കൈയടിക്കാം, ഈ കേരള മോഡലിന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 12:22 AM | 0 min read


കൊച്ചി
സൂപ്പർലീഗ്‌ കേരള ഫുട്‌ബോളിൽ സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി കലിക്കറ്റ്‌ എഫ്‌സി. ഒറ്റ കളിയും തോൽക്കാതെയുള്ള കുതിപ്പിനുപിറകിൽ ഇയാൻ ഗില്ലനെന്ന പരിശീലകനാണ്‌. സ്‌കോട്‌ലൻഡിൽ ജനിച്ച്‌ ഓസ്‌ട്രേലിയയിൽ വളർന്ന അമ്പത്തൊമ്പതുകാരന്‌ രണ്ടരപ്പതിറ്റാണ്ടിന്റെ പരിശീലകപരിചയമുണ്ട്‌. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഇന്തോനേഷ്യയിലും മലേഷ്യയിലുമെല്ലാം ടീമിനെ ഒരുക്കി. പ്രഥമ സൂപ്പർ ലീഗിൽ കലിക്കറ്റിനെ അജയ്യസംഘമാക്കി മാറ്റിയ ഇയാൻ മനസ്സ്‌ തുറക്കുന്നു.

പകർത്താം, ഈ മാതൃക
സൂപ്പർലീഗ്‌ കേരള ഗംഭീരസംരംഭമാണ്‌. ഈ കേരള മോഡലിനെ മറ്റ്‌ സംസ്ഥാനങ്ങളും മാതൃകയാക്കിയാൽ ഭാവിയിൽ ഇന്ത്യ ലോക ഫുട്‌ബോളിലെ കരുത്തുറ്റ സംഘമായി മാറും. അണ്ടർ 23 കളിക്കാരെ ഉൾപ്പെടുത്തുന്നതും നാല്‌ വിദേശകളിക്കാരെമാത്രം കളിപ്പിക്കുന്നതും ഇന്ത്യൻ ഫുട്‌ബോളിന്‌ ഗുണം ചെയ്യും. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്‌. ഇത്തരം പ്രൊഫഷണൽ ലീഗുകളാണ്‌ അതിനുള്ള വഴി.

കലിക്കറ്റും കേരളയും
ഐഎസ്‌എൽ കളിക്കുന്ന ഓസ്‌ട്രേലിയൻ താരങ്ങൾ പറഞ്ഞാണ്‌ ഇന്ത്യയിലേക്കും കേരളത്തിലേക്കും വരാമെന്ന്‌ ഉറപ്പിച്ചത്‌. ഇവിടത്തെ ഫുട്‌ബോൾ ആവേശം മഹത്തരമാണ്‌. ചുരുങ്ങിയ കാലംകൊണ്ട്‌ കോഴിക്കോട്‌ എന്റെ പ്രിയപ്പെട്ട ഇടമായി മാറി. വരും സീസണുകളിൽ കൂടുതൽ കാണികൾ കളി കാണാൻ സ്‌റ്റേഡിയത്തിൽ എത്തുമെന്നാണ്‌ പ്രതീക്ഷ.

ലക്ഷ്യത്തിലേക്ക്‌ നാലു കളി
ചാമ്പ്യൻമാരാവുക എന്നതാണ്‌ ലക്ഷ്യം. എന്നാൽ, ഫുട്‌ബോളിൽ എന്തും സംഭവിക്കാം. ഗ്രൂപ്പുഘട്ടത്തിൽ രണ്ടു കളി ബാക്കിയുണ്ട്‌. പിന്നെ സെമിയും. അതും ജയിച്ച്‌ ഫൈനലിൽ കടന്ന്‌ കപ്പടിക്കാനാണ്‌ ശ്രമം. സമ്മർദമില്ല. ലോകത്തിലെ ഏറ്റവും മികച്ച ജോലി ഫുട്‌ബോളിന്റെ ഭാഗമായി പ്രവർത്തിക്കുക എന്നതാണ്‌. അവിടെ സമ്മർദമല്ല, ആവേശംമാത്രമാണ്‌ ഉണ്ടാവുക.

ഇന്ത്യൻ ഫുട്‌ബോൾ
മുകളിൽ സൂചിപ്പിച്ചപോലെ അടിസ്ഥാനസൗകര്യങ്ങൾ വികസിക്കേണ്ടതുണ്ട്‌. ജനസംഖ്യയിൽ മുന്നിലുള്ള രാജ്യത്ത്‌ കളിക്കാരുടെ കുറവല്ല, സൗകര്യങ്ങളുടെ കുറവാണ്‌ തടസ്സമാകുന്നത്‌. മാറ്റം വേണ്ടത് അടിത്തട്ടിലാണ്. നല്ല അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണം. ഐ ലീഗിൽ ഇത്തവണ ഇന്ത്യയുടെ അണ്ടർ 20 ടീം കളിക്കുമെന്ന്‌ അറിയുന്നു. ഇത്‌ ശരിയായ ദിശയാണ്‌. ഇന്ത്യക്ക്‌ ഭാവിയുണ്ട്‌. തീർച്ച.



deshabhimani section

Related News

View More
0 comments
Sort by

Home