ഒമാനിൽ ഓഡിറ്റിങ് മേഖലയിലും സ്വദേശിവൽക്കരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 04:01 PM | 0 min read

മസ്‌കത്ത്‌ > ഓരോ മേഖലയിലും സ്വദേശികൾക്ക് അർഹമായ ജോലി ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഓഡിറ്റിങ് മേഖലയിലും സ്വദേശിവൽകരണം ശക്തമാക്കാനൊരുങ്ങി അധികൃതര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു-ജോയിനിംഗ് സ്‌റ്റോക്ക് കമ്പനികള്‍ എന്നിവയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എങ്കേജ്‌മെന്റ് ടീമുകളില്‍ ഇനി സ്വദേശികളെ നിയമിക്കണമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി (എഫ് എസ് എ) നിര്‍ദേശിച്ചു. അടുത്ത വര്‍ഷം ജനുവരി മുതല്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരും.

ഈ മേഖലകളിലായി 50 ശതമാനം വരെ സ്വദേശികളെ നിയമിക്കാന്‍ എല്ലാ ഓഡിറ്റ് സ്ഥാപനങ്ങളോടും അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിന് പുറമെ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ച മറ്റു സ്വദേശിവൽകരണ തോത് ഓഡിറ്റിങ് സ്ഥാപനങ്ങളുടെ മറ്റു വകുപ്പുകളിലും ഉണ്ടായിരിക്കണം. മലയാളികള്‍ ഉള്‍പ്പെട തൊഴിലെടുക്കുന്ന ഈ മേഖലയില്‍ കൂടി സ്വദേശിവത്കരണം വരുന്നത് തിരിച്ചടിയാകും. ഓഡിറ്റിങ് സ്ഥാപനങ്ങള്‍ നടത്തുന്നവരിലും നിരവധി പ്രവാസികളുണ്ട്.

സ്വദേശിവൽകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. കഴിഞ്ഞ മാസങ്ങളില്‍ നിരവധി മേഖലകളാണ് ഒമാനികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. ഇതോടൊപ്പം നൂറില്‍ പരം തസ്തികകളില്‍ വിദേശികള്‍ക്ക് വിസാ വിലക്കുകളും തുടരുന്നുണ്ട്. രാജ്യത്തെ പൗരൻമാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഒമാൻ തൊഴിൽ മന്ത്രാലയം ഊർജിതമാക്കുകയാണ്.

 



deshabhimani section

Related News

View More
0 comments
Sort by

Home