സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ; ഫൈനൽ റൗണ്ട്‌ ഡിസംബർ 5ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 10:38 PM | 0 min read


കൊച്ചി
സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട്‌ മത്സരങ്ങൾ ഡിസംബർ 5 മുതൽ 22 വരെ ഹൈദരാബാദിൽ നടക്കും. വേദി നേരത്തേ അറിയിച്ചെങ്കിലും മത്സരതീയതി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. 12 ടീമുകളാണ്‌ അന്തിമ റൗണ്ടിൽ. നിലവിലെ ചാമ്പ്യൻമാരായ സർവീസസും റണ്ണറപ്പുകളായ ഗോവയും ആതിഥേയരായ തെലങ്കാനയും നേരിട്ട്‌ യോഗ്യത നേടി. ബാക്കിയുള്ള ഒമ്പത്‌ സ്ഥാനങ്ങൾക്കായി 35 ടീമുകളാണ്‌ രംഗത്ത്‌.

രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ഒമ്പതു ഗ്രൂപ്പുകളുടെ യോഗ്യതാ റൗണ്ട്‌ പോരാട്ടം നടക്കും. ഇതിൽ ചാമ്പ്യൻമാരാകുന്നവർ അന്തിമപോരിന്‌ ഹൈദരാബാദിലെത്തും. ഇന്നുമുതലാണ്‌ യോഗ്യതാ റൗണ്ട്‌ ആരംഭിക്കുന്നത്‌. തമിഴ്‌നാടും കർണാടകവും മണിപ്പുരുമെല്ലാം കളത്തിലുണ്ട്‌. കേരളം ഉൾപ്പെട്ട ഗ്രൂപ്പ്‌ എച്ച്‌ റൗണ്ട്‌ 20 മുതൽ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌.

അമ്പത്തേഴുവർഷങ്ങൾക്കുശേഷമാണ്‌ ഹൈദരാബാദ്‌ ദേശീയ പുരുഷ സീനിയർ ചാമ്പ്യൻഷിപ്പായ സന്തോഷ്‌ ട്രോഫിക്ക്‌ വേദിയാകുന്നത്‌. കഴിഞ്ഞതവണ അരുണാചൽപ്രദേശിലായിരുന്നു ടൂർണമെന്റ്‌. ആറുവീതം ടീമുകൾ ഉൾപ്പെടുന്ന രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ്‌ ഫൈനൽ റൗണ്ട്‌. 30ന്‌ യോഗ്യതാ റൗണ്ടുകൾ അവസാനിക്കുന്നതോടെ ഗ്രൂപ്പ്‌ ചിത്രം തെളിയും. ഒരുദിവസം മൂന്നു മത്സരമാണുണ്ടാവുക. ഹൈദരാബാദ്‌ ഗച്ചിബൗളി സ്‌റ്റേഡിയത്തിലാണ്‌ ഫൈനൽ ഉൾപ്പെടെ പ്രധാന മത്സരങ്ങൾ. മറ്റൊരു സ്‌റ്റേഡിയത്തിലും കളിയുണ്ടാകും. ആദ്യ നാല്‌ സ്ഥാനക്കാർ ക്വാർട്ടറിലേക്ക്‌ മുന്നേറും. ഡിസംബർ 17, 18 ദിവസങ്ങളിലാണ്‌ ഈ പോരാട്ടം. സെമി രണ്ടും ഒറ്റ ദിവസമാണ്‌. 20ന്‌.

കേരള ടീം ഇന്ന്‌; 
ഗനി ക്യാപ്‌റ്റനായേക്കും
സന്തോഷ്‌ ട്രോഫി യോഗ്യതാ റൗണ്ടിനുള്ള കേരള ടീമിനെ ഇന്ന്‌ പ്രഖ്യാപിക്കും. കോഴിക്കോട്ട്‌ വൈകിട്ട്‌ നാലിന്‌ സ്വകാര്യ ഹോട്ടലിലാണ്‌ 22 അംഗ ടീമിനെ പ്രഖ്യാപിക്കുക. 30 അംഗ പരിശീലന ക്യാമ്പിൽനിന്നാണ്‌ തെരഞ്ഞെടുപ്പ്‌. ഐഎസ്‌എല്ലിലും ഐ ലീഗിലും ഉൾപ്പെടെ പന്തുതട്ടിയ പരിചയസമ്പന്നനായ മുന്നേറ്റക്കാരൻ ഗനി അഹമ്മദ്‌ നിഗമാകും ക്യാപ്‌റ്റൻ. കോഴിക്കോട്‌ സ്വദേശിയുടെ ആദ്യ സന്തോഷ്‌ ട്രോഫിയാണ്‌. സൂപ്പർ ലീഗിൽ കലിക്കറ്റ്‌ എഫ്‌സിയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പ്രകടനമായിരുന്നു. നിജോ ഗിൽബർട്ട്‌, ജി സഞ്‌ജു തുടങ്ങിയവരെല്ലാം ടീമിലുണ്ടാകും. 20ന്‌ റെയിൽവേസുമായാണ്‌ കേരളത്തിന്റെ ആദ്യകളി.



deshabhimani section

Related News

View More
0 comments
Sort by

Home