ഏഴോവറിൽ ഓസീസ്‌ ; ആദ്യ ട്വന്റി20യിൽ പാകിസ്ഥാനെ 29 റണ്ണിന് തോൽപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 10:35 PM | 0 min read


ഗാബ
മഴ കാരണം ഏഴ്‌ ഓവറാക്കി ചുരുക്കിയ ആദ്യ ട്വന്റി20യിൽ ഓസ്‌ട്രേലിയ പാകിസ്ഥാനെ 29 റണ്ണിന്‌ തോൽപ്പിച്ചു. ഓസീസ്‌ ഏഴോവറിൽ നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ 93 റണ്ണെടുത്തു. പാകിസ്ഥാന്റെ മറുപടി ഒമ്പതിന്‌ 64ൽ ഒതുങ്ങി.

ഗ്ലെൻ മാക്‌സ്‌വെലിന്റെ വെടിക്കെട്ട്‌ പ്രകടനമായിരുന്നു ഓസീസ്‌ ബാറ്റിങ്‌ നിരയുടെ സവിശേഷത. 35 റണ്ണെടുക്കുന്നതിനിടെ രണ്ട്‌ വിക്കറ്റ്‌ നഷ്ടമായപ്പോഴായിരുന്നു മാക്‌സ്‌വെലിന്റെ വരവ്‌. 19 പന്തിൽ 43 റൺ അടിച്ചുകൂട്ടി. മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറുമായിരുന്നു ഇന്നിങ്‌സിൽ. മാർകസ്‌ സ്‌റ്റോയിനിസ്‌ ഏഴ്‌ പന്തിൽ 21 റണ്ണുമായി പുറത്താകാതെ നിന്നു. ഒരു സിക്‌സറും രണ്ട്‌ ഫോറും.

ഒരോവറിൽ ഒമ്പത്‌ റൺ വിട്ടുകൊടുത്ത്‌ രണ്ട്‌ വിക്കറ്റെടുത്ത അബ്ബാസ്‌ അഫ്രീദി മാത്രമാണ്‌ പാക്‌ ബൗളർമാരിൽ പിടിച്ചുനിന്നത്‌.
മറുപടിക്കെത്തിയ പാകിസ്ഥാനെ ഓസീസ്‌ പേസ്‌ ത്രയം തീർത്തു. സേവ്യർ ബാർറ്റ്‌ലെറ്റും നതാൻ എല്ലിസും മൂന്നുവീതം വിക്കറ്റെടുത്തു. സ്‌പെൻസർ ജോൺസൺ ഒന്നും. സ്‌പിന്നർ ആദം സാമ്പ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി. പാകിസ്ഥാന്റെ ഏഴ്‌ ബാറ്റർമാർ രണ്ടക്കം കണ്ടില്ല. മൂന്നു മത്സര പരമ്പരയിലെ രണ്ടാമത്തേത്‌ നാളെ നടക്കും. ഏകദിന പരമ്പര പാകിസ്ഥാനാണ്‌ നേടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home