ബംഗളൂരുവിൽ മഴപ്പേടി ; ഇന്ത്യ x ന്യൂസിലൻഡ്‌ ഒന്നാംടെസ്‌റ്റ്‌ ഇന്നുമുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 12:15 AM | 0 min read


ബംഗളൂരു
ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ലക്ഷ്യമാക്കി കുതിക്കുന്ന ഇന്ത്യൻ ടീം ഇന്നുമുതൽ ന്യൂസിലൻഡുമായുള്ള പോരിന്‌. ആദ്യ ടെസ്‌റ്റിന്‌ ഇന്ന്‌ ബംഗളൂരുവിലാണ്‌ തുടക്കം. ബംഗ്ലാദേശിനെ തകർത്തെറിഞ്ഞെത്തുന്ന രോഹിത്‌ ശർമയ്‌ക്കും കൂട്ടർക്കും മഴയുടെ വെല്ലുവിളിയാണ്‌ ആശങ്ക. ബംഗളൂരുവിൽ കനത്ത മഴയാണ്‌. ടെസ്‌റ്റിനെ കാര്യമായി ബാധിക്കുമെന്നാണ്‌ വിലയിരുത്തൽ. മൂന്ന്‌ മത്സരമാണ്‌ പരമ്പരയിൽ.

ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ ഫൈനൽ ഉറപ്പിക്കാൻ 10 മത്സരങ്ങളിൽ ഏഴ്‌ ജയമെന്ന ലക്ഷ്യവുമായാണ്‌ ഇന്ത്യ സീസൺ ആരംഭിച്ചത്‌. ബംഗ്ലാദേശിനെതിരെ പരമ്പര നേടിയതോടെ തുടർന്നുള്ള എട്ട്‌ കളിയിൽ അഞ്ച്‌ ജയമായി ലക്ഷ്യം. എട്ട്‌ ടെസ്‌റ്റിൽ അഞ്ചെണ്ണം ഓസ്‌ട്രേലിയയിലാണ്‌. ഈ സാഹചര്യത്തിൽ ന്യൂസിലൻഡിനെതിരെ സമ്പൂർണജയം പിടിച്ച്‌ കാര്യങ്ങൾ എളുപ്പമാക്കാനാണ്‌ രോഹിതും കൂട്ടരും ശ്രമിക്കുന്നത്‌.

ബംഗ്ലാദേശുമായുള്ള രണ്ടാംടെസ്‌റ്റിനെയും മഴ ബാധിച്ചിരുന്നു. എന്നാൽ, കാൺപുരിൽ അസാമാന്യ ബാറ്റിങ്‌ മികവിലൂടെ രണ്ട്‌ ദിനംകൊണ്ട്‌ ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു. ബംഗളൂരുവിലും സമാന സാഹചര്യമാണ്‌ നിലനിൽക്കുന്നത്‌. ഇന്ത്യൻ ടീമിന്റെ ഒരുക്കത്തെ മഴ കാര്യമായി ബാധിച്ചു. മറുവശത്ത്‌ കിവീസിന്റെ ഫൈനൽ പ്രതീക്ഷ മങ്ങലിലാണ്‌.

പേസ്‌ കരുത്തിലാണ്‌ ഇന്ത്യയുടെ കുതിപ്പ്‌. മുഹമ്മദ്‌ ഷമിയുടെ അഭാവത്തിലും കരുത്ത്‌ ചോരുന്നില്ല. ജസ്‌പ്രീത്‌ ബുമ്ര, മുഹമ്മദ്‌ സിറാജ്‌, ആകാശ്‌ ദീപ്‌ എന്നീ പേസ്‌ ത്രയം ന്യൂസിലൻഡിനെതിരെയും മിന്നുമെന്നാണ്‌ പ്രതീക്ഷ. സ്‌പിൻ സഖ്യമായ ആർ അശ്വിനും രവീന്ദ്ര ജഡേജയും കിവികൾക്ക്‌ വലിയ വെല്ലുവിളി ഉയർത്തും.
ന്യൂസിലൻഡ്‌ നിരയിൽ മുൻ ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസൺ ഇന്ന്‌ കളിക്കില്ല. ഓപ്പണർ ടോം ലാതമാണ്‌ കിവികളുടെ ക്യാപ്‌റ്റൻ.

ഇന്ത്യൻ ടീം: രോഹിത്‌ ശർമ, യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ/സർഫറാസ്‌ ഖാൻ, വിരാട്‌ കോഹ്‌ലി, ഋഷഭ്‌ പന്ത്‌, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ആകാശ്‌ ദീപ്‌/കുൽദീപ്‌ യാദവ്‌, ജസ്‌പ്രീത്‌ ബുമ്ര, മുഹമ്മദ്‌ സിറാജ്‌.

ന്യൂസിലൻഡ്‌ ടീം: ഡെവൺ കോൺവെ, ടോം ലാതം, വിൽ യങ്‌, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചെൽ, ടോം ബ്ലൻഡൽ, ഗ്ലെൻ ഫിലിപ്‌സ്‌, മിച്ചെൽ സാന്റ്‌നെർ/ മിച്ചെൽ ബ്രേസ്‌വേൽ, ടിം സൗത്തി, അജാസ്‌ പട്ടേൽ, വിൽ ഒ റൂർക്കി.

മുഖാമുഖം 62 കളി
ഇന്ത്യൻ ജയം 22
ന്യൂസിലൻഡ്‌ 13
സമനില 27.



deshabhimani section

Related News

View More
0 comments
Sort by

Home