ലോകത്തിന്റെ സുസ്ഥിര ഭാവി യുഎഇ യുടെ ലക്ഷ്യം; പ്രസിഡന്റ്‌ അൽ നഹ്യാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 05:23 PM | 0 min read

ഷാർജ> അന്തർദേശീയ വികസനത്തിനും സമാധാനത്തിനും എതിരെയുള്ള ആഗോള വെല്ലുവിളികളെ അതിജീവിക്കാനുള്ള എല്ലാ അന്താരാഷ്ട്ര പ്രവർത്തനങ്ങളേയും യുഎഇ ശക്തമായി പിന്തുണയ്ക്കുന്നുവെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ്  ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് എക്സിലൂടെയാണ് യുഎ  യുടെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

കസാനിൽ നടക്കുന്ന 2024 ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഒക്ടോബർ 21നാണ് യുഎഇ പ്രസിഡന്റ്‌ റഷ്യൻ ഫെഡറേഷനിലേക്ക് യാത്ര തിരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉപയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും, വ്യാപാരം, നിക്ഷേപം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ റഷ്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള റഷ്യ- യുഎഇ ഉന്നത തല ചർച്ചകൾ സന്ദർശനത്തിന്റെ ഭാഗമായി നടന്നു.  പങ്കെടുക്കുന്ന ലോക നേതാക്കളുമായും പ്രതിനിധി സംഘത്തലവന്മാരുമായും യുഎഇ പ്രസിഡന്റ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ചകൾ നടത്തി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌ക്യാൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, സൗത്താഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലി എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ബ്രിക്‌സ് അംഗം എന്ന നിലയിൽ ബ്രിക്സ് ഉച്ചകോടിയിലെ യുഎഇയുടെ ആദ്യത്തെ പങ്കാളിത്തം കൂടിയാണ് ഇത്.

ബ്രിക്സ് ഉച്ചകോടിയുടെ പ്രതിനിധി സംഘത്തിൽ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്യാൻ, പ്രത്യേക കാര്യങ്ങൾക്കായുള്ള പ്രസിഡൻഷ്യൽ കോടതിയുടെ ഡെപ്യൂട്ടി ചെയർമാൻ ഷെയ്ക്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ്, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേകകാര്യ ഉപദേഷ്ടാവ് ഷെയ്‌ഖ്‌ മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ടിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home