സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന് 101 അംഗ സ്വാഗതസംഘം; സബ് കമ്മിറ്റികള്‍ പ്രവർത്തനം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 03:39 PM | 0 min read

ലണ്ടൻ > ബെർമിംഗ്ഹാമില്‍ നടക്കുന്ന സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സമ്മേളനത്തിന്‍റെ സുഖമമായ നടത്തിപ്പിന് 101അംഗ സ്വാഗതസംഘം രൂപീകരിച്ചു. നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളപ്പാള്ളി, പ്രസിഡന്‍റ് ശ്രീകുമാർ ഉള്ളാപ്പിള്ളില്‍ എന്നിവരെ സ്വാഗതസംഘം കൺവീനർ മാരായി തെരഞ്ഞെടുത്തു. ബെർമിംഗ്ഹാം യൂണിറ്റിൽ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം ഗ്ലീറ്ററാണ് സ്വാഗതസംഘം ചെയർമാൻ. ആതിഥേയ യൂണിറ്റിലെ മുഴുവൻ അംഗങ്ങളോടൊപ്പം സമീക്ഷയുടെ എല്ലാ യൂണിറ്റുകളില്‍ നിന്നും ഉള്ള  പ്രതിനിധികളും സ്വാഗതസംഘത്തിലുണ്ട്.

നാഷണല്‍ സെക്രട്ടേറിയറ്റ്, നാഷണൽ കമ്മിറ്റി, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേർന്ന
യോഗത്തിലാണ് സ്വാഗതസംഘം രൂപീകരിച്ചത്. വിവിധ സബ് കമ്മിറ്റികളും പ്രവർത്തനം ആരംഭിച്ചു. ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ ഒരാഴ്ച കൊണ്ട് പൂർത്തിയാക്കും. നവംബർ പകുതിയോടെ മുഴുവൻ ഏരിയാ സമ്മേളനങ്ങളും ചേരും. നവംബർ 30ന് ബെർമിംഗ്ഹാമിലെ ഹോളി നേം പാരിഷ് സെന്‍റർ ഹാളിലാണ് ദേശീയ സമ്മേളനം. ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും.

കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന സമ്മേളനം, അടുത്ത സമ്മേളന കാലയളവ് വരെയുള്ള നയപരിപാടികള്‍ ആസൂത്രണം ചെയ്യും. ചൂരൽമലയുടെ പുനർനിർമാണത്തിന് പണം സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ദേശീയ സമ്മേളനം ഒരു ദിവസത്തേക്ക് ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ആഘോഷ പരിപാടികള്‍ ഉള്‍പ്പടെ രണ്ട് ദിവസമായിരുന്നു സമ്മേളനം. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
 



deshabhimani section

Related News

View More
0 comments
Sort by

Home