സ്‌പിൻ സുന്ദരം ; പുണെ പിച്ചിൽ ന്യൂസിലൻഡിനെ മെരുക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 10:52 PM | 0 min read


പുണെ
വാഷിങ്‌ടൺ സുന്ദർ പുണെ പിച്ചിൽ ന്യൂസിലൻഡിനെ മെരുക്കി. ഏഴ്‌ വിക്കറ്റുമായി കളിജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രകടനം പുറത്തെടുത്ത സ്‌പിൻ ബൗളർ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ കിവികളെ 259 റണ്ണിന്‌ കൂടാരം കയറ്റി. ശേഷിച്ച മൂന്ന്‌ വിക്കറ്റ്‌ മറ്റൊരു സ്‌പിന്നർ ആർ അശ്വിനും സ്വന്തമാക്കി. മറുപടിക്കെത്തിയ ഇന്ത്യക്ക്‌ 16 റണ്ണെടുക്കുന്നതിനിടെ ക്യാപ്‌റ്റൻ രോഹിത്‌ ശർമയുടെ വിക്കറ്റ്‌ നഷ്ടമായി.

സ്‌കോർ: ന്യൂസിലൻഡ്‌ 259; ഇന്ത്യ 16/1.

മൂന്ന്‌ ദിവസം മുമ്പുവരെ സുന്ദർ ടെസ്‌റ്റ്‌ ടീമിന്റെ  ഭാഗമല്ലായിരുന്നു. ബംഗളൂരുവിലെ കനത്ത തോൽവിക്കുശേഷം ടീമിലേക്ക്‌ വിളിക്കുകയായിരുന്നു. രഞ്‌ജി ട്രോഫിയിൽ ഡൽഹിക്കെതിരെ സെഞ്ചുറിയും ആറ്‌ വിക്കറ്റും നേടിയതാണ്‌ ഇന്ത്യൻ സംഘത്തിലേക്ക്‌ വഴിയൊരുക്കിയത്‌. പുണെ ടെസ്‌റ്റിൽ കുൽദീപ്‌ യാദവിനെയും മറ്റൊരു സ്‌പിന്നർ അക്‌സർ പട്ടേലിനെയും മറികടന്ന്‌ സുന്ദറിനെ കളിപ്പിച്ചപ്പോൾ സംശയമുയർന്നു. എന്നാൽ തമിഴ്‌നാട്ടുകാരൻ എല്ലാറ്റിനുമുള്ള മറുപടി പന്തുകൊണ്ട്‌ നൽകി.

ഇന്ത്യ രണ്ട്‌ മാറ്റങ്ങൾകൂടി വരുത്തിയിരുന്നു. മുഹമ്മദ്‌ സിറാജിന്‌ പകരം ആകാശ്‌ ദീപും കെ എൽ രാഹുലിന്‌ പകരം ശുഭ്‌മാൻ ഗില്ലുമെത്തി.
ടോസ്‌ നേടിയ ന്യൂസിലൻഡ്‌ ക്യാപ്റ്റൻ ടോം ലാതം ബാറ്റിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്‌ അനുകൂലമായിരുന്നു പിച്ച്‌. പേസർമാരെ പെട്ടെന്നുതന്നെ രോഹിത്‌ പിൻവലിച്ചു. സ്‌പിന്നർമാരെ ഇറക്കി. ആർ അശ്വിൻ ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ ലാതമിനെ (15) വിക്കറ്റിന്‌ മുന്നിൽ കുരുക്കി വിശ്വാസം കാത്തു. തുടർന്ന്‌ വിൽ യങ്ങിനെയും (18) മടക്കി. ഇതോടെ ടെസ്‌റ്റിൽ 532 വിക്കറ്റ്‌ തികച്ച അശ്വിൻ ഓസ്‌ട്രേലിയൻ സ്‌പിന്നർ നതാൻ ല്യോണിനെ മറികടന്നു. ടെസ്‌റ്റിലെ വിക്കറ്റ്‌ വേട്ടക്കാരിൽ ഏഴാമനായി. നിലവിൽ കളിക്കുന്നരിൽ ആരും മുന്നിലില്ല.

അശ്വിന്റെ ഇരട്ടപ്രഹരത്തിനിടയിലും ന്യൂസിലൻഡ്‌ റണ്ണുയർത്താൻ ശ്രമിച്ചു. ബംഗളൂരുവിലെ മിന്നുംതാരമായ രചിൻ രവീന്ദ്രയും ഡെവൺ കോൺവെയും അനായാസമായി ബാറ്റ്‌ വീശി. 76 റണ്ണെടുത്ത കോൺവെയെ ഉച്ചഭക്ഷണത്തിനുശേഷം അശ്വിൻതന്നെ മടക്കി. എന്നാൽ രചിൻ ഒരറ്റത്ത്‌ ഉറച്ചുനിന്നു. ഡാരിൽ മിച്ചെലായിരുന്നു കൂട്ട്‌.

ചായക്കു പിരിയുന്നതിന്‌ തൊട്ടുമുമ്പുള്ള രണ്ടോവറിലാണ്‌ കളിഗതി മാറിയത്‌. മൂന്നാം സ്‌പെൽ എറിയാനെത്തിയ സുന്ദർ മനോഹരമായ പന്തിൽ രചിന്റെ (65) വിക്കറ്റ്‌ പിഴുതു. രചിന്‌ പന്തിന്റെ ഗതി പോലും മനസിലായില്ല. നാലിന്‌ 197 എന്ന നിലയിലായിരുന്നു ആ ഘട്ടത്തിൽ സ്‌കോർ.അടുത്ത ഓവറിൽ ടോം ബ്ലൻഡലിന്റെയും (3) വിക്കറ്റ്‌ കടപുഴകി. ഇടവേള കഴിഞ്ഞ്‌ സുന്ദർ വേട്ട വീണ്ടും തുടങ്ങി. മിച്ചെലിനെ (18) വിക്കറ്റിന്‌ മുന്നിൽ കുരുക്കിയാണ്‌ തുടങ്ങിയത്‌. ഗ്ലെൻ ഫിലിപ്‌സ്‌ (9), ടിം സൗത്തി (5), അജാസ്‌ പട്ടേൽ (4) എന്നിവവർ കറങ്ങിത്തിരിഞ്ഞ പന്തിൽ ഗതിയറിയാതെ വീണു. കൂറ്റനടികളുമായി സ്‌കോർ ഉയർത്താൻ ശ്രമിച്ച മിച്ചെൽ സാന്റ്‌നറെ (33) ബൗൾഡാക്കി സുന്ദർ ഇന്നിങ്‌സ്‌ പൂർത്തിയാക്കി. കളിജീവിതത്തിലെ ആദ്യ അഞ്ച്‌ വിക്കറ്റ്‌ നേട്ടം. വീഴ്‌ത്തിയ ഏഴ്‌ വിക്കറ്റിൽ അഞ്ചും ബൗൾഡായിരുന്നു. കിവീസിന്റെ അവസാന ഏഴ്‌ വിക്കറ്റുകൾ വീണത്‌ 62 റണ്ണിനാണ്‌. 23.1 ഓവറിൽ 59 റൺ വഴങ്ങിയാണ്‌ സുന്ദറി ന്റെനേട്ടം. അശ്വിൻ 24 ഓവറിൽ 64 റൺ വിട്ടുകൊടുത്താണ്‌ മൂന്ന്‌ വിക്കറ്റെടുത്തത്‌.

മറുപടിക്കെത്തിയ ഇന്ത്യക്ക്‌ ആദ്യദിനം 11 ഓവർ മാത്രമാണ്‌ ബാറ്റ്‌ ചെയ്യാൻ അവസരമുണ്ടായത്‌. അതിനിടയിൽ രോഹിത്‌ (0) മടങ്ങി. ടിം സൗത്തിയുടെ തകർപ്പൻ പന്തിൽ കുറ്റിതെറിച്ചു. ഗില്ലും (10) യശസ്വി ജയ്‌സ്വാളും (6) ആണ്‌ കളത്തിൽ. ഒമ്പത്‌ വിക്കറ്റ്‌ കൈയിലിരിക്കെ 243 റൺ പിന്നിലാണ്‌ ഇന്ത്യ.



deshabhimani section

Related News

View More
0 comments
Sort by

Home