തിരുവനന്തപുരം കൊമ്പൻസ് സെമിയിൽ ; മലപ്പുറം എഫ്‌സിയെ 2–-2ന്‌ കുരുക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 10:56 PM | 0 min read


മഞ്ചേരി
മലപ്പുറം എഫ്‌സിയെ 2–-2ന്‌ കുരുക്കി തിരുവനന്തപുരം കൊമ്പൻസ്‌ സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ സെമിയിൽ. ജയിച്ചാൽ മാത്രം അവസാന നാലിൽ കടക്കാമായിരുന്ന മലപ്പുറം, സ്വന്തംതട്ടകത്തിൽ പൊരുതിയെങ്കിലും കൊമ്പൻസ്‌ പ്രതിരോധത്തിനുമുന്നിൽ കീഴടങ്ങി. രണ്ടു ഗോളിന്‌ പിന്നിട്ടുനിന്നശേഷം പകരക്കാരൻ അലെക്‌സ്‌ സാഞ്ചെസിലൂടെ രണ്ടു ഗോൾ തിരിച്ചടിച്ചെങ്കിലും ജയിക്കാൻ അത്‌ മതിയായിരുന്നില്ല. ഓട്ടമർ ബിസ്‌പോ, പോൾ ഹമർ എന്നിവർ കൊമ്പൻസിനായി ലക്ഷ്യം കണ്ടു.
മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. പക്ഷേ, ലക്ഷ്യം കാണാൻ അവർ മറന്നപ്പോൾ കിട്ടിയ അവസരം തിരുവനന്തപുരം മുതലാക്കി. പത്ത് കളിയിൽ 13 പോയിന്റുമായി നാലാംസ്ഥാനക്കാരായാണ് സെമിയിൽ കടന്നത്. മലപ്പുറത്തിന് 10 പോയിന്റ്‌ മാത്രം. അഞ്ചാംസ്ഥാനക്കാരായി പുറത്തായി.

ആദ്യപകുതിയിൽ നിരന്തരം ആക്രമിച്ചുകളിക്കുന്ന മലപ്പുറത്തെയാണ് കളത്തിൽ കണ്ടത്. അവസരം പലവട്ടം വീണുകിട്ടി. മലപ്പുറം വേഗം കൂട്ടാൻ ശ്രമിച്ചപ്പോൾ വേഗം കുറച്ചാണ് തിരുവനന്തപുരം കളിച്ചത്. പെനൽറ്റിയിലൂടെയായിരുന്നു ആദ്യഗോൾ. പന്തുമായി മുന്നേറിയ ഓട്ടമറെ മലപ്പുറം പ്രതിരോധക്കാരൻ നന്ദുകൃഷ്ണ ബോക്സിൽ വീഴ്ത്തി. റഫറി പെനൽറ്റി വിധിച്ചു. കിക്കെടുത്തത് ഓട്ടമർ തന്നെ.  ബ്രസീലുകാരന്റെ കനത്ത ഷൂട്ട് മലപ്പുറം വലയിൽ തുളച്ചുകയറി. ആദ്യപകുതിയുടെ പരിക്കുസമയത്തുമാത്രം മലപ്പുറത്തിന് അനുകൂലമായി അഞ്ച് കോർണർ ലഭിച്ചു.

രണ്ടാംപകുതി തിരുവനന്തപുരത്തിന്റെ ഗോളോടെയാണ് തുടങ്ങിയത്. മുഹമ്മദ് അഷർ നൽകിയ പാസ് പോൾ വലയിലാക്കിയപ്പോൾ മലപ്പുറം പ്രതിരോധം കാഴ്‌ചക്കാരായി. 69–--ാംമിനിറ്റിൽ മലപ്പുറം തിരിച്ചടിച്ചു. ബാർബോസ ജൂനിയർ നൽകിയ പാസ് സാഞ്ചസ് തലകൊണ്ട് കുത്തി തിരുവനന്തപുരത്തിന്റെ വലയിലാക്കി. ഇതോടെ കളി ചൂടുപിടിച്ചു. കൊമ്പൻസ് ഗോളി ബ്രസീലുകാരൻ മിഖായേൽ സാന്റോസ് പലവട്ടം മലപ്പുറത്തിന് വിലങ്ങുതടിയായി. പരിക്കുസമയത്തിന്റെ എട്ടാംമിനിറ്റിൽ സാഞ്ചസ് സമനില നൽകിയെങ്കിലും വൈകിപ്പോയി. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ വിസിൽ മുഴങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Home