റോഡ്രി മിന്നി ; വിനീഷ്യസ് രണ്ടാമത് , വനിതാ ബാലൻ ഡി ഓർ ബൊൻമാറ്റിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 03:23 AM | 0 min read

 

പാരിസ്‌
ബാലൻ ഡി ഓറിൽ റോഡ്രിയുടെ മുത്തം. റയൽ മാഡ്രിഡ്‌ സൂപ്പർ താരം വിനീഷ്യസ്‌ ജൂനിയറിനെ അവസാന നിമിഷം പിന്നിലാക്കി മാഞ്ചസ്‌റ്റർ സിറ്റിയുടെ റോഡ്രി കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരമായി. വനിതാ ബാലൻ ഡി ഓറിൽ സ്‌പാനിഷുകാരി അയ്‌താന ബൊൻമാറ്റിക്ക്‌ എതിരില്ലായിരുന്നു. തുടർച്ചയായ രണ്ടാം തവണയും ബാഴ്‌സലോണക്കാരി മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

സ്‌പെയ്‌നിന്‌ വേണ്ടി യൂറോ കപ്പും മാഞ്ചസ്‌റ്റർ സിറ്റിക്കായി ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടവും ചൂടിയാണ്‌ റോഡ്രി പാരിസിലെ ബാലൻ ഡി ഓർ ചടങ്ങിൽ മിന്നിയത്‌. സിറ്റിക്കായി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു. യൂറോയിലെ മികച്ച താരമായതും ഈ ഡിഫൻസീവ്‌ മിഡ്‌ഫീൽഡറായിരുന്നു.

അവസാന നിമിഷംവരെ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ്‌ ജൂനിയറിന്‌ പുരസ്‌കാരം കിട്ടുമെന്നായിരുന്നു വിലയിരുത്തൽ. കഴിഞ്ഞ സീസണിൽ റയലിനായി 24 ഗോളാണ്‌ അടിച്ചുകൂട്ടിയത്‌. സ്‌പാനിഷ്‌ ലീഗും ചാമ്പ്യൻസ്‌ ലീഗും ഉൾപ്പെടെ മൂന്ന്‌ കിരീടങ്ങൾ സമ്മാനിച്ചു. ചാമ്പ്യൻസ്‌ ലീഗിൽ ആറ്‌ ഗോളാണ്‌ നേടിയത്‌. ഫൈനലിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെതിരെ ഗോളടിച്ച ഇരുപത്തിനാലുകാരൻ സെമിയിൽ ബയേൺ മ്യൂണിക്കിനെതിരെ രണ്ട്‌ തവണ ലക്ഷ്യം കണ്ടു.
വിനീഷ്യസിനെ ഒഴിവാക്കിയെന്ന്‌ ആരോപിച്ച്‌ റയൽ മാഡ്രിഡ്‌ താരങ്ങൾ ബാലൻ ഡി ഓർ ചടങ്ങ്‌ ബഹിഷ്‌കരിച്ചു. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ടീമായി തെരഞ്ഞെടുക്കപ്പെട്ടത്‌ റയലിനെയായിരുന്നു. റയലിന്റെ ജൂഡ് ബെല്ലിങ്ഹാമിനാണ് ബാലൻ ഡി ഓർ പട്ടികയിൽ മൂന്നാംസ്ഥാനം.എംബാപ്പെ ആറാമതും സിറ്റിയുടെ ഗോളടിക്കാരൻ എർലിങ് ഹാലണ്ട് അഞ്ചാമതുമായി.

കഴിഞ്ഞ തവണ ലയണൽ മെസിയായിരുന്നു ജേതാവ്‌. 2003നുശേഷം മെസിയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയും നാമനിർദേശം ചെയ്യപ്പെടാത്ത ബാലൻ ഡി ഓർ വേദിയായി ഇത്‌. ബാഴ്‌സലോണയുടെ സ്‌പാനിഷ്‌ താരം ലമീൻ യമാലിനാണ്‌ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം. മികച്ച സ്‌ട്രൈക്കർക്കുള്ള പുരസ്‌കാരം റയലിന്റെ കിലിയൻ എംബാപ്പെയും ബയേൺ മ്യൂണിക്കിന്റെ ഹാരി കെയ്‌നും പങ്കിട്ടു. 52 ഗോൾ വീതമാണ്‌ ഇരുവരും കഴിഞ്ഞ സീസണിൽ നേടിയത്‌. അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ്‌ മികച്ച ഗോൾ കീപ്പറായി. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ക്ലബ്ബ്‌ ആസ്‌റ്റൺ വില്ലയ്‌ക്കാണ്‌ 32കാരൻ കളിക്കുന്നത്‌. തുടർച്ചയായ രണ്ടാംതവണയാണ്‌ നേട്ടം.

മികച്ച പരിശീലകൻ റയൽ മാഡ്രിഡിന്റെ കാർലോ ആൻസെലോട്ടിയാണ്. കഴിഞ്ഞ സീസണിൽ റയലിന് ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗും ആൻസെലോട്ടി സമ്മാനിച്ചിരുന്നു. ചെൽസിയുടെ എമ്മ ഹായെസ് ആണ് മികച്ച വനിതാ ടീം പരിശീലക. 



deshabhimani section

Related News

View More
0 comments
Sort by

Home