റിയൽ റയൽ ; ചാമ്പ്യൻസ് ലീഗിൽ ഡോർട്ട്മുണ്ടിനെ 5–2ന് വീഴ്--ത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 10:49 PM | 0 min read


മാഡ്രിഡ്‌
വേദി സാന്റിയാഗോ ബെർണബ്യൂവാണെന്നും എതിരാളി റയൽ മാഡ്രിഡാണെന്നും ബൊറൂസിയ ഡോർട്ട്‌മുണ്ട്‌ മറന്നു. രണ്ട്‌ ഗോളിന്റെ ലീഡിൽ മതിമറന്ന ജർമൻകാരെ രണ്ടാംപകുതിയിൽ അഞ്ചെണ്ണമടിച്ച്‌ റയൽ തുരത്തി (5–-2). ഹാട്രിക്കുമായി വിനീഷ്യസ്‌ ജൂനിയർ പടനയിച്ചു. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ മുൻകാലങ്ങളിലെ അമ്പരപ്പിക്കുന്ന തിരിച്ചുവരവുകൾ ഡോർട്ട്‌മുണ്ടിനെയും റയൽ ഓർമിപ്പിച്ചു.

കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവർത്തനമായിരുന്നു റയൽ–-ഡോർട്ട്‌മുണ്ട്‌ പോരാട്ടം. സ്വന്തം തട്ടകത്തിൽ 34 മിനിറ്റിനുള്ളിൽ രണ്ട്‌ ഗോൾ വഴങ്ങി റയൽ. ഡൊണിയെൽ മലെനും ജാമി ഗിറ്റെൻസും അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ചാമ്പ്യൻസ്‌ ലീഗിൽ അവസാന 14 കളിയിലും സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ തോറ്റിട്ടില്ല റയൽ. കോട്ട നിലംപൊത്തുമെന്ന്‌ ഉറപ്പിച്ച്‌ ഡോർട്ട്‌മുണ്ടുകാർ ഇടവേളയ്‌ക്ക്‌ പിരിഞ്ഞു. രണ്ടാംപകുതിയിൽ റയലിന്‌ മറ്റൊരു മുഖമായിരുന്നു. ആദ്യപാതിയിലെ പിഴവുകൾ മറന്നു. അലസതയിൽനിന്നുണർന്ന്‌ ഗോൾ വെടിക്കെട്ടിന്‌ തിരികൊളുത്തി. പ്രതിരോധക്കാരൻ അന്റോണിയോ റൂഡിഗർ 60–-ാംമിനിറ്റിൽ ആദ്യഗോൾ നേടി. രണ്ടു മിനിറ്റിനുള്ളിൽ വിനീഷ്യസ്‌ സമനില പിടിച്ചു. ക്യാപ്‌റ്റൻ ലൂകാസ്‌ വാസ്‌ക്വസായിരുന്നു റയലിനെ മുന്നിലെത്തിച്ചത്‌.

മത്സരത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിനാണ്‌ പിന്നീട്‌ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്‌. 86–-ാംമിനിറ്റിൽ റയൽ ഗോൾമുഖത്തുനിന്ന്‌ വിനീഷ്യസ്‌ പന്തുമായി മുന്നേറി. ഇടതുവശത്തുനിന്നുമുള്ള ഒറ്റയാൻ കുതിപ്പ്‌ തടയാൻ ഡോർട്ട്‌മുണ്ടിനായില്ല. വേഗത്തിനുമുന്നിൽ അവർ തോറ്റുപോയി. ബോക്‌സിന്‌ മധ്യത്തിലേക്ക്‌ കയറിയ ബ്രസീലുകാരൻ വലംകാലടി തൊടുത്തു. അഞ്ച്‌ ഡോർട്ട്‌മുണ്ട്‌ താരങ്ങളെ പിന്തള്ളിയാണ്‌ ഇരുപത്തിനാലുകാരൻ വലയിൽ പന്തെത്തിച്ചത്‌. തൊട്ടുപിന്നാലെ കുപ്പായമൂരി ആഘോഷം, ഇത്‌ റയലിന്റെ തട്ടകമാണെന്ന്‌ ആംഗ്യവും കാട്ടി. പരിക്കുസമയം മറ്റൊരു മിന്നും ഗോളിൽ ഹാട്രിക്കും റയലിന്റെ ജയവും ഉറപ്പിച്ചു വിനീഷ്യസ്‌.

മറ്റു മത്സരങ്ങളിൽ അഴ്‌സണൽ ഷാക്‌തെർ ഡോണെസ്‌തകിനെ ഒറ്റ ഗോളിന്‌ വീഴ്‌ത്തി. പിഎസ്‌ജി 1–-1ന്‌ പിഎസ്‌വി ഐന്തോവനുമായി പിരിഞ്ഞു.
യുവന്റസ്‌ ഒരു ഗോളിന്‌ സ്റ്റുട്ട്‌ഗർട്ടിനോട്‌ തോറ്റു. ഇന്റർ മിലാൻ ക്ലബ്‌ ബ്രുജിനെ 3–-1ന്‌ കീഴടക്കി.



deshabhimani section

Related News

View More
0 comments
Sort by

Home