുറപ്പിച്ചത്‌.

ലക്ഷ്യം വിജയം മാത്രം
വിജയം മാത്രം മുന്നിൽക്കണ്ടാണ് ടീം ഇറങ്ങുന്നത്. നല്ല ടീമാണ് നമുക്കുള്ളത്. എതിരാളികളാരെയും വിലകുറച്ചു കാണുന്നില്ല. എല്ലാവരും ഓരോ ടൂർണമെന്റ് കഴിയുംതോറും നിലമെച്ചപ്പെടുത്തുകയാണ്. പേരുകൾക്കപ്പുറം ഓരോ ടീമിന്റെയും കളിയാണ് വിലയിരുത്തേണ്ടത്.

സ്ക്വാഡാണ് കരുത്ത്
മികച്ച സ്ക്വാഡിന്റെ കരുത്തിലാണ് ഇത്തവണ ഇറങ്ങുന്നത്. പൂർണമായും അത് ഉപയോഗപ്പെടുത്തും. അഞ്ച് വർഷമായി സന്തോഷ് ട്രോഫിയിൽ ബൂട്ടണിയുന്നു. ഇത്തവണ ക്യാപ്റ്റനാകുന്നത് ഏറെ സന്തോഷം നൽകുന്നു. 
 ടീമിനെ ഒത്തൊരുമയോടെ കൊണ്ടുപോയി കപ്പ് അടിക്കുകയാണ് ലക്ഷ്യം. അത് പൂർത്തീകരിക്കും.

ടീം:
ജി സഞ്‌ജു (എറണാകുളം), എസ് ഹജ്മൽ (ഗോൾകീപ്പർ–-പാലക്കാട്), കെ മുഹമ്മദ്‌ അസ്ഹർ  (ഗോൾകീപ്പർ–-മലപ്പുറം), മുഹമ്മദ്‌ കെ നിയാസ്  (ഗോൾകീപ്പർ–-പാലക്കാട്), മുഹമ്മദ്‌ അസ്‌ലം (വയനാട്), ജോസഫ് ജസ്റ്റിൻ (എറണാകുളം), ആദിൽ അമൽ (മലപ്പുറം), എം മനോജ്‌ (തിരുവനന്തപുരം), പി ടി മുഹമ്മദ്‌ റിയാസ് (പാലക്കാട്), മുഹമ്മദ്‌ മുഷറഫ് (കണ്ണൂർ), ക്രിസ്റ്റി ഡേവിസ് (തൃശൂർ), മുഹമ്മദ്‌ അർഷഫ് (മലപ്പുറം), പി പി മുഹമ്മദ്‌ റോഷൽ (കോഴിക്കോട്), നസീബ് റഹ്മാൻ (പാലക്കാട്), സൽമാൻ കള്ളിയത്ത് (മലപ്പുറം), നിജോ ഗിൽബർട്ട് (തിരുവനന്തപുരം), മുഹമ്മദ് റിഷാദ് ഗഫൂർ (മലപ്പുറം), ടി ഷിജിൻ (തിരുവനന്തപുരം), ഇ സജീഷ് (പാലക്കാട്), മുഹമ്മദ്‌ അജ്സൽ (കോഴിക്കോട്), വി അർജുൻ (കോഴിക്കോട്), ഗനി അഹമ്മദ്‌ നിഗം (കോഴിക്കോട്).



deshabhimani section

Related News

View More
0 comments
Sort by

Home