പ്രതിസന്ധികളിൽ സ്ത്രീകൾ തന്നെ സ്ത്രീകളെ കൈവിടുന്ന പ്രവണത വർധിക്കുന്നു; അശ്വതി ശ്രീകാന്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 01:03 PM | 0 min read

ഷാർജ > പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകളെ സ്ത്രീകൾ  തന്നെ തള്ളിപ്പറയുന്ന പ്രവണത വർധിക്കുന്നുവെന്ന് എഴുത്തുകാരിയും നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ 'റേഡിയോ വീചികളിൽ നിന്ന് ലിഖിതാക്ഷരത്തിലേക്ക്- അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം' എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അശ്വതി. ഒരു പ്രശ്നത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സ്ത്രീകൾ അതിനെ റദ്ദ് ചെയ്യരുത്. അത് പ്രശ്നങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന ഒന്നാണ്. പുരുഷന്മാർ ചെയ്യുന്നതൊക്കെ അതേപടി ചെയ്യുന്നതല്ല ഫെമിനിസം. ഒരാൾ എങ്ങനെ സ്വയം സ്വീകരിക്കുന്നു എന്നതാണ് പ്രധാനം.  ഒമ്പത് കഥകൾ അടങ്ങിയ 'കാളി' വേഗത്തിൽ എഴുതിത്തീർത്ത പുസ്തകമാണ്. ഇതിലെ ചില കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാൻ സാധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. കോവിഡ് കാലത്തെ അനുഭവങ്ങളാണ് ജീവിത പരിശീലക എന്ന ദൗത്യത്തിലേക്ക് കടക്കുവാൻ കാരണമായത്. മറ്റുള്ളവരുടെ സങ്കടങ്ങൾ പങ്കുവെക്കുന്ന വീഡിയോകൾക്ക് താഴെയുള്ള  ചില കമന്റുകളിൽ അശ്ലീല പ്രയോഗങ്ങൾ വരെ ഉണ്ടാകാറുണ്ട്. ആദ്യമൊക്കെ കരയുമായിരുന്നു, പിന്നീട് അവയെ അതിജീവിക്കാനും അത്തരം സമീപനങ്ങളെ തള്ളിക്കളയാനും പഠിച്ചു.

പെൺകുട്ടികൾ ചെറുപ്പം മുതൽ ഏറ്റവും കൂടുതൽ പ്രാവശ്യം കേൾക്കുന്ന നിർദേശം 'ശബ്‌ദം താഴ്ത്തി സംസാരിക്കൂ' എന്നതായിരിക്കും. മക്കളെ വളർത്തുന്നതിനുള്ള  സുപ്രധാനമായ ചില പാഠങ്ങൾ സ്വായത്തമാക്കിയത് മൂത്ത മകളിൽ നിന്നാണെന്ന് അശ്വതി പറഞ്ഞു. ചെറുപ്പത്തിൽ ഉണ്ടാകുന്ന മാനസിക ആഘാതങ്ങൾ കുട്ടികളുടെ സ്വഭാവത്തെ എങ്ങനെ ബാധിക്കുമെന്നതിന് ഒരു അനുഭവം അശ്വതി പങ്കുവെച്ചു. ബാല്യകാലത്ത് വഴക്ക് കൂടുമ്പോൾ 'അമ്മ ' നിശബ്ദ ചികിത്സ' നൽകുമായിരുന്നു. ദിവസങ്ങളോളം മിണ്ടാതിരിക്കുക എന്ന ശിക്ഷയായിരുന്നു  ആ ചികിത്സ. 'അമ്മ വീണ്ടും മിണ്ടുന്നത് വരെ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നു. പിന്നീട് ജീവിത പങ്കാളിയോ അടുത്ത സുഹൃത്തുക്കളോ തിരക്ക് മൂലമോ മറ്റോ   മിണ്ടാതെയിരുന്നാൽ അത് തന്നെ ശിക്ഷിക്കുന്നതിനാണെന്ന് തോന്നിയിരുന്നു. ഇതിനെ അതിജീവിക്കാൻ ഇപ്പോൾ കഴിഞ്ഞുവെന്നും ഇപ്പോൾ അത്തരം തോന്നലുകളിൽ നിന്ന് മുക്തയായിയെന്നും അശ്വതി ശ്രീകാന്ത് പറഞ്ഞു. പരിപാടിയിൽ മാധ്യമ പ്രവർത്തകൻ അനൂപ്‌ കീച്ചേരി മോഡറേറ്ററായി.



deshabhimani section

Related News

View More
0 comments
Sort by

Home