‘വെങ്കലം സ്വർണമാക്കൂ’

തിരുവനന്തപുരം
‘ഞാൻ നേടിയ വെങ്കലമെഡലുകൾ സ്വർണമെഡലുകളാക്കി മാറ്റേണ്ടത് നിങ്ങളാണ്, അതിനുവേണ്ടി സ്വപ്‌നം കാണൂ, കഠിനാധ്വാനം ചെയ്യൂ’...ഇന്ത്യൻ ഹോക്കിയുടെ ‘വന്മതിൽ’ പി ആർ ശ്രീജേഷിന്റെ വാക്കുകൾ ഭാവിതാരങ്ങൾ ഏറ്റെടുത്തത് കരഘോഷത്തോടെ.
രണ്ടാംതവണയും ഒളിമ്പിക്‌സ് വെങ്കലമെഡൽ നേടിയതിന് സംസ്ഥാന സർക്കാർ നൽകിയ സ്വീകരണവേദിയിൽ സംസാരിക്കുകയായിരുന്നു ശ്രീജേഷ്. ജി വി രാജ സ്‌കൂളിൽ കായികവിദ്യാർഥിയായി ചേരുമ്പോൾ സ്വപ്‌നംകണ്ടത് പത്താംക്ലാസിലും പ്ലസ്‌ടുവിലും ലഭിക്കുന്ന ഗ്രേസ് മാർക്ക് മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 60 മാർക്ക് സ്വപ്‌നംകണ്ടപ്പോൾ രണ്ട് ഒളിമ്പിക്‌സ് മെഡലുകൾ നേടാനായെങ്കിൽ പുതിയ താരങ്ങൾ ഒളിമ്പിക്‌സ് മെഡൽമാത്രം സ്വപ്‌നംകണ്ട് പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പ്രഖ്യാപിച്ച പാരിതോഷികമായ രണ്ടുകോടി രൂപയും ഉപഹാരവും മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ഇന്ത്യൻ ഹോക്കിയുടെ എക്കാലത്തേയും മികച്ച താരമാണ് ശ്രീജേഷെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കഴിവും സേവനവും മികച്ചരീതിയിൽ പ്രയോജനപ്പെടുത്താനുള്ള മാർഗങ്ങൾ കേരളം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കായികമന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ പി യു ചിത്ര, മുഹമ്മദ് അനസ്, വി കെ വിസ്‌മയ, വി നീന, കുഞ്ഞുമുഹമ്മദ് എന്നിവരെ പൊതുവിദ്യാഭ്യാസവകുപ്പിൽ അസിസ്‌റ്റന്റ് സ്‌പോർട്സ് ഓർഗനൈസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്‌തു. പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത മുഹമ്മദ് അനസ്, എച്ച് എസ് പ്രണോയ്, മുഹമ്മദ് അജ്‌മൽ, അബ്‌ദുള്ള അബൂബക്കർ എന്നീ താരങ്ങൾക്കും ഇന്ത്യൻ അത്‌ലറ്റിക്‌സ് ചീഫ് കോച്ച് പി രാധാകൃഷ്‌ണൻനായർക്കും അഞ്ചുലക്ഷം രൂപവീതം സമ്മാനിച്ചു.
ആന്റണി രാജു എംഎൽഎ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, ഫുട്‌ബോൾ താരം ഐ എം വിജയൻ, എം വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.









0 comments