ഇനിയാണ്‌ കളി ; സൂപ്പർ ലീഗ് കേരള ഫുട്ബോൾ സെമി ലെെനപ്പായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 10:55 PM | 0 min read


കൊച്ചി
മൂന്നേമൂന്നു മത്സരം. സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ ഇനിയാണ്‌ കളി. ആദ്യഘട്ടത്തിലെ പത്തു റൗണ്ടുകൾ അവസാനിച്ചു. ഇനിയുള്ളത്‌ കിരീടപ്പോരാട്ടങ്ങൾ. രണ്ടു ജയത്തിനപ്പുറമാണ്‌ ചാമ്പ്യൻപട്ടം. ചൊവ്വയും ബുധനുമാണ്‌ സെമി പോരാട്ടങ്ങൾ. ഫൈനൽ പത്തിന്‌. എല്ലാ മത്സരങ്ങളും രാത്രി 7.30ന്‌ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ. 30 മത്സരങ്ങളാണ്‌ കഴിഞ്ഞത്‌. ഓരോ ടീമും പത്തുതവണ കളത്തിലെത്തി.

ഒന്നാമൻമാരായി കലിക്കറ്റ്‌ എഫ്‌സി (19 പോയിന്റ്‌), രണ്ടാമതായി ഫോഴ്‌സ കൊച്ചി (16 പോയിന്റ്‌), മൂന്നാമതായി കണ്ണൂർ വാരിയേഴ്‌സ്‌ (16 പോയിന്റ്‌), നാലാമതായി തിരുവനന്തപുരം കൊമ്പൻസ്‌ (13 പോയിന്റ്‌) ടീമുകൾ സെമിയിൽ കടന്നു. മലപ്പുറം എഫ്‌സി, തൃശൂർ മാജിക്‌ എഫ്‌സി ക്ലബ്ബുകൾ പുറത്തായി. ഒന്നാമതുള്ള കലിക്കറ്റും നാലാമതുള്ള തിരുവനന്തപുരവും തമ്മിൽ ചൊവ്വാഴ്‌ച ആദ്യ സെമിയിൽ ഏറ്റുമുട്ടും. ബുധനാഴ്‌ച രണ്ടും മൂന്നും സ്ഥാനങ്ങളിൽ അവസാനിപ്പിച്ച കൊച്ചിയും കണ്ണൂരും ബലപരീക്ഷണം നടത്തും.

കലിക്കറ്റ്‌ എഫ്‌സി x 
തിരുവനന്തപുരം കൊമ്പൻസ്‌
ഒന്നാംസെമി, കോഴിക്കോട്‌ കോർപറേഷൻ സ്‌റ്റേഡിയം
(അഞ്ചിന്‌ രാത്രി 7.30)

ലീഗിൽ സ്ഥിരതയോടെ പന്തുതട്ടിയ സംഘമാണ്‌ കലിക്കറ്റിന്റേത്‌. ഒറ്റ കളിമാത്രമാണ്‌ തോറ്റത്‌. പത്തിൽ അഞ്ചും ജയിച്ചു. നാല്‌ സമനില വഴങ്ങി. ആക്രമണ ഫുട്‌ബോളാണ്‌ കരുത്ത്‌. എല്ലാ നിരയിലും മികച്ച താരങ്ങൾ. വിദേശ–-ഇന്ത്യൻ കളിക്കാർ ഒരുമയോടെ കളിക്കുന്നു. പരിചയസമ്പത്തും യുവത്വവും സമന്വയിച്ച സംഘം. ലീഗിൽ കൂടുതൽ ഗോൾ നേടിയ ടീമും കലിക്കറ്റാണ്‌. 18 വട്ടം ലക്ഷ്യംകണ്ടു. വഴങ്ങിയത്‌ ഒമ്പതെണ്ണം. സ്‌കോട്ടിഷ്‌–-ഓസ്‌ട്രേലിയൻ വംശജനായ ഇയാൻ ആൻഡ്രു ഗില്ലനാണ്‌ പരിശീലകൻ.
തിരുവനന്തപുരം കൊമ്പൻസാകട്ടെ നിർണായകമായ അവസാന റൗണ്ടിൽ മലപ്പുറത്തിനെ തളച്ചാണ്‌ സെമി ഉറപ്പിച്ചത്‌. തുടക്കം കുതിച്ച തലസ്ഥാന ക്ലബ്ബിന്‌ പിന്നീട്‌ പിഴച്ചു. താളം തുടരാനായില്ല. എങ്കിലും സെർജിയോ അലെക്‌സാൻദ്രെ എന്ന ബ്രസീൽ പരിശീലകനുകീഴിൽ തിരിച്ചുവന്നു. പത്തു കളിയിൽ മൂന്ന് ജയവും നാല് സമനിലയുമാണ്‌. മൂന്ന്‌ തോൽവിയുണ്ട്‌. 14 ഗോളടിച്ചപ്പോൾ പതിനഞ്ചെണ്ണം വഴങ്ങി. ബ്രസീൽ താരങ്ങളാണ് ബലം.

ഫോഴ്സ കൊച്ചി x 
 കണ്ണൂർ വാരിയേഴ്‌സ്‌
രണ്ടാംസെമി, കോഴിക്കോട്‌ കോർപറേഷൻ സ്‌റ്റേഡിയം
(ആറിന്‌ രാത്രി 7.30)

ആദ്യ മൂന്നു കളിയിലും ജയമില്ലാതിരുന്ന കൊച്ചിക്ക്‌ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല. ഉദ്‌ഘാടനമത്സരത്തിൽ സ്വന്തം തട്ടകത്തിൽ മലപ്പുറത്തോട്‌ തകർന്നു. പിന്നീട്‌ രണ്ട്‌ സമനിലയും. പക്ഷേ, തളർന്നില്ല. നിയന്ത്രണം വീണ്ടെടുത്തു. പ്രതിരോധമാണ്‌ കരുത്ത്‌. കുറഞ്ഞ ഗോൾ വഴങ്ങിയ സംഘമാണ്‌. ആകെ എട്ട്‌ ഗോൾ. അടിച്ചതാകട്ടെ പത്തെണ്ണവും. പോർച്ചുഗലുകാരൻ മാരിയോ ലെമൊസാണ്‌ കോച്ച്‌. സ്‌പാനിഷുകാരൻ മാനുവൽ സാഞ്ചസ്‌ മുറിയാസിനുകീഴിൽ ആധികാരിക കളി പുറത്തെടുത്ത കണ്ണൂരിന്‌ അവസാന റൗണ്ടുകളിൽ പാളിച്ചകളുണ്ടായി. പ്രതിരോധത്തിൽ പിഴച്ചു. 15 ഗോൾ വഴങ്ങി. അടിച്ചത്‌ 16. മികച്ച സ്‌പാനിഷ്‌ താരങ്ങളും ഇന്ത്യൻ താരങ്ങളും നിറഞ്ഞ ടീം നിസ്സാരക്കാരല്ല.

സെമിയും ഫൈനലും 
കോഴിക്കോട്ട്‌
സൂപ്പർ ലീഗ്‌ കേരളയുടെ രണ്ട്‌ സെമിയും ഫൈനലും കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ. ആദ്യ സെമിമാത്രമായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്‌. രണ്ടാംസെമി മലപ്പുറത്തും ഫൈനൽ കൊച്ചിയിലുമായിരുന്നു. എന്നാൽ, ലീഗിന്‌ കോഴിക്കോട്ടുള്ള സ്വീകാര്യതയും സാങ്കേതികകാരണങ്ങളും കണക്കിലെടുത്ത്‌ എല്ലാ പോരാട്ടങ്ങളും ഇവിടെയാക്കി. ലീഗിൽ ഇതുവരെ പത്തു മത്സരങ്ങൾ നടന്നിട്ടുണ്ട്‌. 81,790 പേരാണ്‌ കളി കാണാനെത്തിയത്‌. മറ്റു മൂന്ന്‌ വേദികളിലേക്കാൾ കൂടുതൽ ആളുകളെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home