പിച്ചിൽ പേടി ; ന്യൂസിലൻഡിന് രണ്ടാം ഇന്നിങ്സിൽ 143 റൺ ലീഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 03:02 AM | 0 min read


മുംബൈ
പന്ത്‌ കുത്തിത്തിരിയുന്ന മുംബൈ പിച്ചിൽ ജയപ്രതീക്ഷയിൽ ഇന്ത്യ. മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ രണ്ടാംദിനം സ്‌പിന്നർമാരിലൂടെ രോഹിത്‌ ശർമയും കൂട്ടരും കളംപിടിച്ചു. രണ്ടാംദിനം ന്യൂസിലൻഡ്‌ രണ്ടാം ഇന്നിങ്‌സിൽ ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തിൽ 171 റണ്ണെന്ന നിലയിലാണ്‌. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 28 റൺ ലീഡ്‌ നേടിയിരുന്നു. നിലവിൽ ന്യൂസിലൻഡിന്‌ 143 റണ്ണിന്റെ ലീഡാണ്‌. ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 263ന്‌ പുറത്തായി. 90 റണ്ണെടുത്ത ശുഭ്‌മാൻ ഗില്ലും 60 റണ്ണുമായി ഋഷഭ്‌ പന്തുമാണ്‌ ഇന്ത്യക്ക്‌ ലീഡൊരുക്കിയത്‌. രണ്ട്‌ ദിവസത്തിനുള്ളിൽ 29 വിക്കറ്റാണ്‌ വാംഖഡെയിൽ കടപുഴകിയത്‌. ഇതിൽ 24ഉം സ്‌പിന്നർമാർക്ക്‌.

സ്‌കോർ: ന്യൂസിലൻഡ്‌ 235, 171/9; ഇന്ത്യ 263.

പരമ്പരയിലാദ്യമായി ഒന്നാം ഇന്നിങ്‌സ്‌ ലീഡ്‌ വഴങ്ങിയ ന്യൂസിലൻഡിന്‌ രണ്ടാം ഇന്നിങ്‌സിൽ പിടിച്ചുനിൽക്കാനായില്ല. ആർ അശ്വിനും രവീന്ദ്ര ജഡേജയും ആദ്യമായി ഒരുമിച്ച്‌ തിളങ്ങിയപ്പോൾ ഇന്ത്യക്ക്‌ മേൽക്കൈ കിട്ടി. പരമ്പരയിൽ മങ്ങിപ്പോയ അശ്വിൻ രണ്ടാം ഇന്നിങ്‌സിൽ താളം കണ്ടെത്തി. മൂന്ന്‌ വിക്കറ്റാണ്‌ ഓഫ്‌ സ്‌പിന്നർ നേടിയത്‌. ജഡേജ നാലെണ്ണം നേടി. ആകാശ്‌ ദീപും വാഷിങ്‌ടൺ സുന്ദറും ഓരോ വിക്കറ്റ്‌ സ്വന്തമാക്കി. 51 റണ്ണെടുത്ത വിൽ യങ്ങാണ്‌ കിവിനിരയിൽ പിടിച്ചുനിന്നത്‌. യങ്ങും ഡാരിൽ മിച്ചെലും (21) ചേർന്ന്‌ ന്യൂസിലൻഡിനെ ഒരുഘട്ടത്തിൽ മികച്ച നിലയിലെത്തിച്ചതാണ്‌. എന്നാൽ, മിച്ചെലിനെ ജഡേജയുടെ പന്തിൽ മനോഹരമായ ക്യാച്ചിൽ അശ്വിൻ പുറത്താക്കിയതോടെ കളി മാറി. 77 റണ്ണെടുക്കുന്നതിനിടെ ആറ്‌ വിക്കറ്റാണ്‌ കിവികൾക്ക്‌ നഷ്ടമായത്‌. രചിൻ രവീന്ദ്രയെ (4) ചെറിയ സ്‌കോറിൽ അശ്വിൻ മടക്കി. യങ്ങിനെ സ്വന്തം ബൗളിങ്ങിൽ പിടിച്ചുപുറത്താക്കി. പതിനാല്‌ പന്തിൽ മൂന്ന്‌ സിക്‌സറും ഒരു ഫോറും ഉൾപ്പെടെ 24 റണ്ണെടുത്ത ഗ്ലെൻ ഫിലിപ്‌സാണ്‌ സ്‌കോർ 150 കടത്തിയത്‌.

നാലിന്‌ 86 റണ്ണെന്നനിലയിൽ രണ്ടാംദിനം ഒന്നാം ഇന്നിങ്‌സ്‌ ആരംഭിച്ച ഇന്ത്യക്ക്‌ മികച്ച തുടക്കമാണ്‌ കിട്ടിയത്‌. പന്തും ഗില്ലും ചേർന്ന്‌ ആക്രമിച്ച്‌ കളിച്ചു.  ഈ സഖ്യം 96 റണ്ണെടുത്തു. ഗിൽ ഒരു സിക്‌സറും ഏഴ്‌ ഫോറും പറത്തി. പന്തിന്റെ ഇന്നിങ്‌സിൽ രണ്ട്‌ സിക്‌സറും എട്ട് ഫോറും. 36 പന്തിലായിരുന്നു അരസെഞ്ചുറി. അവസാനഘട്ടത്തിൽ 36 പന്തിൽ 38 റണ്ണെടുത്ത വാഷിങ്‌ടൺ സുന്ദറാണ്‌ സ്‌കോർ ഉയർത്തിയത്‌. രണ്ട്‌ സിക്‌സറും നാല്‌ ഫോറും നേടിയ സുന്ദർ പുറത്തായില്ല. കിവീസിനായി അജാസ്‌ പട്ടേൽ അഞ്ച്‌ വിക്കറ്റെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home