വീണ്ടും ജി വി രാജ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 12:15 AM | 0 min read

കൊച്ചി> കേരളത്തിന്റെ കായികഭൂപടത്തിൽ ഒരു കാലത്തെ അടയാളപ്പെടുത്തിയ തിരുവനന്തപുരത്തെ ജി വി രാജ സ്‌പോർട്സ് സ്‌കൂൾ ഒരുവേള മറഞ്ഞുപോയിരുന്നു. ആ പേര്‌ വീണ്ടും തെളിയുന്നു. അതും പൂർവാധികം കരുത്തോടെ. ആ തിരിച്ചുവരവിന് പിന്നിലൊരു ചാലകശക്തിയുണ്ട്‌, അത്‌ കേരളത്തിലെ സർക്കാരാണ്. ട്രാക്കിൽമാത്രം നാല്‌ സ്വർണവും മൂന്ന്‌ വെള്ളിയും ഒരു വെങ്കലവും ലഭിച്ചു. അത്‌ലറ്റിക്‌സിൽ 55 അംഗ ടീമാണ്‌.

അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയതിന്റെ ഫലമാണ്‌ ഇപ്പോൾ കൊയ്യുന്നത്‌. 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, എല്ലാ സൗകര്യങ്ങളുമുള്ള രണ്ട് ജിംനേഷ്യം, ഫിസിയോതെറാപ്പി–-മസാജിങ് സെന്റർ, ആയുർവേദം, അലോപ്പതി ചികിത്സാസൗകര്യങ്ങൾ എന്നിവയെല്ലാമുണ്ട്‌. പോഷകസമൃദ്ധമായ ഭക്ഷണസൗകര്യവും ഒരുക്കി. ഭക്ഷണ അലവൻസും ഉയർത്തി. ചീഫ് കോച്ച് കെ എസ് അജിമോന്റെ നേതൃത്വത്തിൽ എസ് കെ അഖിൽ, അജിത് ഇട്ടി, മീറാൻ ജോയി, അമല മാത്യു എന്നിവരാണ് പരിശീലകർ.

ഈ വർഷം മെയ് മുതൽ പരിശീലനം നൽകാൻ അനുമതി നൽകിയ സർക്കാർ തീരുമാനമാണ് മികച്ച പ്രകടനത്തിന് സഹായകമായതെന്ന് ചീഫ് കോച്ച് കെ എസ് അജിമോൻ പറഞ്ഞു. ക്യാമ്പ് നടത്താൻ അനുമതി കിട്ടുകമാത്രമല്ല ഭക്ഷണത്തിനുള്ള തുകയും വകയിരുത്തി. അടുത്ത അധ്യയനവർഷത്തേക്കുള്ള കുട്ടികളെ ജനുവരിയിൽ തന്നെ ടാലന്റ്‌ ടെസ്റ്റ് നടത്തി കണ്ടെത്താനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു.
ടാലന്റ്‌ ടെസ്റ്റ് നടത്തുന്നതിന് കൃത്യമായ മാനദണ്ഡം ഉണ്ടാക്കിയത് ഗുണകരമായെന്ന് പ്രിൻസിപ്പൽ ഡോ. എം കെ സുരേന്ദ്രൻ പറഞ്ഞു. ടാലന്റ്‌ ടെസ്‌റ്റ്‌ നടത്തിയശേഷം രണ്ടുതവണ പരിശോധിച്ച്‌ മെറിറ്റ് ലിസ്റ്റ്‌ തയ്യാറാക്കിയാണ് കുട്ടികളെ എടുക്കുന്നത്. 383 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ 78 പേർ അത്‌ലീറ്റുകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Home