ടെൻഹാഗ്‌ പുറത്ത്‌ ; മാഞ്ചസ്റ്റർ യുണെെറ്റഡ് പുതിയ പരിശീലകനെ തേടുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 05:41 PM | 0 min read


ലണ്ടൻ
ഒടുവിൽ ആ അറിയിപ്പെത്തി. പരിശീലകൻ എറിക്‌ ടെൻഹാഗിനെ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പുറത്താക്കി. സീസണിലെ ദയനീയ പ്രകടനം തുടരുന്നതിനിടെയാണ്‌ ഡച്ചുകാരനുമായി ക്ലബ്‌ വേർപിരിഞ്ഞത്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ഒമ്പത്‌ കളി പൂർത്തിയായപ്പോൾ 14–-ാംസ്ഥാനത്താണ്‌ ടീം. കഴിഞ്ഞദിവസം വെസ്റ്റ്‌ഹാം യുണൈറ്റഡിനോടും തോറ്റു. 36 ടീമുകൾ മാറ്റുരയ്‌ക്കുന്ന യൂറോപ ലീഗിൽ 21–-ാംസ്ഥാനത്തുമാണ്‌. സഹപരിശീലകനും മുൻതാരവുമായ റൂഡ്‌ വാൻ നിസ്റ്റൽറൂയിക്കാണ്‌ ഇടക്കാല ചുമതല. പുതിയ പരിശീലകൻ ഉടനെത്തും. സാവി, സിനദിൻ സിദാൻ തുടങ്ങിയവരാണ്‌ പരിഗണനയിലുള്ള പ്രമുഖർ.

റാൽഫ്‌ റാങ്ക്‌നിക്കിന്‌ പകരം 2022 മേയിലാണ്‌ ഡച്ച്‌ ക്ലബ്‌ അയാക്‌സിന്റെ ചുമതല വഹിച്ചിരുന്ന ടെൻഹാഗിനെ യുണൈറ്റഡ്‌ കസേരയിലിരുത്തിയത്‌. ആദ്യ സീസണിൽ ലീഗിൽ മൂന്നാംസ്ഥാനത്തെത്തി. പിന്നാലെ ആറ്‌ വർഷങ്ങൾക്കുശേഷം ഒരു കിരീടവും ക്ലബ്ബിന്‌ സമ്മാനിച്ചു. ഇംഗ്ലീഷ്‌ ലീഗ്‌ കപ്പിലും എഫ്‌എ കപ്പിലും ചാമ്പ്യൻമാരാക്കി. എന്നാൽ, പ്രീമിയർ ലീഗിൽ മോശം പ്രകടനമായിരുന്നു. വർഷങ്ങൾക്കുശേഷം യുണൈറ്റഡിൽ തിരിച്ചെത്തിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അകൽച്ചയിലായി. വൈകാതെ മുന്നേറ്റക്കാരൻ ടീം വിടുകയും ചെയ്‌തു.

മൂന്ന്‌ വർഷത്തെ ചുമതലയിൽ പ്രമുഖരെ എത്തിച്ചിട്ടും പ്രകടനം മെച്ചപ്പെടുത്താനായില്ല. വമ്പൻ ടീമുകളോട്‌ തകർന്നടിഞ്ഞു. ആറായിരം കോടിയോളം രൂപയാണ്‌ ടെൻഹാഗിനായി താരകൈമാറ്റ ജാലകത്തിൽ യുണൈറ്റഡ്‌ ചെലവഴിച്ചത്‌. ഈ സീസണിലും പണം വാരിയെറിഞ്ഞു. പക്ഷേ, ചരിത്രത്തിലെതന്നെ മോശം തുടക്കമാണ്‌ ടീമിന്‌. വിഖ്യാത പരിശീലകൻ അലക്‌സ്‌ ഫെർഗൂസൻ 2013ൽ പടിയിറങ്ങിയശേഷം ആകെ എട്ടുപേരാണ്‌ യുണൈറ്റഡിന്റെ ചുമതല വഹിച്ചത്‌. 27 വർഷം ഫെർഗൂസനായിരുന്നു ക്ലബ്ബിന്റെ കോച്ച്‌. 128 കളിയിൽ യുണൈറ്റഡിനെ നയിച്ച ടെൻഹാഗ്‌ 70 ജയം നേടി. 35 തോൽവിയും 23 സമനിലയുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home