സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ: കേരളത്തിന്‌ 
ആദ്യം റെയിൽവേസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 12:27 AM | 0 min read

കൊച്ചി> സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ കേരളത്തിന്റെ ആദ്യ എതിരാളി മുൻ ചാമ്പ്യൻമാരായ റെയിൽവേസ്. നവംബർ 20ന് കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ് കളി. സമയം പിന്നീട് പ്രഖ്യാപിക്കും. ഗ്രൂപ്പ്‌ എച്ചിൽ 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായാണ് മറ്റു മത്സരങ്ങൾ. ആകെ ആറു കളികളാണ്‌ കോഴിക്കോട്ട്‌ നടക്കുക. ഒരുദിവസം രണ്ടു കളിയുണ്ട്. ഗ്രൂപ്പ്‌ ജേതാക്കൾ ഡിസംബറിൽ ഹൈദരാബാദിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. 12 ടീമുകളാണ്‌ അന്തിമറൗണ്ടിൽ.

കേരള ടീമിന്റെ പരിശീലന ക്യാമ്പ്‌ തുടങ്ങി. 30 അംഗ ടീം ഇന്നലെ വൈകിട്ട് റിപ്പോർട്ട്‌ ചെയ്തു. ഇന്നുമുതൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ രാവിലെയും വൈകിട്ടുമാണ്‌ പരിശീലനം. സൂപ്പർലീഗ് കേരളയിൽ കലിക്കറ്റ്‌ എഫ്സിയുടെ മത്സരം കൊച്ചിയിലുള്ളതിനാൽ മുഖ്യപരിശീലകൻ ബിബി തോമസ് രണ്ടുദിവസം കഴിഞ്ഞാണ് കേരള ക്യാമ്പിൽ ചേരുക. കലിക്കറ്റിന്റെ സഹപരിശീലകൻകൂടിയാണ് തൃശൂരുകാരൻ. ബിബിയുടെ അഭാവത്തിൽ അസിസ്റ്റന്റ് കോച്ച് ഹാരിസ് ബെന്നി ക്യാമ്പിന് നേതൃത്വം നൽകും. എം വി നെൽസൺ ഗോൾകീപ്പർ കോച്ചുമാണ്‌.

സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽനിന്ന്‌ തെരഞ്ഞെടുത്തവരും കേരള പൊലീസിൽനിന്നുള്ള താരങ്ങളുമാണ്‌ ആദ്യഘട്ട ക്യാമ്പിൽ. നവംബർ പത്തിന്‌ സൂപ്പർലീഗ്‌ കേരള ഫൈനൽ കഴിഞ്ഞാൽ ലീഗിൽനിന്നുള്ള പ്രധാന താരങ്ങൾ ക്യാമ്പിലെത്തും.സൂപ്പർലീഗിൽ തിളങ്ങിയ പ്രധാന കളിക്കാരെല്ലാം കേരള ടീമിലുണ്ടാകും. നവംബർ 18നുള്ളിൽ അന്തിമ ടീമിനെ പ്രഖ്യാപിക്കും.

യോഗ്യതാ റൗണ്ട് മത്സരങ്ങൾ


ഗ്രൂപ്പ്‌ എച്ച് : കേരളം, റെയിൽവേസ്, 
പുതുച്ചേരി, ലക്ഷദ്വീപ്.

നവംബർ 20-
പുതുച്ചേരി x ലക്ഷദ്വീപ്
കേരളം x റെയിൽവേസ്

നവംബർ 22-
റെയിൽവേസ് x പുതുച്ചേരി
കേരളം x ലക്ഷദ്വീപ്

നവംബർ 24-
ലക്ഷദ്വീപ് x റെയിൽവേസ്
കേരളം x പുതുച്ചേരി.



deshabhimani section

Related News

View More
0 comments
Sort by

Home